Powered By Blogger

Thursday, September 15, 2011

സ്വപ്നാടനം.


"ഉരിയാടുന്ന വാക്കുകളിലും എന്തിനു, ഉച്ഹ്വാസ വായുവില്‍ വരെ വിഷമുള്ള നിങ്ങളുടെ ഭീഷണികള്‍ക്കുമുന്പില്‍ ഞാന്‍ തലകുനിക്കില്ല.. 
കരള്‍  കൊത്തിപ്പറിക്കാനെത്തുന്ന കഴുകന്‍ സമ്മാനിക്കുന്ന വേദന...., ജ്വലിക്കുന്ന അഗ്നിയില്‍ തിളങ്ങുന്ന മനുഷ്യന്റെ ചിരിയില്‍ അലിഞ്ഞു പോകും.."

പാറയിടുക്കില്‍ ചങ്ങലയില്‍ തളയ്ക്കപ്പെട്ട പ്രൊമിത്യൂസ് ആയി സോമേട്ടന്‍.. കരള്‍ കൊത്തിപ്പറിക്കാനടുക്കുന്ന കഴുകനായി ഞാന്‍..  'പ്രൊമിത്യൂസ്' അരങ്ങില്‍ തകര്‍ത്താടി.

കര്‍ട്ടന്‍ വീണു.. ജനം ഏറ്റു വാങ്ങിയാതിന്റെ അടയാളമായി നല്ല കയ്യടി. 
വേദിക്ക് പുറകില്‍ ഞങ്ങള്‍ പരസ്പരം കൈ കൊടുത്തു.

"ഇനി ഒരെണ്ണം കൂടിയേ ഉള്ളൂ.. അത് എനിക്കറിയാവുന്ന സാധനാ.. 
മ്മടെ ജോന്സന്മാഷ്ടെ, കിരാതീയം. മ്മടെ അത്രേം വരില്ല." കബീര്‍ പറഞ്ഞു.

ഞങ്ങളുടെ സ്ഥലത്തുനിന്നും മുപ്പതോളം കിലോമീറ്റര്‍ അകലെ നാടകം, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ താല്പര്യമുള്ള കുറെ ചെറുപ്പക്കാരുടെ കൂട്ടായ്മ്മ സംഘടിപ്പിച്ച  ഏകാങ്ക നാടകമത്സരവേദി ആയിരുന്നു അത്. സ്ഥലത്തെ സര്‍ക്കാര്‍ ഹൈ സ്കൂളിലാണ് മത്സരം. ഒരു വേനല്‍ക്കാലം. രാവിലെ മുതല്‍ മത്സരം ആരംഭിച്ചു. പതിനാറു ടീമുകള്‍. ആയിരം രൂപ ഒന്നാം സമ്മാനം. വൈകീട്ട് നടക്കുന്ന പൊതുയോഗത്തില്‍ നടന്‍ ശ്രീരാമന്‍ സമ്മാനം വിതരണം ചെയ്യുന്നു. സമ്മാനം ഒരു വിഷയമേ അല്ലായിരുന്നു. നാടകത്തിനോട് ഇഷ്ടം മൂത്ത് അത് ജീവിതം തന്നെയാക്കി മാറ്റിയ സോമേട്ടന്‍ എന്ന ഞങ്ങളുടെ 'നാടകാശാന്റെ' ആഗ്രഹവും പഠിച്ചത് പ്രദര്‍ശിപ്പിക്കുക എന്ന എല്ലാവരുടെയും ഇഷ്ടവും മത്സരത്തില്‍ പങ്കെടുക്കുന്നതിനു ഞങ്ങളെ പ്രേരിപ്പിച്ചു. മാസങ്ങള്‍ നീണ്ട റിഹെഴ്സലിനു ശേഷം ഞങ്ങള്‍ അരങ്ങിലെത്തിച്ച 'പ്രൊമിത്യൂസ്' നാട്ടിലും ചുറ്റുവട്ടത്തുമായി കുറച്ചു വേദികളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

"നാല് വേദികളില്‍ കയറിയതിന്റെ അനായാസതയും ആധികാരികതയും മത്സരവേദിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 
കബീരെ, നിന്റെ മൂവ്മെന്റ്  ഒന്ന് പാളീ ല്ലേ? കുഴപ്പില്ല്യ  പ്രകാശന്‍ അത് മാനേജ് ചെയ്തു. നന്നായി." സോമേട്ടന്‍ പറഞ്ഞു.

കിരാതീയവും കഴിഞ്ഞു. അരങ്ങൊഴിഞ്ഞു. 
റിസള്‍ട്ട് വന്നു. 
മികച്ച നാടകം പ്രോമിത്യുസ്.. 
നല്ല നടന്‍ പ്രകാശന്‍. 
മികച്ച സംവിധായകന്‍ സോമേട്ടന്‍. 
ഞങ്ങള്‍ക്ക് മൂന്നു അവാര്‍ഡ്!

കെട്ടിപ്പിടിച്ചു ആഹ്ലാദം പങ്കു വെയ്ക്കുമ്പോള്‍ സംഘാടകര്‍ അരികിലെത്തി. 

"ചുള്ളന്മാരെ, പെടച്ചൂ ട്ടാ. 
ഒരു കാര്യം കൂടിണ്ട്. ആറരയ്ക്ക് പൊതുയോഗം.. അതില്‍ ശ്രീരാമനാണ് സമ്മാനദാനം, അറിയാലോ? 
പിന്നെ, മുഷിയരുതു.. പ്രൊമിത്യൂസ് ഒന്ന് കൂടി പെടയ്ക്കണം. നാട്ടുകാര് ഒന്ന് കാണട്ടെ."

"മാത്രല്ല ഗെടികളെ..
കുറച്ചു ചെറിയ പിള്ളേരടെ പരിപാടികളല്ലാണ്ട് ആള്‍ക്കാര്‍ക്ക് സുഖിക്കണത് ഒന്നുല്ല്യ.. അതോണ്ടും കൂട്യാ"
നിറഞ്ഞ സദസ്സിനു മുന്നില്‍ ഒരിക്കല്‍ കൂടി സ്വയം മറന്നാടാന്‍ എല്ലാവര്ക്കും ആഗ്രഹമുള്ളതുകൊണ്ട് ആര്‍ക്കും ഒരെതിര്‍പ്പും തോന്നിയില്ല. ആരും മറുത്തൊന്നും പറഞ്ഞുമില്ല.

"ന്നാ. പിന്നെ പോയി ഒന്ന് വിശ്രമിച്ചോ. ആ എട്ടു ബി നിങ്ങള്‍ക്കെടുക്കാം." 
ഒരു ക്ലാസ് റൂം ഞങ്ങള്‍ക്ക് അനുവദിച്ചു കിട്ടി.
ഞങ്ങള്‍ റൂമീചെന്നു. 
സോമേട്ടന്റെ കയ്യീനു ബീഡി വാങ്ങി പങ്കിട്ടു വലിക്കുമ്പോള്‍ മുരളിയ്ക്ക് പെട്ടെന്ന് ബോധോദയം ഉണ്ടായി..

"ഡാ വനെ, പരിപാടി കഴിഞ്ഞാ മ്മക്ക് ബസ് കിട്ടില്ലല്ലോ. എങ്ങനെ വീട്ടീ പോവും?"

അപ്പോളാണ് അതിനെ കുറിച്ച് ഞങ്ങള്‍ ബോധവാന്മാരാകുന്നത്‌.
സംഘാടകരുടെ അവസ്ഥ അറിയാവുന്നതുകൊണ്ട്‌ ചോദിയ്ക്കാന്‍ എല്ലാര്ക്കും മടി.
ദയ, ദാക്ഷിണ്യം, വകതിരിവ് എന്നിവ വളരെ കുറഞ്ഞവന്‍ എന്ന വിശേഷണങ്ങള്‍ സ്വന്തമായുണ്ടായിരുന്ന ഞാന്‍ ആ കര്‍മ്മം ഏറ്റെടുത്തു.

" അപ്പളെ.. പരിപാടി തീര്‍ന്നാ ഫുഡ്‌ കിട്ട്വോ? 
അതും കഴിഞ്ഞു ഒരു വീട്ടീപ്പോക്കുണ്ടല്ലോ.. അതെങ്ങന്യ ഡീസന്റ് ചെയ്തെക്കണത്?
അതോ ഐറ്റം ഫിനിഷായാ ഞങ്ങള് വഴിയാധാരമാക്വോ ഇഷ്ടാ?" വരി വരിയായി കുറെ ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു.

"അതേയ് .. ങ്ങട് വന്നെ." എന്നെ വിളിച്ചു കൊണ്ട് ഒരു മൂലയിലേയ്ക്ക് മാറി നിന്ന് അവര്‍ അവരുടെ പ്ലാന്‍ പറഞ്ഞു.

"പരിപാടി കഴിഞ്ഞാ മ്മക്ക് ഇവിടെ കൂടാം. നാളെ കാലത്ത് ആദ്യത്തെ ബസില് സ്ഥലം വിടാലോ. 
വണ്ടി വിളിച്ചു നിങ്ങളെ വിടണംന്നൊക്കെ ഉണ്ട്. അതിന്ള്ള സെറ്റപ്പില്ല ഗെടീ.."

"ഈ സ്കൂളിലാ?" ഞാന്‍ ചോദിച്ചു.

"ഏയ്‌.. നല്ല കാര്യായി. ഇവടെ അടുത്ത് മ്മടെ ശിവകുമാറിന്റെ .. ദേ ഈ ചുള്ളന്റെ തറവാട് ഉണ്ട്. 
ആരും താമസംല്ല്യ. വെല്യ പറമ്പും നടുവില് വീടും. ആഴ്ചെല് അടിച്ചു വൃത്ത്തിയാക്കിടണതാ. അവടെ കൂടാം. ഫുഡ്‌ അവടെ പോയി കഴിക്കാം. 
കൂട്ടിനു, നല്ല നാടന്‍ ഇണ്ട് ട്ടാ.. അടിക്കണോരില്ല്യെ, കൂട്ടത്തില്‍..?"
ലാസ്റ്റ് ഐറ്റത്തില്‍ ഞാന്‍ വീണു. 
അത് വന്നു പറഞ്ഞപ്പോ കൂട്ടത്തില്‍ എല്ലാവരും വീണു!

സമ്മേളനം തുടങ്ങി.
സമ്മാനം വാങ്ങി.
ശ്രീരാമന്‍ അല്ല, ശ്രീരാമെട്ടനെ പരിചയപ്പെട്ടു.
'പ്രൊമിത്യൂസ്' സ്വര്‍ഗ്ഗത്തില്‍നിന്നു അഗ്നി കൊണ്ടുവന്നു.. മനുഷ്യര്‍ക്ക്‌ നല്‍കി.. ശാപം ഏറ്റു വാങ്ങി..ബന്ധനതില്‍നിന്നു മോചനമേകാന്‍ വരുന്നവനു വേണ്ടി കാത്തിരുന്നു..
കര്‍ട്ടന്‍ താഴ്ന്നു.
കാണികള്‍ കയ്യടിച്ചു. അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി ഞങ്ങള്‍ സിനിമാ നടന്മാരെപ്പോലെ അവര്‍ക്കിടയിലൂടെ നടന്നു.

"സമയം പത്താവാറായീട്ടാ.. വെശന്നിട്ടു ഞാന്‍ ദിപ്പോ താഴെ വീഴും." ഗംഗന്‍

"അതന്നെ, ഞ്ഞി.. ലവന്മാര് എപ്പോ നമ്മളെ ആ വീട്ടീ കൊണ്ട് ചെന്നാക്കും?" മുരളി 

"ഹോ. ഒന്ന് സമാധാനിക്കടാ.. നിങ്ങള്‍ക്കറിഞ്ഞൂടെ ഒരു പരിപാടി നടത്ത്താണെന്റെ ബുദ്ധിമുട്ട്..?" സോമേട്ടന്‍.
സംസാരം അധികം നീളുമ്പോളേയ്ക്കും രണ്ടു പേര്‍ വന്നു ഞങ്ങളെ വിളിച്ചു.

"വാ.. ആ കാണുന്ന വഴീക്കൂടെ പോണം"
വഴിവിളക്കുകള്‍ മങ്ങിക്കത്തുന്ന വഴിയിലൂടെ ഞങ്ങള്‍ അവരുടെ ടോര്‍ച്ചിന്റെ വെളിച്ചം പിന്തുടര്‍ന്നു.
ഇലക്ട്രിക് ബള്‍ബുകള്‍ പ്രകാശിക്കുന്ന ചില വീടുകള്‍ ഇടയ്ക്കിടെ കണ്ടു. 
പരിപാടി കണ്ടു വന്ന ചിലര്‍ അതിനെക്കുറിച്ച് പരസ്പരം പറയുന്നത് ഞങ്ങള്‍ ചെവിയോര്‍ത്തു ആസ്വദിച്ചു ഞങ്ങള്‍ നടന്നു.

"ദാ.. എത്തി." വഴികാട്ടികള്‍ ഒരു വീട് ചൂണ്ടിക്കാട്ടി.
വലിയൊരു പറമ്പിനു നടുവില്‍, കട്ട പിടിച്ച ഇരുട്ടിന നടുവില്‍, മുന്‍വശത്തെ വെളിച്ചം കുറഞ്ഞ ബള്‍ബിന്റെ പ്രകാശത്തില്‍ തെളിയുന്ന പൂമുഖത്തോടെ ഓടിട്ട ഒരു രണ്ടു നില മാളിക.

"ആഹ.. പെടച്ചു!"

"ഭാര്‍ഗവീനിലയം ഇവിടെയാണോ ഷൂട്ട്‌ ചെയ്തത്?" 

"ഇതാടാ മോനെ തറവാട്.. നിനക്ക് ഇല്ലാത്തത്!"
തുടങ്ങിയ സംസാരങ്ങളോടെ ഞങ്ങള്‍ ആ വീട്ടില്‍ ചെന്ന് കയറി.

"ഒന്ന് കുളിക്കാന്‍ സൌകര്യം കിട്ട്വോ? സോമേട്ടന്‍ ചോദിച്ചു."

"ദാ.. അവിടെ ടാപ്പുണ്ട് . സോപ്പ് അതിനടുത്തുതന്നെ ഉണ്ട്. പേടിക്കണ്ട, ടാങ്കിലെ വെള്ളം ഇന്നലെ അടിച്ചിട്ടതാ, വീട് ക്ലീന്‍ ചെയ്യാന്‍ വന്നപ്പോള്‍ "
മുറ്റത്തു കാലിയായ തൊഴുത്തിന് അടുത്തേയ്ക്ക് വഴികാട്ടികളിലോരാള്‍ കൈ ചൂണ്ടി.

പൈപ്പില്‍നിന്നു വെള്ളമെടുത്തു ഞങ്ങള്‍ എല്ലാവരും ഒരു സമൂഹ കുളി നടത്തി. ആകെയുണ്ടായിരുന്ന തോര്‍ത്ത്‌ വീതം വച്ചു തുവര്‍ത്തി ഓരോരുത്തരായി വെളിച്ചത്തിലേയ്ക്കു കയറി.
അപ്പോളേയ്ക്കും വാഴയിലകൊണ്ട് മൂടിയ ഒരു കോട്ടയില്‍ ചോറും കറികളും ആയി രണ്ടു പേരുകൂടെ എത്തി. 

"ഹാവൂ.. എത്തിപ്പോയി.. ന്നാ ഒരു പിടി പിടിക്ക്യല്ലേ?" എന്‍റെ ആക്രാന്തം വാക്കുകളായി പുറത്തു വന്നു.

"വരട്ടെ, ഒരു സ്പെഷ്യല്‍ ഞങ്ങള്‍ കൊണ്ടന്നണ്ട്.. " കൊട്ടയുടെ ഉള്ളീന്ന്, രണ്ടു കുപ്പി നാടന്‍ സംഘാടകര്‍ പുറത്തെടുത്തു. ഒപ്പം രണ്ടു ഗ്ലാസും.

പുഴുങ്ങിയ മുട്ടേം ഇഞ്ചംപുളിയും അകമ്പടിയാക്കി, ഇറങ്ങിപ്പോകുന്ന വഴി അനുഭവിപ്പിക്കുന്ന ആ കിടിലന്‍ സാധനം പത്ത് മിനിറ്റൊണ്ട് തീര്‍ന്നു. 
എരിച്ചിലടക്കാന്‍ ഇലയില്‍ വിളമ്പിയ ചോറും ശടെന്നു അവസാനിച്ചു.

"കിടിലന്‍ കറികളാട്ടാ.."

"എന്നാ പിന്നെ, ഞങ്ങളെറങ്ങാ.. 
രാവിലെ വരാം. പായ മൂന്നാലെണ്ണം നടുവിലെ അകത്തു ഇട്ടിട്ടുണ്ട്. പുറത്തിറങ്ങി നടക്കരുത്, പുല്ലു നിറഞ്ഞു കിടക്കണ കാരണം പാമ്പുണ്ടാവും. അപ്പൊ, എല്ലാം പറഞ്ഞ പോലെ."
സംഘാടകര്‍ ഇറങ്ങി.

നാടന്റെ വീര്യത്തില്‍ 'നാളെകളില്‍ നമ്മള്‍ കേരളത്തിന്റെ നാടകലോകത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുമെന്നും അത് ലോകത്തിന്റെ മുഖച്ഛായ മാറ്റി മറിക്കുമെന്നും' ഒക്കെ ഞങ്ങള്‍ പറഞ്ഞു. 

സംസാരം വഴിമാറി കവിതയായി കടമ്മനിട്ടയുടെ കുറത്തിയിലെയ്ക്ക് എത്തിയപ്പോള്‍ സോമേട്ടന്‍ ഇടപെട്ടു.

"ഡ ഡാ  ഒറങ്ങാന്‍ നോക്ക്യേ, നാട്ടുകാര്‍ക്ക് ശല്യം ആവണ്ട."
ലൈറ്റ് ഓഫായി. എല്ലാവരും ചുരുണ്ടു. തുറന്നിട്ട ജനലിലൂടെ ചെറിയ നിലാവെളിച്ചം അരിച്ചെത്തി.

"നല്ല വീട് അല്ലെ?"

"അതന്നെ, വേനല്കാലമായിട്ടും ഉള്ളില്‍ നല്ല തണുപ്പാ.."

"ഈ പറമ്പിന്റെ പുറകില് പാടമാവണം. തണുത്ത കാറ്റ് വരുന്നുണ്ട്."

"വെള്ളമടിക്കാന്‍ എന്താ സെറ്റ് അപ്പ് ല്ലേ?"

"ഒന്ന് പോടാ, എവിടെ ചെന്നാലും ഈ ഒരു വിചാരേ ഉള്ളൂ.."

ശബ്ദം താഴ്ത്തിയുള്ള സംസാരങ്ങള്‍ ഓരോന്നോരോന്നായി നിലച്ചു. 
അകലെ എവിടെയോ രാപ്പാടികളുടെ പാട്ട് കേട്ടു. ഒരു മിന്നാമിനുങ്ങ്‌ ജനലിലൂടെ അകത്തു വന്നു, ഞങ്ങളെ മൊത്തം ഒന്ന് വട്ടം കറങ്ങി തിരിച്ചു പോയി. പതിയെ ഉറക്കം അതിന്റെ മാന്ത്രികവിരലുകളാല്‍ ഞങ്ങളെ തഴുകി. 
അഗാധ നിദ്രയില്‍ എത്ര നേരം കഴിഞ്ഞുവെന്നറിയില്ല, എന്തോ തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. 
ഞാന്‍ മാത്രമല്ല ഉറങ്ങിയാല്‍ സകല ലോകവും മറക്കുന്ന കബീര്‍ വരെ എണീറ്റു.
എല്ലാവരും സ്ഥലകാല ബോധമില്ലാതെ തപ്പിത്തടഞ്ഞു.
സോമേട്ടന്‍ തീപ്പെട്ടി കത്തിച്ചു. ലൈറ്റിന്റെ സ്വിച്ച് ഇട്ടു.

"എന്താടാ ശബ്ദം കേട്ടത്/"

"ഞാനും കേട്ടു. എന്തോ വീണു തകര്‍ന്ന പോലെ."

"വല്ല പൂച്ചയും എന്തെങ്കിലും തട്ടി മറിച്ചതാവും."

"പിന്നെ, ആള്‍താമസമില്ലാത്ത വീട്ടിലല്ലേ പൂച്ചക്ക് പണി."

"കള്ളന്മാരാവോ?"

"നീ ഇവിടുള്ളപ്പോളോ? പോടാ."

"ഓ.. പ്രസവവേദനക്കിടയിലും വീണ വായിക്കാന്‍ നോക്കണേ.."
അങ്ങോട്ടും ഇങ്ങോട്ടും തോട്ടിയിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ വേണു തുറന്നു കിടക്കുന്ന വാതിലിനു നേരെ വിരല്‍ ചൂണ്ടി.

"ഡാ.. ഈ വാതിലാരാ തുറന്നെ?"
അപ്പോളാണ് ഞങ്ങള്‍ അത് ശ്രദ്ദിച്ചത്‌. ഒരകത്തെയ്ക്കുള്ള വാതില്‍ തുറന്നു കിടക്കുന്നു. ഞങ്ങള്‍ തമാശ വിട്ടു. മുഖത്തോട് മുഖം നോക്കി.

"പുറത്തേയ്ക്കുള്ള വാതിലും തുറന്നു കിടക്കുകയാണല്ലോ." സോമേട്ടന്‍ പറഞ്ഞു.

"ദേ, ഇതും." കബീറിന്റെ ശബ്ദത്തില്‍ ഇടര്ച്ചയുണ്ടായിരുന്നു. 

ഹാളില്‍ നിന്നും അകത്തേയ്ക്ക് നീളുന്ന ഇടനാഴിയുടെ വാതിലും തുറന്നു കിടക്കുന്നത് ഞങ്ങള്‍ കണ്ടു.
ഒരു വിറയല്‍ എന്നെ കടന്നു പോയി.
കാറ്റിനു മുല്ലപ്പൂവിന്റെ ഗന്ധം ഉണ്ടെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു.
എന്തോ നിഗൂഡത ഞങ്ങള്‍ക്ക് ചുറ്റും ഒരു മൂടല്‍മഞ്ഞു പോലെ പരക്കുന്നത് പോലെ..
അടുത്ത നിമിഷം മുരളി എന്‍റെ കയ്യില്‍ അമര്‍ത്തി പിടിച്ചു ശബ്ദിക്കാന്‍ പറ്റാത്തവനെപ്പോലെ എന്തോ ശബ്ദമുണ്ടാക്കി.

"എന്താടാ.. എന്താ പറ്റിയെ?"

"എവിടെടാ.. പ്രകാശന്‍? അവനെ കാണാനില്ല."
എല്ലാവരും ഒന്ന് നടുങ്ങി. പ്രകാശന്‍ കൂട്ടത്തിലില്ല എന്ന സത്യം ഓര്‍ത്തതും അറിഞ്ഞതും അപ്പോള്‍ മാത്രമാണ്. 

"സോമേട്ടാ.." കരച്ചിലിന്റെ വക്കില്‍ നിന്ന് ഞാന്‍ വിളിച്ചു.
സോമേട്ടന്‍ ഒരു നിമിഷം സ്തബ്ദനായി നിന്നു എന്നിട്ട് ഇടനാഴിയിലെയ്ക്ക് തുറന്ന വാതിലിനു നേരെ കുതിച്ചു.
ഒരു അപകടത്തിലെയ്ക്കെന്ന പോലെ ഞങ്ങള്‍ പുറകെയും.
ഇരുട്ടിലൂടെ തപ്പിത്തടഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ "അമ്മെ.. "എന്നൊരു വിളിയും ഒരു വീഴ്ചയും ഞങ്ങള്‍ക്ക് മുന്നില്‍ സംഭവിച്ചു. 

"പണ്ടാരമടങ്ങാനായിട്ടു.. 
ആരും വരണ്ട.. ഡാ.. വെളിച്ചം കൊണ്ടാ.. " സോമേട്ടന്‍ അലറി..
ഹാളില്‍നിന്നും എത്തി നോക്കുന്ന വെളിച്ചത്തില്‍ സോമേട്ടന്‍ വീണിടത്തുനിന്നു തപ്പിത്തടഞ്ഞു എണീക്കുന്നത് ഞാന്‍ കണ്ടു.
ഞാന്‍ കൈ എത്തി പിടിക്കുമ്പോള്‍ സോമേട്ടന്‍ പറഞ്ഞു..

"എന്തിലോ ചവിട്ടിയപ്പോള്‍ വഴുക്കിയതാ.. എന്തോ വഴു വഴുപ്പുള്ളതില്‍.."
സോമേട്ടന്റെ കയ്യില്‍ പുരണ്ടിരുന്ന ആ വഴുവഴുപ്പ് ചോരയുടെതാണെന്ന തിരിച്ചരിവ് ഒരു വെള്ളിടി പോലെ എന്‍റെ തലയിലൂടെ പാഞ്ഞു പോയി.
ചോരയുടെ മണം എന്നെ ഒരു നിമിഷം തളര്‍ത്തി..

"സോമേട്ടാ.. ഇത് ചോരയാണല്ലോ.. "
എല്ലാവരും സ്തബ്ധരായി..
വേണു എവിടെയോ തപ്പി ലൈറ്റിന്റെ സ്വിച്ച് കണ്ടു പിടിച്ചു.
വെളിച്ചം വന്നു.
അത് അടുക്കളയോട് ചേര്‍ന്നുള്ള ഒരു മുറിയായിരുന്നു.
കറുത്ത് തിളങ്ങുന്ന തറയില്‍, ഭീതിയുടെ ആയിരം മുള്ളുകള്‍ ഹൃദയത്തില്‍ തീര്‍ത്തുകൊണ്ട് ഒരു ചോരച്ചാല് ഞങ്ങള്‍ കണ്ടു.
അതില് തെന്നിയാണ് സോമേട്ടന്‍ വീണത്‌.
ആ ചോരച്ചാലിന്റെ അറ്റത്തു, പ്രകാശന്‍ ബോധം ഇല്ലാതെ ഒടിഞ്ഞു നുറുങ്ങി കിടപ്പുണ്ടായിരുന്നു.
നെറ്റി മുറിഞ്ഞു ഒഴുകുന്ന ചോരയാണ് തറയില്‍..
തൊട്ടു മുന്‍പിലുള്ള അടച്ചിട്ട നാല് പാളി വാതിലില്‍ തലയിടിച്ചു വീണതാണെന്നു ഒറ്റനോട്ടത്തില്‍ മനസ്സിലായി.
ഞാന്‍ ഓടിച്ചെന്നു പ്രകാശനെ കുലുക്കി വിളിച്ചു. ഒരു അനക്കവും ഇല്ല.

"വാതിലിലെ ഒരു കൊളുത്ത്‌ നെറ്റിയില്‍ അടിച്ചു മുറിഞ്ഞിരിക്കുന്നതാണ്. ചോരയുടെ അളവ് നോക്കണ്ട..ആഴമില്ല." അവനെ പരിശോധിച്ചുകൊണ്ട്‌ സോമേട്ടന്‍ പറഞ്ഞു.
വേണു വെള്ളം കൊണ്ട് വന്നു മുഖത്ത് തെളിച്ചപ്പോള്‍ അവന്‍ പതിയെ കണ്ണ് തുറന്നു. ഞങ്ങളുടെ മുഖത്തേയ്ക്കു മിഴിച്ചു നോക്കി.
കുറച്ചു വെള്ളം വായിലോഴിച്ചു കൊടുത്തപ്പോള്‍ അതോരിറക്ക് കുടിച്ചു.

"ന്ഹെ.. ഞാന്‍.. ഞാനെവിട്യാ? അവളെവിടെ?" പ്രകാശന്‍ ചോദിച്ചു.

"അവളോ?" 
നെറ്റിയിലെ മുറിവില്‍ ചോര നില്ക്കാന്‍ അമര്ത്തിപ്പിടിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.

"അപ്പോളേ ഈ തെണ്ടിയോടു ഞാന്‍ പറഞ്ഞതാ, പ്രകാശന് കൊടുക്കണ്ടാന്ന്. ഇപ്പൊ എന്തായി?"

"പോടാ.. "

"പണ്ടാരക്കാലാ നീ എങ്ങോട്ടാ ഈ പാതിരായ്ക്ക് എണീറ്റ്‌ നടന്നത്?"

"പാതിരയോ? മണി മൂന്നരയായി."

"ഓരോ പുലിവാലുകള്‍ ഉണ്ടാക്കാനായിട്ടു.."

"മൂത്രമോഴിക്കണമെങ്കില്‍ നിനക്ക് ആ ജനലീക്കൂടെ ആവാര്‍ന്നില്ലേ?"

ഞങ്ങളുടെ ചോദ്യങ്ങള്‍ക്കിടയില്‍ പ്രകാശന്‍ പതിയെ എണീറ്റിരുന്നു.
ഞങ്ങളെ മാറി മാറി നോക്കി. 
ഞാന്‍ അവന്റെ നെറ്റിയില്‍നിന്നു കയ്യെടുത്തു.
ചോര നിന്നിട്ടുണ്ട്‌. ഞാന്‍ ലുങ്കിയുടെ ഒരു തുമ്പ് കീറി വെള്ളത്തില്‍ മുക്കി അവന്റെ മുഖം തുടച്ചു.

"എന്താടാ പറ്റീത്?" ഞാന്‍ ചോദിച്ചു.
മുഖം ഒന്നുകൂടി കഴുകി ഉടുത്തിരുന്ന മുണ്ടുകൊണ്ട് ഒപ്പിക്കൊണ്ട് പ്രകാശന്‍ പതിയെ പറഞ്ഞു..

"അതേയ്.. 
നമ്മള്‍ ഉറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വാതിലില്‍ മുട്ടി.
ഞാന്‍ പോയി തുറന്നപ്പോള്‍ ഒരു പെണ്ണ്..''

"പെണ്ണോ?"
കോറസ്സായി ഞങ്ങള്‍ ചോദിച്ചു.

"അതെന്നു.. അവള്‍ എന്നോട് പറഞ്ഞു. നിങ്ങളെ ഉണര്‍ത്തണ്ടാന്നു." പ്രകാശന്‍ ഒന്ന് നിറുത്തി.
ഞങ്ങള്‍ പരസ്പരം നോക്കി. പ്രകാശനെ നോക്കി പുരികം ചുളിച്ചു.

"എന്നിട്ട്?"

"ഞങ്ങള്‍ പുറത്തോട്ടിറങ്ങി..
എനിക്ക് ആ കുട്ടിയോട് നല്ല പരിചയം. എന്‍റെ സ്വന്തം എന്ന പോലെ.
അവള്‍ എന്നോട് കുറെ കാര്യങ്ങള്‍ പറഞ്ഞു.. 
എന്താന്നു..  ശെ.. ഓര്‍മ്മ വരുന്നില്ല..
പിന്നെ ഞങ്ങള്‍ പറമ്പിലൂടെ കൈ കോര്‍ത്ത്‌ പിടിച്ചു നടന്നു.
കുറെ നടന്നപ്പോള്‍ മരങ്ങള്‍ നിറഞ്ഞ ഒരു സ്ഥലത്തെത്തി.
അവിടെയുള്ള വള്ളികളില്‍ പിടിച്ചു ഞാന്‍ തൂങ്ങിക്കിടന്നു, അവളെന്നെ ഊഞ്ഞാലാട്ടി.
ഒരു കശുമാവിന്റെ താഴ്ന്ന കൊമ്പില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു പാട്ട് പാടി.
താഴെ വീണു കിടക്കുന്ന മഞ്ചാടിമണികള്‍ പെറുക്കിക്കൂട്ടി ഒരു തേക്കിലയില്‍ കൂട്ടി വച്ചു.
നാട്ടുമാവിന്റെ ചോട്ടില്‍ ചെന്ന് ഞങ്ങള്‍ മാമ്പഴം തിന്നു. 
കുറെ നേരം കഴിഞ്ഞു ഞങ്ങള്‍ ഇങ്ങോട്ട് തിരിച്ചു നടന്നു.
പടര്‍ന്നു നില്‍ക്കുന്ന മുല്ലയില്‍നിന്നു അവള്‍ കുറെ പൂക്കള്‍ പൊട്ടിച്ചു എന്‍റെ കയ്യിലിട്ടു തന്നു.
അകത്തു കയറി വലതു വശത്തെ മുറീല് ഞങ്ങള്‍ കിടക്ക വിരിച്ചു.
പൂക്കള്‍ കിടക്കയില്‍ വിതറി.
വെള്ളമെടുത്തിട്ടു വരാം എന്ന് പറഞ്ഞു അവള്‍ ദാ.. ഇതിലൂടെ വന്നു. 
എന്നിട്ട് ഈ വാതിലിലൂടെ അപ്പുറത്തെയ്ക്ക് പോയി.
ഞാന്‍ പുറകെ വന്നപ്പോള്‍ എന്തിലോ തട്ടി.. പിന്നൊന്നും ഓര്‍മ്മയില്ല."
പ്രകാശന്‍ പറഞ്ഞു നിര്‍ത്തി.

"ഹ ഹ.. " സോമേട്ടന്‍ ഉറക്കെ ചിരിച്ചു.
"നിനക്ക് നല്ല നടനുള്ള അവാര്‍ഡ് മാത്രമല്ല പ്രകാശാ.. നല്ല കഥാകാരനുള്ളതും കൂടി കിട്ടും.
ഒന്ന് ശ്രമിച്ചേ. നടക്കും."

ഞങ്ങളും ചിരിയില്‍ പങ്കു ചേര്‍ന്നു.
"ഓ.. എന്നാലും നിനക്ക് ആ മുല്ലപ്പൂവു വിരിച്ച കട്ടിലില്‍ ഉണ്ടാവുന്ന സീന്‍ കൂടി കൂട്ടാമായിരുന്നു."

"മഞ്ചാടി പെരുക്കിക്കളി...ല്ലേ? വേറെ കളി വല്ലതും ഉണ്ടായോടാ?"

"സത്യമായിട്ടും ഞാന്‍ പറഞ്ഞതെല്ലാം ഉള്ളതാ..വിശ്വാസിക്ക് "

"ഉവ്വ, വിശ്വസിച്ചു. ഇനി അവള് വരുമ്പോ ഞാന്‍ പോവാട്ടാ.."

"പോയി കിടന്നുറങ്ങടാ.. "
ഞങ്ങളുടെ വര്‍ത്തമാനങ്ങള്‍ കേട്ട് പ്രകാശന്‍ വിളറിയ മുഖവുമായി ഇരുന്നു.

ഞങ്ങള്‍ എല്ലാവരും എണീറ്റു.
ചോര ഞാന്‍ തുടച്ചു മാറ്റി.
ആ മുറിയിലെ ലൈറ്റ് ഓഫാക്കി.
ഹാളില്‍ വന്നു പുറത്തേയ്ക്കുള്ള വാതില്‍ അടച്ചു. ലൈറ്റ് അണച്ചു.
പ്രകാശനെ കളിയാക്കിക്കൊണ്ട്‌ എല്ലാവരും കിടന്നു.
മുല്ലപ്പൂവിന്റെ മണം വഹിച്ചുകൊണ്ട് ഇളം കാറ്റ് വീണ്ടും അകത്തേയ്ക്ക് വന്നു.
പതിയെ ഓരോരുത്തരായി മയങ്ങി.

നല്ല ഉറക്കത്തില്‍ കബീര്‍ കുലുക്കി വിളിച്ചു.
"കൊറച്ചു  നേരം കൂടി കേടക്കട്ടെടാ.."

"അതല്ലെടാ.. നീയോന്നു എണീറ്റെ"

ഞാന്‍ ചാടിയെണീറ്റ് പ്രകാശനെ നോക്കി. അവന്‍ മലര്‍ന്നു കിടന്നുറങ്ങുന്നുണ്ട്‌.
ബാക്കി എല്ലാരും എണീറ്റിരിക്കുന്നു.
നേരെം വെളുത്തു വരുന്നതേയുള്ളൂ.
വേണു വലത്തെ മുറിയുടെ വാതിക്കല്‍ നില്‍പ്പുണ്ട്.
അവന്‍ എന്നെ അവിടെയ്ക്ക് വിളിച്ചു.

"എന്താടാ" എന്ന് ചോദിച്ചു ചെന്ന എന്നോട് അകത്തെയ്ക്ക് നോക്കാന്‍ ആംഗ്യം കാണിച്ചു.
അവിടെ, കുടഞ്ഞു വിരിച്ച കിടയ്ക്കയില്‍ വിതറിയിട്ട മുല്ലപ്പൂക്കള്‍!
ഞാന്‍ തിരിഞ്ഞു കൂടുകാരെയും നിഷ്കളങ്കമായി ഉറങ്ങുന്ന പ്രകാശനേയും നോക്കി.

"കബീറാ കണ്ടത്.
പ്രകാശന്‍ പറഞ്ഞത് ശരിക്കും ഉണ്ടായീണ്ടാവോ?" ഗംഗന്‍ പറഞ്ഞു.

"നിങ്ങള്‍ വാ.. 
സോമേട്ടാ, ഇവിടെ പ്രകാശന് കൂട്ടിരിക്ക്‌. ഞങ്ങളിപ്പോ വരാം."
എല്ലാവരെയും കൂട്ടി ഞാന്‍ പുറത്തിറങ്ങി.

നിറയെ പൂത്തു നില്‍ക്കുന്ന മുല്ലകള്‍ നിറഞ്ഞ തറയും കടന്നു ഞങ്ങള്‍ പറമ്പിലെ പുല്ലിലൂടെ നടന്നു.
വിശാലമായ പറമ്പിന്റെ ഒരു ഭാഗത്ത് മരങ്ങള്‍ ഇട തൂര്‍ന്നു നില്‍പ്പുണ്ടായിരുന്നു.
മുന്നോട്ടു നീങ്ങും തോറും അതൊരു കാവാണെന്നു ഞങ്ങള്‍ക്ക് മനസ്സിലായി. 
കബീര്‍ എന്‍റെ കയ്യീ പിടിച്ചു. 

"ഡാ, ഞാന്‍ വന്നാ പ്രശ്നമാവോ?"

"നീയിങ്ങട് വാടപ്പാ.." മുന്നോട്ടു നടന്നു കൊണ്ട് ഞാന്‍ പറഞ്ഞു.
ഉണക്കിലകള്‍ വീണു നിറഞ്ഞ കാവില്‍ പ്രഭാത സൂര്യന്‍ നിഴലും വെളിച്ചവും ചേര്‍ന്ന വിസ്മയം സൃഷ്ടിച്ചു.
ഒന്നുരണ്ടു നരിച്ചീറുകള്‍ ഞങ്ങളുടെ സാന്നിധ്യം ഇഷ്ടപ്പെടാതെ തലങ്ങും വിലങ്ങും പറന്നു.

പെട്ടെന്ന്,
മുന്നില്‍ നടന്നിരുന്ന എന്‍റെ കാലു തട്ടി ഒരു തേക്കിലയില്‍നിന്നു ഒരായിരം മഞ്ചാടിക്കുരുകള്‍ മുന്നില്‍ ചിതറി. 
ഞാന്‍ ഒരു നിമിഷം നിശ്ചലനായി. ഒരു തണുപ്പ് എന്‍റെ ശരീരത്തിലേയ്ക്ക് പടര്‍ന്നു കയറുന്നത് പോലെ എനിക്ക് തോന്നി.
കൂട്ടുകാര്‍ക്കും ആ കാഴ്ച അവിശ്വസനീയമായിരുന്നു.
പ്രകാശന്‍ തൂങ്ങിക്കിടന്നതും 'അവള്‍'ആട്ടിയിരിക്കാന്‍ സാധ്യതയുമുള്ളതായ ബലമുള്ള ഒരു വള്ളി അപ്പുറത്തെ മരത്തില്‍നിന്ന് ഞാന്നു കിടപ്പുണ്ടായിരുന്നു.
കുറച്ചുകൂടെ മുന്നോട്ടു പോയപ്പോള്‍ ഒരു സര്‍പ്പക്കല്ലിനപ്പുറത്തു പടര്‍ന്നു വളര്‍ന്ന കശുമാവും അവരിരുന്നു പാട്ട് പാടിയ അതിന്റെ കൊമ്പും ഞങ്ങളെ വരവേറ്റു.
കുറച്ചു മുന്‍പിലായി വലിയൊരു നാട്ടുമാവും അതിന്റെ ചുവട്ടിലായി ഉടച്ചു പിഴിഞ്ഞ് ചാറ് കുടിച്ച മാമ്പഴങ്ങളും കണ്ട് ഞങ്ങള്‍ തരിച്ചു നിന്നു. 
അഭൗമമായൊരു വലയം ഞങ്ങള്‍ക്ക് ചുറ്റും രൂപം കൊള്ളുന്നതായി തോന്നിയ മാത്രയില്‍ കബീര്‍ മുന്നോട്ടോടി.
പുറകെ ഞങ്ങളും.
ഓടിക്കിതച്ചു വീട്ടില്‍ കയറിയപ്പോള്‍ സോമേട്ടനരികെ പ്രകാശന്‍ അപ്പോളും ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. 
കണ്ട വിശേഷങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ ഒരു നെടുവീര്‍പ്പുമായി സോമേട്ടന്‍ എണീറ്റു. 
ചിന്തകളുടെ കുത്തോഴുക്കില്  കലങ്ങിയ മനസ്സുമായി രണ്ടു ചാല്‍ ഹാളിലൂടെ നടന്നു.
എന്നിട്ട് ഞങ്ങളോട് പ്രകാശന്‍ വീണു കിടന്നിരുന്ന മുറിയിലേയ്ക്ക് വരാന്‍ ആംഗ്യം കാണിച്ചു.
സോമേട്ടനെ പിന്തുടര്‍ന്നു, പഴക്കം കൊണ്ട് ദ്രവിച്ച, പൊളിഞ്ഞു വീഴാറായ വാതിളിവാതിലിനു മുന്നില്‍ എത്തി നിന്നു. പ്രകാശന്റെ സ്വപ്ന സുന്ദരി വെള്ളമെടുക്കാന്‍ പോയ വാതില്‍. അവളെ പിന്തുടര്‍ന്ന പ്രകാശന്‍ തലയടിച്ചു വീണ വാതില്‍..  ഒട്ടും ബലം പ്രയോഗിക്കാതെ സോമേട്ടന്‍ അത് തുറന്നു.. 
ആ വാതിലിനു പിന്നിലെ കാഴ്ച കണ്ട് ഞങ്ങള്‍ ഞെട്ടി.

അത് തുറന്നത് പാതാളത്തോളം താഴ്ചയുള്ള ഒരു കിണറ്റിലെയ്ക്കായിരുന്നു !

31 comments:

ഒരു യാത്രികന്‍ said...

അസ്സലായി അനിമേഷേ.എനിക്കിഷ്ടമായി.....സസ്നേഹം

സുല്‍ |Sul said...

verthe manushyane pyaaadippikkand pOderkka...
KoLLaam ttaa..

animeshxavier said...

പേടിപ്പിച്ചു .. എന്ന് പറയാനും മാത്രം വല്ലതും ഉണ്ടോ?
ഇതെഴുതുമ്പോള്‍ പേടിപ്പിക്കുക എന്നൊരു ഉദ്ദേശം ഒട്ടും ഇല്ലായിരുന്നു.
ക്ഷമി..
അഭിനന്ദനങ്ങള്‍ സ്വീകരിക്കുന്നു..
നന്ദി.

Anonymous said...

spirits oru sathyamanu.. kettukathayalla. ee story 100% nadannathu thanne akam..

animeshxavier said...

ithu bhaavanayaanu..
chilarude samsaarangale adhikarichezhuthiyathu.

Sneha said...

നല്ല ആകാംഷ നിറഞ്ഞ കഥ... കുറച്ചു നേരത്തേക്ക് വേറെ ഏതോ ലോകത്ത് എത്തിപ്പെട്ടത് പോലെ. ഇഷ്ട്ടപ്പെട്ടു. കണ്‍മുന്നില്‍ കണ്ടത് പോലെ രസിച്ചു വായിച്ചു.
നല്ല ഭാവന......!!

അനിയേട്ടാ..അഭിനന്ദനങള്‍ ........:)
പ്രതിക്ഷയോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു.

Subeesh Balan | സുഭീഷ് ബാലൻ said...

ഷിജു എസ് ശശിധരന്റെ ദേ..https://plus.google.com/111026796912227671216/posts/L2P38Nfswj8 ഈ ലിങ്കിൽ നിന്നാണ് മാഷിന്റെ ബ്ലോഗ് വരെ എത്തുന്നത്. കഥകൾ ഓരോന്നായി വായിച്ചു വരുന്നു. ഇഷ്ടപ്പെടുന്നുണ്ട്. ആദ്യം വായിച്ചത് "അജ്ഞാതന്റെ ചിരി" തന്നെ. എഴുത്ത് തകർക്കുന്നുണ്ട്.. അഭിനന്ദനങ്ങൾ :). ഞാനും ഒരു തൃശൂർക്കാരനാ...(കുന്നംകുളം). അപ്പോ ശരി ബാക്കിയുള്ളതു കൂടി വായിച്ചോട്ടെ :)

ഇലഞ്ഞിപൂക്കള്‍ said...

ഒറ്റശ്വാസത്തില്‍ വായിച്ചുതീര്‍ത്തു.. നല്ല ഒഴുക്കുള്ള ശൈലി.. അവസാനം വരെ വായനക്കാരില്‍ ആകാംക്ഷ നിലനിര്ത്തുന്നു.. ആശംസകള്‍..

animeshxavier said...

Subheesh, Sneha, Ilanjipookkal..
നന്ദി .. പ്രിയ സുഹൃത്തുക്കളെ.
അഭിപ്രായങ്ങള്‍ വീണ്ടും എഴുതുന്നതിനുള്ള പ്രചോദനമാണ്.
എഴുത്തില്‍ നീതി പുലര്ത്തണമെന്ന ഉള്പ്രേരകമാണ്.
നന്ദി, വീണ്ടും.

animeshxavier said...

Sul..,
വിട്ടുപോയി.. നന്ദി!

സുരഭിലം said...

ഭയങ്കരം ... കലക്കി ട്ടോ

രമേശ്‌ അരൂര്‍ said...

അനിമേഷ് സംഭവം ഇഷ്ടപ്പെട്ടു
എഴുത്തില്‍ വസ്തുതാ പരമായ ഒരു പിശക് ,,കവിത പാടിയത് കാക്കനാടന്റെ കുറത്തി എന്നെഴുതിയിട്ടുണ്ട് ,കാക്കനാടന്‍ കവിയല്ല ,കുറത്തി എന്ന കവിത കടമ്മനിട്ടയുടെതാണ് ...തിരുത്തുമല്ലോ

animeshxavier said...

രമേശ്‌..
നന്ദി. ഒരുപാട്. അതൊരോന്നര തെറ്റ് തന്നെ ആയിരുന്നു. തിരുത്തി.
സുരഭിലം.. നന്ദി.

ശങ്കരനാരായണന്‍ മലപ്പുറം said...

എനിക്കിഷ്ടമായി!

ഷാജു അത്താണിക്കല്‍ said...

കഥാ എന്ന സമ്പവം ഈ എഴുത്തിനാല്‍ വയികുന്നവരെ വരികളിലേക് ഇറക്കി വിടുന്ന വിധത്തില്‍ താങ്കള്‍ ന്നല്ല രീതിയില്‍ വിവരിച്ചു
ആശംസകള്‍
ഇത് തുടരുക

കുഞ്ഞൂസ് (Kunjuss) said...

ആദ്യാവസാനം പിടിച്ചിരുത്തുന്ന കഥാ ശൈലി നന്നായിട്ടുണ്ട് ട്ടോ...

animeshxavier said...

ശങ്കരനാരായണന്‍, ഷാജു, കുഞ്ഞൂസ്.. നന്ദി.
ഇത്തവണ മാതൃഭൂമി ബ്ലോഗനയില്‍ എന്‍റെ "അജ്ഞാതന്റെ ചിരി" എന്ന ബ്ലോഗ്‌ പോസ്റ്റ്‌ വന്നിട്ടുണ്ട്.
വായിച്ചു അഭിപ്രായം പറയുമല്ലോ.

http://animeshxavier.blogspot.com/2011/07/blog-post_25.html

Unknown said...

Hi Ani ...Nannayirkkunutto katha

kurach okke sadaa kathayude craft ...last nannayirikkunu

animeshxavier said...

Thank you, 'my dreams'!!

Fyzie Rahim said...

എനിക്കധികം വായിച്ചു പരിചയമില്ല... എങ്കിലും ഇതെന്നെ വല്ലാതെ ആകര്ഷിപ്പിച്ചു.... താങ്കള്‍ക്കു എഴുതി മയക്കാന്‍ പറ്റുന്ന ഒരു കഴിവുണ്ട്... ഇനി എനിക്ക് വായിച്ചു പരിചയം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല.. ഇത് വായിക്കുമ്പോ എന്റെ രോമകൂപങ്ങള്‍ ഉയര്‍ന്നു നിന്ന്.. കണ്ണില്‍ നിന്നും ഉറവ പൊട്ടി... ഭയമെന്ന വികാരം ഞാനോട്ടക്കിരിക്കുന്ന മുറിയില്‍ താന്കള്‍ എഴുത്തിലൂടെ വിതച്ചു...

malavika said...

swapnam .....sharikkum....sundaraswapnam.....

animeshxavier said...

റഹിം
"ഇനി എനിക്ക് വായിച്ചു പരിചയം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല...."
അത് തന്നെയാവും കാര്യം! ഞാന്‍ അത്രയേ ആയിട്ടുള്ളൂ..
കുറച്ചു നേരമെങ്കിലും മറ്റുള്ള കാര്യങ്ങള്‍ മറക്കാന്‍ എന്‍റെ എഴുത്ത് പ്രേരകമായിട്ടുന്ടെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി!

മാളവിക ...
നന്ദി.

Manju Manoj said...

മനുഷ്യനെ പേടിപ്പിക്കനായിട്ടു ഓരോ കഥകള്‍!!!ഹഹഹ...നന്നായിട്ടുണ്ട് കേട്ടോ അനിമേഷേ...

My thoughts said...

കൊള്ളാം വായിക്കാന്‍ നല്ല രസമുണ്ട്
അനുഭവം അല്ലെങ്കിലും .............
ഓരോ കഥ പാത്രങ്ങള്‍കും രൂപം കൊടുത്തു പൊയ്
ബാക്കി അറിയാതെ ഇനി രക്ഷ ഇല്ല

kARNOr(കാര്‍ന്നോര്) said...

ഇയ്യിങ്ങനെ പേടിപ്പിച്ചാ ഞങ്ങ രാത്രീ മൂത്രമൊഴിക്കാനും കൂടി എണീക്കില്ലാട്ട..

ഭായി said...

ആദ്യം വായിച്ചത് ഇതാണ്. ഞെട്ടിച്ചു !!

ബാക്കി പിറകേ വായിക്കുന്നുണ്ട് :)

animeshxavier said...

Manju, Anija, Kaarnnor, Bhaai...
നന്ദി.. ഒരുപാട്!

Unknown said...

kalakketa...

Cv Thankappan said...

ഇപ്പോഴാണ് എനിക്കിത് വായിക്കാന്‍ കഴിഞ്ഞത്.മുമ്പ്‌ കണ്ടിരുന്നില്ല.
ഒരേയിരിപ്പില്‍ വായിച്ചുതീര്‍ത്തു.
ഈ നല്ല രചന ഇഷ്ടപ്പെട്ടു.
ആശംസകള്‍

animeshxavier said...

Thanks, Thankappettan

Anonymous said...

ശ്ശൊ!.....................