Powered By Blogger

Monday, July 18, 2011

സാജന്റെ അവതാരങ്ങള്‍

സ്കൂളിലെ സാഹിത്യസമാജം മീറ്റിങ്ങോളില്   അഡാറ് പെട സാധങ്ങളാര്‍ന്നു, സാജന്റെ പാട്ടോള്!. 
ഞങ്ങടെ ക്ലാസില്  മാത്രല്ല, സ്കൂളില്‍ ആകെ മൊത്തം ഫാന്‍സ്‌ള്ള ഒരു കിടിലന്‍ പാട്ടുകാരനായിരുന്നു ദവന്‍! ഇത് കെള്‍ക്കുമ്പോ തോന്നും ചങ്ങായി  ഒരു കലാപ്രതിഭയാണെന്ന്.. അല്ല. ഒരു മത്സരത്തിലും സാജന് ഗപ്പ്  കിട്ടിയിട്ടില്ല. കാരണം  ഗെഡി  പാടണതെല്ലാം ഹിന്ദി പാട്ടോള്  മാത്രാ.. ദദിന് മത്സരില്ല്യാലോ! എന്നാലും യുവജനോത്സവത്തിനു മൈക്കിനു മുന്‍പില്‍ നിന്ന് "ലെലാമു ലെലാ.." തുടങ്ങിയ  പാട്ടൊക്കെ പാടി, സമ്മാനം കിട്ടീല്ലെങ്കിലും കയ്യടി മേടിച്ചിട്ടെ ചുള്ളന്‍ സ്കൂട്ടാവൂ..  വര്‍ത്താനം പറയുമ്പോ ചെറിയൊരു വിക്കും വായ തുറന്നാല്‍ വെള്ളീം വെളംമ്പണ മച്ചു എങ്ങിന്യാ ഹിന്ദി പാട്ട് പാടണേന്നു അന്ന് അന്തം വിട്ടണ്ട്. അവന്റെ അപ്പന്റെ ചായക്കട തുറക്കുമ്പോ ഓണാവേം  അടയ്ക്കുമ്പോ ഓഫാവെം ചെയ്യണ മർഫീടെ റേഡിയോ ആയിരുന്നു സാജന്റെ പാട്ടുകളുടെ എന്‍സൈക്ലോപീഡിയ. ട്യൂണ് മാത്രമേ ഉള്ളൂ, വാക്കുകളൊക്കെ അവനു തോന്നിയത്  പെടയ്ക്കാണെന്ന് പിന്ന്യാ മനസ്സിലായത്‌. എന്നാലും ജനപ്രിയ നായകന്‍ എന്നൊക്കെ പറേണ പോലെ, ജനപ്രിയ ഗായകന്‍ ആയി, ഞങ്ങളെ അസൂയാലുക്കലാക്കി ലവന്‍  വിരാജിച്ചു പോന്നു. 

എട്ടില് വച്ചു  ഒരുച്ചയ്ക്ക് ക്ലാസ്സിലിരുന്നു പാടുമ്പോ സാജന് അവന്റെ കരിയറിലെ ആദ്യത്തെ അത്യാഹിതം സംഭവിച്ചു. "യെ ദോസ്തീ .. ഹാം നഹീ ...." എന്ന പാട്ട് മൂന്നു വട്ടം പാട്യേനു ശേഷം ഒരു പുതിയ പാട്ട് പൂശാന്‍ പോവാന്നുള്ള ആമുഖത്തോടെ, "ഓ സാത്തീ രേ.. തെരെ ബിനാഭി ക്യാ ജീനാ.." എന്ന പാട്ട് പാടുകയും ഞങ്ങള്‍ ഡസ്ക്, ചോറുമ്പാത്രം തുടങ്ങിയ വാദ്യോപകരണങ്ങളാല്‍ അതിനെ കൊഴുപ്പിചോണ്ടിരിക്ക്യേം ചെയ്യുമ്പോള്‍ പെമ്പിള്ളെരുടെ ഭാഗത്തൂന്ന് ആദ്യമൊരു കുശുകുശുപ്പും പിന്നൊരു തേങ്ങലും അവസാനം ഒരു കരച്ചിലും ഉയര്‍ന്നു. കരഞ്ഞോണ്ട് ക്ലാസ്സീന്നു സ്റ്റാഫ്ഫ്രൂമിലെയ്ക്ക് പോയ പഠിപ്പിസ്റ്റും, ജാടക്കാരിയും സര്‍വ്വോപരി വല്സലട്ടീച്ചരുടെ മോളുമായ ജീന തിരികെ വന്നത് ഒരു സംഘം മാഷംമാര്ടെം ടീച്ചര്മാര്ടെം അകമ്പടിയോടെ ആണ്. 'എന്തൂട്ടാ ഇപ്പന്നെ ഇവടിണ്ടായെ'ന്നു അന്തം വിട്ടിരുന്ന ഞങ്ങള്‍ക്ക്  ഓരോന്ന് വീതവും ജീനയെ കളിയാക്കി പാട്ട് പാടിയതിന് സാജന് കൈ നിറയെ പോരാഞ്ഞു ചന്തീലും കിട്ടി! തീര്‍ന്നില്ല, ആ പിപ്പിരിമുടിക്കാരീടെ മുമ്പില് അവനു മാപ്പും പറയേണ്ടി വന്നു. ജീനേടെ കരച്ചിലും ഹിന്ദി പാട്ടിനെ കുറിച്ച് ഗുരുക്കന്മാരുടെ അവബോധവും  കാരണം അന്നത്തോടെ സാജന്‍ പാട്ട് നിര്‍ത്തി!

പിന്നെ, കുറച്ചു കൊല്ലങ്ങള്‍ക്ക് ശേഷം ഒരു കൊല്ലം പെരുന്നാളിന്, തരംഗിണി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ മുന്നിലെ ചെറിയ സ്റ്റേജില്‍ അഞ്ചാറാള്‍ക്ക് കേറാവുന്ന ബാഗീസും ബ്രൌണ്‍ ഡൈ ചെയ്ത മുടിയും കയ്യില്‍ ഗ്ലൌസും ഒക്കെയായി ബ്രേക്ക് ഡാന്‍സര്‍ സാജന്‍ പ്രത്യക്ഷപ്പെട്ടു. പത്തിരുപതു കൊല്ലം മുന്‍പ്, ടിവി എന്ന  ആധുനികതകത പോലും കുറവായിരുന്ന  ഞങ്ങളുടെ നാട്ടില്‍ സാജന്‍ വീണ്ടു ഹാള്‍ ഓഫ് ഫയിം ആയി. കാവടിയാട്ടമായാലും അമ്പുപെരുന്നാളായാലും ലവന്റെ ഡാന്‍സ് നിര്‍ബന്ധിത ഐറ്റം ആയി. പെര്‍ഫോര്‍മന്‍സ് കണ്ടു അവനു രണ്ടു മൂന്നു ലൈന്‍ വീണു. ഞങ്ങള്‍ വീണ്ടും അസൂയാലുക്കളായി. അയല്നാട്ടിലെ പൂരത്തിന് സുഹൃത്തുക്കളുടെ ക്ഷണപ്രകാരം പോയ സാജന്റെ ഷൈനിങ്ങില്‍  അസൂയ മൂത്ത അവിടത്തെ ഡാക്കള്‍ കലിപ്പെറക്കുകയും ടീംസ് ആയി മുട്ടുകയും അവസാനം സ്റ്റേ ഷനില്‍ കോപ്രമൈസിന് ചെന്നപ്പോ "ഇനി മേലാല്‍ നിന്നെ ഈ കോലത്തില് എവിടയെങ്കിലും കണ്ടാ.. --മോനെ, അന്ന് നിന്റെ അവസാനാ" എന്ന് എസ്സൈ പറയുകയും ചെയ്തതോടെ സാജന്‍ മുടി വെട്ടി, ബാഗിസ് പാന്റു മാറ്റി.. അങ്ങിനെ, രണ്ടാമംഗത്തിനും  തിരശീല വീണു.  

ഗെഡികള്‍ ഓരോരുത്തരായി കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങുകയും അതിന്റെ ഭാഗമായി പള്ളീം പട്ടക്കാരനും ഒക്കെയായി ഡീസന്റാനെന്നു വരുതിതീര്‍ക്കാന്‍  പെടാപ്പാട് പാടുകയും ചെയ്യുമ്പോളാണ് സാജന്റെ മൂന്നാം അവതാരം. പള്ളിയിലെ ചടങ്ങുകളിലെ അനൌന്‍സ്മെന്റ്, ബൈബിള്‍  വായന, കുരിശിന്റെ വഴി, ആരാധന തുടങ്ങി മൈക്ക് കിട്ടാന്‍ സാധ്യതയുള്ള എല്ലാ മേഖലകളും ക്രമേണ ചുള്ളന്‍ ആക്രമിച്ചു കീഴ്പ്പെടുത്തി. "മ്മടെ ജോസേട്ടന്റെ മോന്‍ സാജന്‍, അങ്ങനെ വേണം ചെറുപ്പക്കാരായാല്. ആ ഭക്തീം, വിനയോം കണ്ടാ.."എന്ന് കാര്ന്നമ്മാരെക്കൊണ്ടും "ഡാ തെണ്ടീ, ബാക്കിയുള്ളോനു പാര  പണിതു സുഖിക്ക്യാലെ " എന്ന് ഞങ്ങളെക്കൊണ്ടും അവന്‍ പറയിച്ചു. "ഡാ.. നീയിനി കുശിനി പണീം കൂടി തോടങ്ങീക്കോ, അപ്പൊ കെടപ്പും അവടന്ന്യാക്കാലോ.." തുടങ്ങിയ കമന്റുകളൊക്കെ   ഗെഡി മൈന്‍ഡ് ചെയ്തില്ല. ഞങ്ങള്‍ പതുക്കെ പിന്‍ വലിഞ്ഞു. അക്കൊല്ലം നൊയമ്പിനു ഞങ്ങള്‍ ചാറിനു മാത്രം നോയംബെടുത്തു ഇറച്ചി തിന്നുമ്പോ സാജന്‍ ശരിക്കും നൊയമ്പെടുത്തു പച്ചക്കറി മാത്രം കഴിച്ചു, താടീം മുടീം വളര്‍ത്തി, നടന്നു മലയാറ്റൂര്‍ക്ക് പോയി. വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങളില്‍ ബാസ് നിറഞ്ഞ അവന്റെ ശബ്ദം മുഴങ്ങി. ഞങ്ങള്‍ മുഖത്തോട്‌ മുഖം നോക്കി 'കൊള്ളാട്ടാ'..ന്നു പറഞ്ഞു. ദു:ഖവേള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞു കുരിശിന്റെ വഴിയില്‍ സാജന്റെ   ഘനഗംഭീരവും ദു:ഖം നിറഞ്ഞതുമായ ശബ്ദ വിസ്മയത്തില്‍ ആയിരങ്ങള്‍ 'നഗരികാണിക്കല്‍ ' എന്ന ചടങ്ങില്‍ നിരനിരയായി നീങ്ങി. 'യേശു ചുറ്റും നോക്കി.. തനിക്കൊശാന പാടിയവര്‍ ആരുമില്ല..' സാജന്‍ തകര്‍ക്കുന്നു. ഇടയില്‍ 'പരിക്ഷീണിതമായ ശരീരം, തലയില്‍ മുള്‍മുടി.....  രക്തമണിഞ്ഞ  കാല്‍പ്പാടുകള്‍'  എന്നതിന് പകരം 'രതനമണിഞ്ഞ' എന്നൊരു 'വെള്ളി' വീണോ എന്ന സംശയത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി നെറ്റി ചുളിച്ചു. വീണ്ടും ഒരു വെള്ളി കൂടി കിട്ടാന്‍ കാതു കൂര്‍പ്പിച്ചു. കുറച്ചു നേരത്തിനു ശേഷം പട്ടണത്തെ മുഴുവന്‍ ത്രസിപ്പിക്കുന്ന ശബ്ദത്തില്‍, അതി ഗംഭീരമായി..  ഞങ്ങള്‍ കാത്തിരുന്നത് വന്നു! "എഴാം സ്ഥലം..  ഭക്തയായ വെറോനിക്ക കര്‍ത്താവീശോമിശിഹായുടെ തുറമുഖം തുടയ്ക്കുന്നു.." തിരുമുഖം തുറമുഖം ആയതു ഏറ്റുവാങ്ങി, ദുഖവെള്ളിയാഴ്ചയിലെ ദുഃഖം അഭിനയിക്കുന്നത് മറന്നു സർവ്വരും ചിരി കടിച്ചമര്‍ത്തി. കുരിശിന്റെ വഴി തീര്‍ന്നു.. ഒപ്പം സാജന്റെ മൂന്നാം അവതാരവും!!

വര്ഷങ്ങള്ക്കു ശേഷം, കഴിഞ്ഞ ആഴ്ച, പാരന്റ്സ്‌ മീറ്റിങ്ങിനു ചെന്നപ്പോള്‍ വേദിയില്‍ നമ്മുടെ ഗെഡി! പി ടി എ പ്രസിഡന്റ്‌ സാജൻ !! ഈ നാലാം അവതാരത്തില്‍ എന്ത് കാണേണ്ടി വരുമോ ആവോ?!

13 comments:

tonyettan said...

kalakki daa ...dont forget to say thankx to your friend plz....

animeshxavier said...

sure, Tony. Athu venamallo

സോക്രു.. said...

kalakki... KIDU....

Anonymous said...

sajante nalam avatharathinay kathunlkkunnu.

3 avatharangalum vayichappol Ee Gadi Ente koode padichittille Ennu
oru samsayam.

Anyway animesh kalakki tto Gadi

animeshxavier said...

Thank you all for your valuable coments

Anonymous said...

entishto annathe aa thuramugam kathakku pinnil ithr..rrem stoy undakumennu karuthiyila to... best humour ishta..

animeshxavier said...

Thanks, Mini.

ഞാന്‍ രാവണന്‍ said...

അനിയെട്ട .........എന്‍റെ പണി കളയിക്കും നിങ്ങള്‍

Unknown said...

ഈ അഞ്ചെട്ട് മാസം കൊണ്റ്റ് എന്നിട്ടെന്തായി ?

@$L@m said...

"ഓ പ്രിയാ" എന്ന് പാടിയതിന് ആദ്യത്തെ ആഴ്ച തന്നെ ഒരു ബീന ടീച്ചര്‍ പൊക്കി എന്ന് കസിന്‍ ബ്രദര്‍ പറഞ്ഞതോര്‍മ്മ വന്നു, തെരെ ബിനാഭി ക്യാ ജീനാ വായിച്ചപ്പോള്‍

Neema Rajan said...

കര്‍ത്താവീശോമിശിഹായെ!! തകര്പ്പോരൊന്നോന്നര തകര്പ്പായി ട്ടാ..

Manikandan said...

കോളേജ് ജീവിതത്തിൽ സുമിയെ ലൈൻ അടിക്കാൻ മേനെ പ്യാർ തും ഹീ സെ കിയാഹെ എന്നതിലെ തുംഹീ മാറ്റി സുമീ ആക്കിയ ചങ്ങാതിയെ ഓർമ്മവന്നു.

Unknown said...

ഞങ്ങളുടെ അവിടുത്തെ 'സാജൻറെ' വെള്ളികൾ -

"യേശു അതാ മുട്ട കുത്തിവീഴുന്നു.... (നടന്നത് തന്നെയാണ്. തമാശയായി മാത്രം എടുക്കുക)
"അതാ ഒരു പടയാളി മൂന്നു ചുറ്റികയും ഒരു ആണിയുമായി കടന്നു വരുന്നു..."