Powered By Blogger

Friday, December 9, 2011

ഒരു കരോളിന്റെ ഓര്‍മ്മയ്ക്ക്‌


ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോളാണ് അപ്പന്‍ ഒരു ക്രിബ് സെറ്റ് വാങ്ങിച്ചു തന്നത്.
രാജാക്കന്മാരെയും ഒട്ടകത്തെയും ആട്ടിന്‍ കുട്ടികളെയും നോക്കി ഞാന്‍ കുറെ നേരം ഇരുന്നു.

പുല്‍ക്കൂടും അതിനു മുന്നില്‍ നൂലില്‍ കെട്ടിയിറക്കാന്‍ പോകുന്ന മാലാഖയേയും ഭാവനയില്‍ കണ്ടു.
പക്ഷെ, ആ കൊല്ലം ആറ്റു നോറ്റു പുല്‍ക്കൂടുണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ അപ്പന്റെ വല്യപ്പന്‍ മരിച്ചു എന്നാ വാര്‍ത്ത വന്നു. വാലായ്മ്മ കാരണം നോ പുല്‍ക്കൂട്‌! 

വിഷമിച്ചു കരഞ്ഞു.

പിന്നീടുള്ള കുറച്ചു വര്‍ഷങ്ങളില്‍ അപ്പന്റെ ഹെല്പ്പോടെ, പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കപ്പെട്ടു. അത് കഴിഞ്ഞു സ്വയം സൃഷ്ടികള്‍. സ്ടൂല് മലര്ത്തിയിട്ട്, മേശപ്പുറത്തു, പുല്ലു മേഞ്ഞ്, നെല്ലും തിനയും കിളിര്പ്പിച്ചു.. അങ്ങിനെ അങ്ങിനെ പല തരം പുല്‍ക്കൂടുകള്‍ റെഡി.


പത്താം ക്ലാസ്സ് കഴിഞ്ഞപ്പോളാണ് വീട്ടിനടുത്തുള്ള ഗെഡികളോടൊപ്പം ആദ്യമായി കരോള്‍ സംഘം ഉണ്ടാക്കിയത്. ചെറിയ തണുപ്പുള്ള രാത്രിയില്‍ കരോള്‍ പാട്ടുകളൊക്കെ പാടി വീടുകളിലെ ആളുകള്‍ക്ക് ഷെയ്ക്ക് ഹാന്ടും ടാറ്റയും കൊടുത്തു ക്രിസ്തുമസ് ഫാദറിനൊപ്പം ഞങ്ങള്‍ നൃത്തം വച്ച് നടന്നു. കുടുക്കയില്‍ വീഴുന്ന കാശിനേക്കാള്‍ ഓരോ വീടുകളിലും നിന്ന് കിട്ടുന്ന സ്വീകരണത്തിനു എന്ത് സുഖമായിരുന്നു.

കാലം മുന്നോട്ടോഴുകിയപ്പോള്‍, വീട്ടിലെ പുല്‍ക്കൂട്‌ പണി എങ്ങിനെയും തീര്ത്ത് പള്ളിയില്‍ ക്രിസ്തുമസ് ഗംഭീരമാക്കുന്നതില്‍ മുഴുകി. ഓരോ തവണയും പുതിയ മാതൃകകളില്‍, ഭംഗിയില്‍, വലിപ്പത്തില്‍ പുല്‍ക്കൂടുകലുണ്ടാക്കി. ഇത്തവണത്തെ പുല്‍ക്കൂട്‌ കഴിഞ്ഞ തവണത്തെക്കാള്‍ ഗുമ്മാ യീണ്ട് എന്ന് കേള്‍ക്കാനുള്ള വാശിയില്‍  ഓരോ തവണയും ഞങ്ങള്‍ ഉറക്കമൊളിച്ചു.

ക്രിസ്തുമസ് ഈവിനു (ഇരുപത്തിനാലിന് വൈകീട്ട്) വിപുലമായ കരോളിനു ഞങ്ങള്‍ തുടക്കമിട്ടു . സൈക്കിളില്‍ വെച്ച് കെട്ടിയ മൈക്ക് സെറ്റും വാടകയ്ക്കെടുത്ത ചെണ്ട, തപ്പ്, തകില്‍ എന്നിവയുമായി പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ പള്ളിയ്ക്ക് ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും ഞങ്ങള്‍ കയറി. കട്ടന്‍ കാപ്പിയും വട്ടെപ്പവും ഷെയര്‍ ചെയ്തു കഴിച്ചു. പാട്ട് പാടി, കൈ കൊട്ടി. എങ്ങിനെയൊക്കെ പരസ്പരം പ്രോത്സാഹിപ്പിച്ചിട്ടും  ഒരു ഉന്മേഷക്കുറവു ഫീല്‍ ചെയ്യുന്നു. പാട്ടുകള്‍ക്ക് സ്പീഡില്ല എന്നതാണ് പ്രശ്നം. കൊട്ടിന് കൊഴുപ്പ് കൂട്ടി, വിസിലടിച്ചു . 'ടെമ്പോ' കുറവായ കരോള്‍ പാട്ടുകള്‍ക്ക് സ്പീഡ് കൂട്ടി നോക്കി!
പക്ഷെ ഈ വക അഭ്യാസങ്ങളൊക്കെ ചെയ്തിട്ടും ഒരു ഗുമ്മില്ല. ഒരു ആവേശം ഉണ്ടാവുന്നില്ല.

"ഡാ.. പാട്ടൊന്നു മാറ്റിപ്പിടിച്ചാലോ?"


"എന്ത് പാട്ട്?"

"സിനിമാ പാട്ട് പെടച്ചാലോ?"

സിനിമാപാട്ട് പാടിയാല്‍ വികാരി അച്ഛന്റെ സില്‍ബന്ധികള്‍ ഞങ്ങളെ ഒറ്റിക്കോടുക്കുമെന്നു ഉറപ്പാണ്. അങ്ങനെ വിവിധ വിചാരങ്ങള്‍, കണ്ഫ്യൂഷനുകള്‍ തുടങ്ങിയവയില്‍ മുഴുകി തല പുകയുന്ന നേരത്ത് എന്‍റെ കൂട്ടുകാരന്‍ ബിജു ഉറക്കെ പ്രസ്താവിച്ചു..

"ഇനി പുതിയൊരു പാട്ട്... ഏക്‌ ദോ തീന്‍ ന്നു പറഞ്ഞ ഹിന്ദി പാട്ടിന്റെ ട്യൂണിലാണെ .. കൊട്ടുകാരോക്കെ തയ്യാരെടുത്തോ."

അച്ഛന്റെ സില്‍ബന്ധികള്‍ മുഖത്തോട് മുഖം നോക്കി നെറ്റി ചുളിച്ചു.

"നിങ്ങള്‍ ബെജാരാവണ്ട.. യെശൂന്റെ പാട്ടന്ന്യാ.." ബിജു പറഞ്ഞു.

"ഓക്കേ റെഡി.. മ്യൂസിക്കിട്ടോ.."
ചെണ്ടകൊട്ടുയര്‍ന്നു.. 
"ഡിംഗ് ടോന്ഗ് ഡിംഗ്..
ഡിംഗ് ടോന്ഗ്...." ബിജു തുടങ്ങി..


"ഇത് സിനിമാ പാട്ടന്ന്യാ.. ഞാന്‍ അച്ഛനോട് പറയും." ഒരു മര്‍ക്കടന്‍  ഭീഷണി മുഴക്കി.


ഒന്നമ്പരന്ന ഞങ്ങളെ നോക്കി കണ്ണിറുക്കി ബിജു തൊണ്ട പൊട്ടുന്ന ശബ്ദത്തില്‍ തുടര്‍ന്നു പാടി..

"ഓരെശു, രണ്ടെശു, മൂന്നെശു, നാലേശു.. അഞ്ചാരേശു..
ദേ കെടക്കണ് പുല്ലുംകൂട്ടില്‍..
അയ്യടാ, കാണാന്‍ എന്തൊരു ചന്തം!"

4 comments:

My thoughts said...

Chirikan nalla rasamundu.............

animeshxavier said...

Thank you, Anija.

Shyam said...

Kollam Aniyettaaaaaaa ee posting vythysthamayerikkunnu...

animeshxavier said...

നന്ദി. ശ്യാം.