Tuesday, August 21, 2012

പെരുന്നാള്‍ ഡ്രസ്സ്‌

ഇന്നലെ വൈകീട്ട് 
ജോലി കഴിഞ്ഞു ബസ് സ്ടാണ്ടിലെയ്ക്ക് നടക്കുമ്പോള്‍ റെയില്‍വേ സ്റേഷന്‍ റോഡരികില്‍ ഒരു ചെറിയ ജനക്കൂട്ടം.
കൂടി നിന്നവരുടെ ഇടയിലൂടെ എത്തിച്ചു നോക്കിയപ്പോള്‍ താഴെ ഒരു ചെറുപ്പക്കാരന്‍ ഇരിപ്പുണ്ട്. അവനടുത്ത് വേറെ രണ്ട് യുവാക്കളും.
ബംഗളൂര്‍, ചെന്നൈ ബസുകള്‍ ആളെ പിക് ചെയ്യുന്ന സ്ഥലമാണ്. ചുറ്റും കൂടിയവര്‍ അധികവും ചെറുപ്പക്കാരായ യാത്രക്കാരാണ്.

"ദാ.. ഈ വെള്ളം കൊടുക്കൂ.."
ആരോ വെള്ളം കുപ്പി നീട്ടി.

"എന്താ സംഭവം?" ഞാന്‍ ഒരുത്തനോടു ചോദിച്ചു.

"സ്മാള്‍ ആണെന്ന് തോന്നുന്നു"

"ഏയ്‌, ഫിട്സ് ആണ് ചേട്ടാ.." അടുത്ത് നിന്നവന്‍ തിരുത്തി.

ഞാന്‍ അകത്തേയ്ക്ക് നൂണ്ടു കയറി. അടുത്തിരിക്കുന്നവര്‍ അവനോടു വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്. അവരോടു എന്താ സംഭവം എന്ന് ചോദിച്ചു. 

"നടന്നു പോകുമ്പോള്‍ വീണതാ.. ഫിട്സ് ആണെന്ന് തോന്നുന്നു."

"എങ്കില്‍ വെള്ളം കൊടുക്കണ്ട" ഞാന്‍ പറഞ്ഞു.

"ശുദ്ധവായു കിട്ടട്ടെ.. ഇത്തിരി അകന്നു നില്‍ക്കൂ.." എന്ന എന്‍റെ സംസാരത്തിനു പുറകെ ഒരു ബസ് വന്നു നിന്നു. കുറെ പേര്‍ അതില്‍ കയറാന്‍ പോയി. ഇപ്പോള്‍ ഞാനും വീണ പയ്യനും വേറെ മൂന്നു പേരും മാത്രം.
പാന്റും ഷര്‍ട്ടും വില കുറഞ്ഞ ഷൂവും വേഷം. ഒരു ഇരുപതു - ഇരുപത്തിരണ്ടു വയസ്സ് പ്രായം വരും. ശാരീരികമായി എന്തോ പ്രത്യേകത തോന്നി. പരിക്ഷീണിതമായ മുഖം.

"ഇപ്പൊ ആശ്വാസമായോ?" ഞാന്‍ ചോദിച്ചു.

"ഉം.."

"എവിടെയാ വീട്?"

"താഞ്ഞൂര്‍.."

"അതെവിടെ?"

"അത് മലപ്പുറത്തല്ലേ?" അടുത്ത് നിന്ന ചങ്ങാതി ചോദിച്ചു.

"ഉം."

"ഇവിടെ ആരെയെങ്കിലും ഉണ്ടോ?"

"ഇല്ല."

"ആരെയെങ്കിലും കാണാന്‍ വന്നതാ?"

"അല്ല."

"പരിചയമുള്ള ഫോണ നമ്പര്‍ ഉണ്ടോ? നിന്റെ കയ്യില്‍ ഫോണ ഉണ്ടോ?"

"എന്‍റെ കയ്യില്‍ ഇല്ല."

എന്തോ പ്രത്യേകത സംസാരത്തിനുണ്ട്. ഒരു കൊച്ചു പയ്യന്‍ സംസാരിക്കുന്ന ടോണ്‍.

"എനിക്ക് എണീക്കണം. "അവന്‍ പറഞ്ഞു.

"എണീക്കാന്‍ പറ്റ്വോ? ഇപ്പൊ ഉഷാറായോ?"

"ഉം."

ഞാനും അടുത്ത് നിന്ന ആളും കൈ കൊടുത്തു. അവന്‍ എണീറ്റു. നെഞ്ച് തള്ളിയിട്ടാണ്. ശരീരത്തിനു മൊത്തം ഒരു വളവുണ്ട്. കൈകള്‍ക്ക് ആരോഗ്യമുന്ടെങ്കിലും കാലുകള്‍ക്ക് ആരോഗ്യം പോരാ.
"എന്തിനാ നീ തൃശൂര്‍ക്ക് വന്നത്?"

"പെരുന്നാളിന് ഡ്രസ്സ്‌ എടുക്കാന്‍."

"മലപ്പുറത്തുനിന്നു ഇങ്ങോട്ടോ? എന്നിട്ട് നിന്റെ കയ്യില്‍ ഒന്നും കാണാനില്ലല്ലോ?" ഒപ്പമുള്ള ചേട്ടന്‍ ചോദിച്ചു.

അവന്‍ മിഴിച്ചു നോക്കി.

"നീ  ഡ്രസ് എടുക്കാന്‍ വന്നതാ?" വളരെ ശബ്ദം താഴ്ത്തി ഞാന്‍ ചോദിച്ചു.

"ഡ്രസ്സ്‌ എടുക്കാന്‍ കാശ് ചോദിക്കാന്‍ വന്നതാ.:"

"ആരോടു?"

"പെരുന്നാളിന് പള്ളീടെ അവിടയൊക്കെ ചോദിച്ചാല്‍ കിട്ടാറുണ്ട്."

"എന്നിട്ട് കിട്ടിയോ?"  ഒപ്പമുള്ള ചെറുപ്പക്കാരന്‍ ചോദിച്ചു.

പോക്കറ്റില്‍ കയ്യിട്ടു അവന്‍ കുറച്ചു പത്തുരൂപകള്‍ കാണിച്ചു. നൂറു രൂപയില്‍ താഴെ വരും. പിന്നെ, ഒരു ചീര്‍പ്പും.

"ഇതുകൊണ്ട് എന്താടാ കിട്ട്വ..പെരുന്നാള് ഇവിടെയൊക്കെ ഞായറാഴ്ച ആര്ന്നില്ലേ.. പാവം" അയാള്‍ സഹതപിച്ചു.

അവന്‍ നിസ്സഹായനായി നിന്നു.

"അപ്പൊ ഈ ഗെടി കുടിച്ചു വീണതല്ലാ ല്ലേ? ഞാന്‍ നേരത്തെ വിചാരിച്ചത് ഫിറ്റാന്നാ.." അടുത്ത കടയിലെ ആള്‍ വന്നു എത്തി നോക്കി പറഞ്ഞു.

എനിക്ക് അവന്റെ മുഖം കണ്ടപ്പോ ഭയങ്കര വിഷമം വന്നു.
"നീ എങ്ങിന്യാ വന്നത്?"

"ട്രെയിനില്‍."

"ഇനി എന്താ ചെയ്യാ?"

"വീട്ടീ പോണം."

"എങ്ങിന്യാ പോവാ?"

"ട്രെയിനില്‍  പോവും."

"കണ്ണൂര്‍ വണ്ടി ഇപ്പോള്‍ ഉണ്ട്. അതില് പോവാമോ?" വാച്ച് നോക്കി അടുത്തുനിന്ന ആള്‍ ചോദിച്ചു.

"ഉം."

"നീ എന്തെങ്കിലും ഭക്ഷണം കഴിച്ചോ?" ഞാന്‍ ചോദിച്ചു.

അവന്‍ മറുപടി പറഞ്ഞില്ല.

"വാ.. എന്തെങ്കിലും കഴിക്കാം." ഞാന്‍ അടുത്തുള്ള ഹോട്ടലിലേയ്ക്ക് അവനെ വിളിച്ചു.

അവന്‍ മടിച്ചു..

"ഈ ട്രെയിന്‍ല് പോവാനാ."

"ശരി. നീ നടന്നു പോവണ്ട. ഓട്ടോയില്‍ കയറ്റി വിടാം. ടിക്കറ്റെടുത്ത് പോണം ട്ടോ."

"ഉം."

ഒപ്പമുണ്ടാര്‍ന്ന ചങ്ങാതി ഒരു ഓട്ടോക്കാരനെ കൈ കാണിച്ചു നിര്‍ത്തി. അയാളോട് കാര്യം പറഞ്ഞു. അയാള്‍ അവനെ ഏറ്റെടുത്തു.
ഓട്ടോയില്‍ കയറുമ്പോള്‍ ഞാന്‍ അവനു നൂറു രൂപ കൊടുത്തു.
ആ കണ്ണുകളിലെ തിളക്കം എന്‍റെ ഹൃദയം തുളച്ചു കടന്നു പോയി.
അകന്നു പോകുന്ന ഓട്ടോയും നോക്കി, ഒപ്പമുണ്ടായിരുന്നവരുടെ "കഷ്ടം ല്ലേ" എന്ന വാക്ക് പങ്കിട്ടു സ്ടാന്ടിലെയ്ക്ക് നടക്കുമ്പോള്‍ മാനസികമായും ശാരീരികമായും വയ്യാത്ത ഒരു പയ്യന് വീട്ടില്‍നിന്നു ഇങ്ങിനെ വരേണ്ടി വന്നത് ആലോചിച്ചു എനിക്ക് എന്തോ വിഷമം വന്നു. ഞാന്‍ എന്‍റെ പിള്ളേരെ എങ്ങിനെ വളര്‍ത്തുന്നു എന്നും എന്നെ എന്‍റെ മാതാപിതാക്കള്‍ എത്രത്തോളം ശ്രദ്ദിച്ചിരുന്നെന്നും ആലോചിച്ചു മനസ്സ് അലോസരപ്പെട്ടു. അവന്‍ ട്രെയിന്‍ കിട്ടിക്കാണുമോ? കയറി വീട്ടിലെത്തുമോ? എന്തെങ്കിലും കഴിയ്ക്കുമോ? വീണ്ടും ഫിട്സ് വരുമോ? തുടങ്ങി നൂറു കൂട്ടം ചിന്തകള്‍ ഉയര്‍ന്നു. ഏയ്‌.. എല്ലാം ശരിയാവും. അവനു ഒരു കുഴപ്പവും ഇനി ഉണ്ടാവില്ല, സ്വയം ആശ്വസിപ്പിച്ചു..

പക്ഷെ,
അവനു ഒരു പെരുന്നാള്‍ ഡ്രസ്സ്‌ വാങ്ങി കൊടുക്കേണ്ടതായിരുന്നു എന്ന വിഷമം ഇപ്പോളും മനസ്സില്‍ വിങ്ങുന്നുണ്ട്. അവന്റെ ജീവിതത്തില്‍ കൊടുക്കാമായിരുന്ന ഏറ്റവും നല്ല സമ്മാനമായിരുന്നെനെ, അത്.

12 comments:

കണ്ണന്‍ | Kannan said...

:(.. athrelum cheythallo.. paavam

കണ്ണന്‍ | Kannan said...
This comment has been removed by the author.
രമേഷ്സുകുമാരന്‍ said...

ഇങ്ങനെ എന്തെല്ലാം അനിമേഷ് നമ്മെ തൊട്ടും തലോടിയും നുറുങ്ങുനൊമ്പരങ്ങള്‍ പകര്‍ന്നും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്!ചിലത് മനസ്സില്‍ കാരമുള്ളു പോലെ തറച്ച് ഏറെ നീറ്റുന്നു.ക്രമേണ നാം അതും മറക്കും.അത് ജീവിതത്തിന്റ വിധിയാണ്.

ഫിയൊനിക്സ് said...

വായിച്ചു..താങ്കള്‍ തീര്‍ച്ചയായും അത് വാങ്ങികൊടുക്കെണ്ടാതയിരുന്നു.

ajith said...

നന്മ ചെയ്യാന്‍ അറിഞ്ഞിട്ടും അത് ചെയ്യാത്തവന് അത് പാപം തന്നേ.....(James 4:17)

കഥപ്പച്ച said...

ഇത് കഥയാണോ അതോ ശരിക്കുംനടന്നതോ ...അല്ല മലയാളം കഥ എന്നാ ലേബല്‍ കണ്ടിട്ട് ചോദിച്ചതാണേ... :) എന്തായാലും ഹൃദയ സ്പര്‍ശിയായ വിവരണം ...ആശംസകള്‍

കഥപ്പച്ച said...

ഓ ടോ : ഞാനും തോന്നിവാസത്തില്‍ ചേരുവാ കേട്ടോ

Njan Gandharvan said...

:-)

Jomon Joseph said...

ഹൃദയ സ്പര്ശിയായിട്ടുള്ള അനുഭവം, ആ സമയത്ത് അത്രെങ്കിലും ചെയ്യാന്‍ തോന്നിയ ആ വലിയ മനസിന്‌ എന്റെ കൂപ്പു കൈ , ദൈവം കൂടുതല്‍ അനുഗ്രഹിക്കട്ടെ ,ആശംസകള്‍ !!!

kichu / കിച്ചു said...

.......... :)

ഒരു നാടോടി said...

ആ മലപ്പുറത്തുകാരന്‍ പയ്യന്‍റെ വേഷം എത്രയോ തവണ അണിയേണ്ടി വന്നൊരു കാലമുണ്ടായിരുന്നു എനിക്കും. അന്ന് അനിമെഷേട്ടനെ പോലെ മാലാഖയായി വന്ന ആരൊക്കെയോ എന്നെ ഇവിടെ വരെ എത്തിച്ചു. അത് അവര്‍ക്കൊരു ചെറിയ കാര്യമായിരുന്നിരിക്കാം. പക്ഷേ അതില്‍ പലതും പലരും എന്നെ ജീവിക്കാനും അതിജീവിക്കാനും പ്രേരിപ്പിച്ചവരായിരുന്നു . അവരിലൊരാളായി, ആ സ്നേഹം മുഴുവന്‍ അര്‍പ്പിച്ചു കൊണ്ട് എനിക്ക് ബഹുമാനിക്കുവാന്‍ വേണ്ടി അനിമെഷെന്നോരാള്‍ ഇവിടെയുള്ളത് എന്നെ ഒരുപാടൊരുപാട് സന്തോഷിപ്പിക്കുന്നു. എന്‍റെ ഭാഷ മനസ്സിലാകുമോയെന്നറിയില്ല; ഒട്ടേറെ സൗകര്യം ഉണ്ടായിട്ടും സംസാരിക്കാത്തതും വിളിക്കാത്തതും ആശയപരമായതും അപകര്‍ഷതാബോധമുള്‍പ്പെട്ടതുമായ യാതൊരു കാരണവും ഇപ്പോഴുള്ള ബന്ധത്തിനു കോട്ടം വരരുത് എന്നൊരു നിര്‍ബന്ധമുള്ളത്‌ കൊണ്ടാണ്. നിങ്ങള്‍ എന്ത് തന്നെയായാലും ഞാനിഷ്ട്ടപ്പെടുന്നൊരു സാങ്കല്‍പ്പിക കഥാപാത്രങ്ങളില്‍ താങ്കളുണ്ട്. താങ്കളുടെ അനുഭവങ്ങളുണ്ട് . അത് അങ്ങനെ തന്നെയിരിക്കുന്നതാണ് എനിക്കെറെയിഷ്ട്ടം .

Anonymous said...

nannayirinnu... naration....