Powered By Blogger

Friday, June 9, 2017

ഗ്രെയസ്മാർക്ക്

ചങ്ങാതിയാണ്. അത് വഴി അവന്റെ വീട്ടിൽ എല്ലാവരുമായും അടുപ്പമുണ്ട്. ആളിപ്പോ നാട്ടിലുണ്ട്. ഫാമിലിയും. കണ്ടുകളയാം.
കയറി,
കണ്ടു വിശേഷങ്ങൾ നേരിട്ട് കൈമാറി.
അവന്റെ ചെറിയ കുട്ടികൾ നാട്ടിൽ വന്നതിന്റെ അപരിചിതത്വമില്ലാതെ ഓടിക്കളിക്കുന്നു. അച്ഛച്ഛന്റേം അച്ഛമ്മയുടെയും പ്രിയപ്പെട്ടവരായിരിക്കുന്നു. പ്രായമേറിക്കൊണ്ടിരിക്കുന്ന ആ മുഖങ്ങളിൽ ചിരിയുടെ തിളക്കം.
സന്തോഷം.
ഇടയ്ക്കു ചങ്ങാതിയുടെ അച്ഛനും ഞാനും മാത്രമായപ്പോൾ ആള് പറഞ്ഞു. "ഇത്രനാൾ ഗൾഫിലായിരുന്നിട്ടും കുട്ടികളെ നന്നായി മലയാളം പഠിപ്പിച്ചിട്ടുണ്ട്. ഇവിടത്തെ കുട്ടികളെക്കാൾ സ്ഫുടമായിട്ടാണ് മോനൊക്കെ മലയാളം പറയുന്നത്."
ഞാനൊന്ന് ശ്രദ്ധിച്ചു.
"ഇങ്ങോട്ടൊന്നു നോക്കാമോ?"
"ഇതൊന്നു അൽപ്പനേരം കയ്യിൽ പിടിക്കൂ."
"കുസൃതി കാണിച്ചാൽ ഞാൻ അമ്മയോട് പറയും."
"ദാ നോക്കൂ, ഇതിനു മുകളിൽ.....".
ആഹാ..
നാലര വയസുകാരൻ.. എന്റെ കുട്ടികളെക്കാൾ മിടുക്കായി മലയാളം പറയുന്നുണ്ട്. നല്ല അച്ചടി പോലത്തെ ഭാഷ.
ചങ്ങാതിയെ കിട്ടിയപ്പോൾ അവനോട് ചോദിച്ചു.
"ആരാ, പിള്ളേർക്ക് മലയാളം പറഞ്ഞു കൊടുക്കുന്നത്? നന്നായി പഠിപ്പിച്ചിട്ടുണ്ടല്ലോ. നീയാവില്ല. നിന്റെ മലയാളം എനിക്കറിയാലോ!"
"ഞാനുമല്ല അവളുമല്ല."
"പിന്നെ, അതിനു ട്യൂഷൻ വച്ചോ? "
"നീ അവൻ പറയുന്നത്‌ ഒന്ന് ശ്രദ്ധിച്ചെ.ഇതേ ട്യൂൺ.. ഇതേ വാക്കുകൾ പലതും ഞാൻ നിനക്ക് കേൾപ്പിച്ചു തരാം."
അവൻ ടിവി ചാനൽ മാറ്റി. അതോടെ കളിക്കിടയിൽനിന്നു മോൻ വന്നു ടീവിക്ക്‌ മുന്നിൽ നിന്നു.
സെയിം ട്യൂൺ.. വാക്കുകളും അതുപോലൊക്കെ തന്നെ!
കൊച്ചു ടീവി !!
"അവിടെ ഫുൾ ടൈം ഈ കാർട്ടൂണുകൾക്കു മുന്നിലിരുന്നു അവൻ തന്നെ പഠിച്ചതാ.
പിന്നെ, ആരോടും ഈ കാര്യം പറയണ്ടാ. വീട്ടിലൊക്കെ ശ്രീമതിയ്ക്കു ഇത്തിരി ഗ്രെയസ്മാർക്ക് കിട്ടീട്ടുണ്ട്.
കളയരുത്, പ്ലീസ്"

1 comment:

Maithreyi Sriletha said...

കൊള്ളാല്ലോ കൊച്ചുടിവി. ഭാഷാപഠനവും നടക്കുമല്ലേ.