Powered By Blogger

Wednesday, October 19, 2011

വിദ്യാരംഭം

ഞായറാഴ്ച കുര്‍ബാനയുടെ പ്രസംഗത്തിനവസാനം അച്ഛന്‍ പറഞ്ഞു..
"കുട്ടികളെ അടുത്ത ഞായറാഴ്ച രാവിലെ ഏഴു മണിക്ക് എഴുത്തിനിരുത്താനുള്ള ദിവസമാണ്. മുന്‍പ് വിളിച്ചു പറഞ്ഞിരുന്നു.. ഇനിയും ആരെങ്കിലും ഉണ്ടെങ്കില്‍ വേഗം പേര് തരേണ്ടതാണ്. അക്ഷരം പഠിച്ചു തുടങ്ങുന്നതിനു മുന്നോടിയായി പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ മണലില്‍ യേശു എന്നെഴുതി വിദ്യാരംഭം കുറിക്കുന്നത് വളരെ നല്ല കാര്യമാണ്. കുട്ടികള്‍ക്ക് ദൈവാനുഗ്രഹം ലഭിക്കും..........."
എനിക്കെന്തോ ചുമ വന്നു. 

ബോര്‍ അടിക്കുമ്പോള്‍ അത് പതിവാ. 
പള്ളിക്കകത്തുനിന്നും പതിയെ പുറത്തിറങ്ങി. പ്രസംഗം അവസാനിച്ചപ്പോള്‍ വീണ്ടും അകത്തു കയറി.

കുര്‍ബാന കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുമ്പോള്‍ എന്‍റെ പ്രിയ സുഹൃത്ത് ചോദിച്ചു.
"ഇത് വരെ പേര് കൊടുത്തിട്ടില്ലല്ലോ.. കൊടുക്കണ്ടേ?"

മുകളില്‍ നിന്ന് താഴേയ്ക്ക് നീണ്ട ഒരു നോട്ടവും ഒരു ബെസ്റ്റ് മൂളലും തിരികെ കിട്ടിയതില്‍ അവള്‍ സായൂജ്യമടഞ്ഞു!


വീട്ടില്‍ ചെന്നപ്പോള്‍ ചോദ്യം വേറെ സ്ഥലത്ത്നിന്നെത്തി..
"അടുത്ത ആഴ്ച രാവിലത്തെ കുര്‍ബാനയ്ക്ക് കുട്ടനേം കൊണ്ട് പൊക്കോ. എഴുത്തിനിരുത്തണ്ടേ?" അമ്മയാണ്.

"ഹ്മം..." അവിടേം മൂളല് കൊണ്ട് മറുപടി കൊടുത്തു..

അടുത്ത ഞായറാഴ്ച..
രാവിലെ നേരത്തെ എണീറ്റ്‌ കുട്ടനെ വിളിച്ചെണീപ്പിച്ചു കുളിപ്പിച്ചു.
നേരെ പോയി അപ്പനെ വിളിച്ചു..

"ആ.. നീ കുട്ടന്റെ പേര് കൊടുത്തിരുന്നോ?
ഞാന്‍ വിചാരിച്ചത് പേര് കൊടുത്ത്തിട്ടില്ലെന്നാ.."

അപ്പന്റെ കണ്ണുകളിലേയ്ക്ക് നോക്കി ഞാന്‍ പറഞ്ഞു..
"ഞാന്‍ ഇവനെ പള്ളീല്‍ കൊണ്ട് പോയി എഴുത്തിനിരുത്താന്‍ പോണില്ല.
മുപ്പതു കൊല്ലത്തെക്കാള്‍ കൂടുതല്‍ അധ്യാപകരായി ആയിരക്കണക്കിന് വിദ്യാര്‍തഥികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്ത ഒരപ്പൂപ്പനും അമ്മൂമ്മയും അവനുണ്ട്.
അവരങ്ങ് എഴുത്തിനിരുത്തിയാ മതി.
അതുകൊണ്ടുണ്ടാവുന്ന സുകൃതം മതി അവനു.
പള്ളീല് എഴുത്തിനിരുത്താതെ ഇങ്ങിനെ ച്യ്തിട്ടു അവന്റെ ദൈവാനുഗ്രഹം അങ്ങ് കുറഞ്ഞു പോയെങ്കില്‍ അവന്റെ തന്ത എന്ന നിലയില്‍ ഞാന്‍ സഹിച്ചു.
എനിക്ക് ഇതാ കൂടുതല്‍ നല്ലതായി തോന്നുന്നത്."

അപ്പന്‍ ഒരു നിമിഷം ഒന്നും പറയാനാവാതെ നിന്നു..

അമ്മൂമ്മയുടെ മടിയിലിരുന്നു ചിരിച്ചു ഉല്ലസിച്ചു മോന്‍ ആദ്യാക്ഷരം കുറിച്ചു. 

ആ കുഞ്ഞു വിരലുകള്‍ കൊണ്ട് അക്ഷരമെഴുതിക്കുമ്പോള്‍ അപ്പന്റെ കണ്ണുകളില്‍ ചെറിയ നനവുണ്ടായിരുന്നു.
മുഖത്ത് ഏതു ദൈവാനുഗ്രഹത്തെക്കളും വിലമതിക്കുന്ന അഭിമാനം കലര്‍ന്ന സന്തോഷവും.

7 comments:

പ്രേം I prem said...

വളരെ നന്നായിരിക്കുന്നു,
നന്നായിരിക്കുന്നു എഴുത്ത്.
നന്മകള്‍.

animeshxavier said...

Thank you, friends.

Anonymous said...

Appreciate..

മറ്റെല്ലാത്തിനേയും പോലെ വിദ്യാരംഭവും കമ്പോളവൽക്കരിക്കപ്പെടുന്നു. ജനങ്ങളെ പിടിച്ചു നിർത്താൻ പള്ളികളിലും ഇതൊക്കെ ചെയ്യാതെ മാർഗമില്ല.

@$L@m said...

ഗുഡ് :-))
വലുതാകുമ്പോള്‍ അവന് ഇതില്‍ അഭിമാനമേ തോന്നൂ... എന്നെയൊക്കെ അറിവിന്റെ ആദ്യത്തെ അക്ഷരം കുറിപ്പിച്ചത് ആരായിരിക്കും എന്ന് വെറുതെ ഓര്‍ത്തു പോയി.. ആ, ഉമ്മയായിരിക്കണം... ഓര്‍മ്മ വെച്ച കാലം മുതല്‍ ഉമ്മയാണ് എല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്നത്... അതിനു മുന്നെയുള്ളതിനു ഒരു റെക്കോര്‍ഡും ഇല്ലല്ലോ :)(:

Shaleer Ali said...

എഴുത്ത് ഇഷ്ട്ടമായി ...
ദൈവം സര്‍വ്വ വ്യാപിയല്ലേ ..അവന്റെ അനുഗ്രഹവും അങ്ങനെ തന്നെ.. പിന്നെയെന്തിനാണീ മാമൂലുകള്‍...!
കുട്ടനും കുട്ടന്റെ അച്ഛനും എല്ലാ വിധ ആശംസകളും...

Kaithamullu said...

അനീ, നീയാടാ യഥാര്‍ത്ഥ അച്ചന്‍, യഥാര്‍ത്ഥ മകനും!

© Mubi said...

വളരെ നല്ല കാര്യം...

ആശംസകള്‍