"ചന്ദ്രികേച്ചി മരിച്ചു.. നീയറിഞ്ഞോ?"
"മ്മടെ, തെക്കെല്‍ത്യോ?"
"ആ.. വൈകീട്ട് തന്നെ പരിപാടി നടത്തി. മഴയല്ലേ, കാത്തു വെയ്ക്കാനായിട്ടു പിന്നെ അകലേന്നു ആരും വരാനില്ലല്ലോ."
മുന്‍പ് താമസിച്ചിരുന്ന വീടിന്റെ തെക്കേതിലെ വീട്ടിലായിരുന്നു ചന്ദ്രികേച്ചി കുടുംബസഹിതം താമസിച്ചിരുന്നത്.
എനിക്ക് വലിയമ്മേ എന്ന് വിളിക്കാന്‍ പ്രായമുണ്ടെങ്കിലും എന്‍റെ അമ്മ വിളിക്കുന്നതുപോലെ, ഞാനും 'ചന്ദ്രികെച്യേ...' എന്ന് തന്നെ വിളിച്ചു പോന്നു.
ചെറുപ്പത്തിലെ തന്നെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിട്ടും ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കാതെ വേനല്‍ക്കാലത്ത് ഓലമെടഞ്ഞു വിറ്റും രണ്ടു പൂവ് കൃഷി ചെയ്യുന്ന പാടത്ത് ഞാറു നടല്‍ മുതല്‍ കൊയ്തും മെതിയും പൊലിയലവുമെല്ലാമായി പണം സ്വരൂപിച്ചും മക്കളെ കഴിവ് പോലെ പഠിപ്പിച്ചു. പെണ്മക്കളെ മോശമല്ലാത്ത രീതിയില്‍ കെട്ടിച്ചയച്ചു...
ഏതു വിഷമ ഘട്ടങ്ങളിലും മനസ്സ് തുറന്നു പെരുമാറാനുള്ള കഴിവാണ് മറ്റുള്ളവരില്‍നിന്നും അവരെ മാറ്റി നിരുത്തിയിരുന്നത്.
എന്തിലും നന്മ കണ്ടെത്താനും കരച്ചില് വരുമ്പോള്‍ നെഞ്ഞത്തടിച്ചു കരയാനും, സന്തോഷം പൊട്ടിച്ചിരിച്ചു തന്നെ ആഘോഷിക്കാനും അവര്‍ക്കറിയാമായിരുന്നു.
പണിയെടുക്കുന്ന സമയത്ത് നല്ല ഈണത്തില്‍ നാടന്‍ പാട്ടുകള്‍ പാടിയിരുന്ന.. കപ്പ പുഴുങ്ങിയതും നല്ല ഒന്നാംതരം മുളക് ചമ്മന്തിയും ഉണ്ടാക്കിയിരുന്ന.. കാണുമ്പോളെല്ലാം കുശലം ചോദിച്ചിരുന്ന..
നിഷ്കളങ്കമായി സംസാരിച്ചു പ്രസന്നതയുടെ പ്രഭാപൂരം ചുറ്റും പടര്‍ത്തിയിരുന്ന ചന്ദ്രികേച്ചി.
ഒരിക്കല്‍ ഞങ്ങള്‍ പിള്ളേര്‍ സെറ്റിനു ചേച്ചി ഒരു ഉപദേശം തന്നു..
"ഡാ മക്കളെ, നിങ്ങളീ സെക്കണ്ട് ഷോക്കൊന്നും പോയി രാത്രി തെണ്ടി തിരിഞ്ഞു റോഡിലൂടെ നടക്കണ്ടാട്ടാ..
വല്ല തമിഴന്മാരും പിടിച്ചു കൊണ്ടോയി കിഡ്നി എടുത്താലോ..
പകലായാലും സൂക്ഷിക്കണം..
പെണ്ണുങ്ങള്‍ക്ക് പിന്നെ ആ കാര്യത്തില്‍ മാത്രം പേടി വേണ്ട..."
"അതെന്താ ചന്ദ്രികെച്യെ..?"
"ഡാ.. പൊട്ടാ.. പെണ്ണുങ്ങള്‍ക്ക് കിഡ്നി ഇല്ലല്ലോ.."
അതായിരുന്നു ചന്ദ്രികേച്ചി!!
'നീ ഈ ചിരിയൊന്നു നിരുത്തോ ' എന്ന് പ്രായമായ ആരെങ്കിലും ചോദിച്ചാല്‍,
'ഇനിക്ക് പറ്റില്ല്യ, ചാവുംപോളും ഞാന്‍ ചിരിച്ചു തന്ന്യാ കിടക്കാ' എന്നാ ചന്ദ്രികേച്ചി പറയാറ്!
മരിച്ചു കിടക്കുന്ന ചന്ദ്രികേച്ചിയുടെ മുഖം ഓര്‍മ്മ വന്നപ്പോള്‍ വിഷമമല്ല, എനിക്ക് ചിരിയാണ് വന്നത്.
അവര് ചിരിച്ചു തന്നെയായിരുന്നിരിക്കണം കിടന്നിരുന്നത്.. എനിക്കുറപ്പാ.
4 comments:
നല്ല എഴുത്ത്.. ഇനിയും പോരട്ടേ!! :)
gadee periloru mattando,nee koode irikkana pole.
kollam good one ....
Post a Comment