Powered By Blogger

Saturday, July 8, 2017

പലരിൽ ചിലർ 5

നല്ല ബന്ധമുണ്ടായിരുന്ന മേലധികാരി പോയിട്ട് പകരം ആ സീറ്റിൽ വന്നയാളെ 'അൽപ്പം സ്ട്രിക്ടാണ്' എന്ന മുൻ‌കൂർ സൂചിപ്പിക്കലുകളുടെ പിൻബലത്തിലാണ് പരിചയപ്പെട്ടത്. 'അല്പമല്ല.. നല്ലോണം' മനസ്സ് മന്ത്രിച്ചു. പതിയെ പതിയെ ചിത്രം പൂർത്തിയായി. കൃത്യസമയം, ശരിയായ ജോലി, നോ ബഹളം.. എന്റമ്മോ ഇത് കോൺവെന്റ് സ്‌കൂളോ എന്ന് ചിലർ പറഞ്ഞപ്പോൾ ദുർഗുണപരിഹാര പാഠശാലയാണോ എന്നാണു എനിക്ക് തോന്നിയത്. നാളുകൾ കഴിഞ്ഞു.. ന്യായമായ കാര്യങ്ങൾക്കു ഫുൾ സപ്പോർട്ട് ആണെന്നും ആള് ഒപ്പമുണ്ടെന്നും ഉള്ളത് തോന്നലല്ല ശരിയാണെന്നും പതിയെ ബോധ്യമായി. സഹപ്രവർത്തകരിൽ പലർക്കും അത് ബോധ്യമായിട്ടില്ലെന്നും മനസിലായി.

ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പോയി വന്ന അദ്ദേഹത്തിന്റെ അടുത്തേയ്ക്കു ഒരു കാര്യത്തിന് ചെല്ലുമ്പോൾ രണ്ടു പേർ അവിടെയുണ്ട്. സംസാരം ശ്രദ്ധിച്ചു.

"നിങ്ങളെന്നാലും എന്ത് പണിയാ കാണിച്ചതെന്ന് വല്ല ധാരണയുമുണ്ടോ? എങ്ങോട്ടാ നിങ്ങൾ പോയത്?

"പള്ളീലേയ്ക്ക്."

"എന്തിനാ സെക്യൂരിറ്റി ഓഫീസർ തടഞ്ഞത്?"

"പെർമിഷൻ സ്ലിപ്പില്ലാന്നു പറഞ്ഞു. ഇവിടെ സാർ ഉണ്ടായിരുന്നുമില്ല. ഓഫീസിലാണെങ്കിൽ നല്ല തിരക്കും. കാര്യം പറഞ്ഞപ്പോൾ അങ്ങേർക്കു മനസിലാവുന്നില്ല."

"അപ്പോഴാണ് നിങ്ങൾ ചൂടായത് അല്ലെ?"

"അതെ സാർ."

"നിങ്ങള്ക്ക് അയാളേക്കാൾ ആരോഗ്യവും ശബ്ദവും ഉണ്ട്. അതുകൊണ്ട് നിങ്ങള്ക്ക് തന്നെയായിരുന്നു മുൻ‌തൂക്കം. അയാൾ അയാളെ ഏൽപ്പിച്ച ജോലിയല്ലേ  ചെയ്തത്?"

മറുപടിയില്ല.

"പ്രായമായ മനുഷ്യൻ. ശാരീരികസ്ഥിതി മോശം... അയാൾക്കെന്തെങ്കിലും പറ്റിയിരുന്നെകിലോ?"

"ഒന്നും ചെയ്തിട്ടില്ല ഞങ്ങൾ."

"ശരിയാണ്. ഞാൻ നോക്കുമ്പോളെന്താ.. അയാൾ ജോലിയിൽ കൃത്യവിലോപം കാട്ടി എന്ന് പറയാം അല്ലെ?"

"അതിപ്പോ.."

"അതെ, അത് അയാൾക്കുമറിയാം. സൊ അയാളുടെ മനസ്സ് വിഷമിച്ചു.
എന്നിട്ടു നിങ്ങൾ...
അല്ല, എന്തിനാ പള്ളിയിൽ പോകുന്നത്?
അറിയാമോ ഹജ്ജിനു പോകുന്നതുപോലെ, അത് പറ്റാത്തവർക്കുള്ള ഒരു കർമ്മമാണ് പള്ളിയിൽ പോയുള്ള നിസ്കാരം. ഒരാളുടെ മനസ്സ് വേദനിപ്പിച്ചിട്ടു നിങ്ങൾ നടത്തിയ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാവുമോ?
സഹോദരനോടു രമ്യപ്പെട്ടതിനു ശേഷം മാത്രം പോയി ബലിയർപ്പിക്കാനാണ് കൃസ്ത്യാനികളുടെ  ബൈബിളും പറയുന്നത്. ഒരു മതവും വിദ്വെഷത്തിന്റെ ഭാഷ സംസാരിച്ചിട്ടില്ല."

"അങ്ങിനെയൊന്നും ഞങ്ങൾ ചിന്തിച്ചില്ല.."

"ശരി, ഇനി എന്ത് ചെയ്യും?"

"ഞങ്ങൾ പോയി സോറി പറയാം."

"ഏയ്.. അതൊന്നും വേണ്ട.
'പള്ളീൽ പോവാനുള്ള തിരക്കിലാ ട്ടോ ആ സംസാരം ഉണ്ടായത്, അത് വിട്ടു കളയൂ ചേട്ടാ'ന്നു നിങ്ങടെ ഭാഷയിൽ പറഞ്ഞു ആ വിഷമം അങ്ങ് മാറ്റൂ. സോറിയൊന്നും പറഞ്ഞു വല്ലാതെ ഔപചാരികം ആക്കണ്ട."

"ശരി സാർ."

അവർ പോയി.
എന്റെ കാര്യം ഡിസ്കസ് ചെയ്തു ഞാനിറങ്ങുമ്പോൾ മനസ്സിൽ പറഞ്ഞു.. ഇതാണ് മുസൽമാൻ.
ശരിയായ മുസൽമാൻ!




1 comment:

Neema said...

അതായിരുന്നു മനുഷ്യൻ.. മനുഷ്യത്വം ഉൾക്കൊണ്ടവൻ..