Powered By Blogger

Wednesday, March 7, 2018

പലരിൽ ചിലർ - 5

പലരിൽ ചിലർ - 5
പല കുറിയെഴുതി, മതിവരാതെ മാറ്റിവെച്ചതാണ്. ചിലരിങ്ങനെയാണ്, എഴുത്തിലൊന്നും ഒതുക്കിക്കളയുവാനാവില്ല. എഴുതി മതിയാവില്ല.

സൗഹൃദം കൂടുതൽ സ്നേഹത്തിലേക്കും അത് പിന്നെ,ചില അവകാശങ്ങളിലേക്കും എത്തിയിയിരുന്ന കാലം. അതായത്  "എടാ നീ പറഞ്ഞാലേ അവൻ കേൾക്കൂ" എന്നോ  "ഡാ, അവനോട് നീയൊന്നു പറയടാ" എന്നോ കൂട്ടുകാർ പറഞ്ഞിരുന്ന കാലം. വിവാഹിതനായി ഒപ്പമൊരു കൂട്ടും ഒരു കുഞ്ഞും കടന്നു വന്നിട്ടും മേൽ പറഞ്ഞതുകൾക്ക് വലിയ വ്യത്യാസമില്ലാതെ ഞങ്ങൾ ജീവിതം തുടർന്ന് പൊന്നു. കൂട്ടുകാരന്റെ ജീവിതത്തിലേയ്ക്കൊരു തുണ കടന്നു വന്നപ്പോളാണ് ഇനി പഴയതു പോലല്ല, ഇത്തിരി ബെല്ലും ബ്രെയ്ക്കും ഒക്കെ വേണമല്ലോ എന്ന് ചിന്തിച്ചത്. മനഃപൂർവ്വം തന്നെ ഒരകലം പാലിച്ചു. ജീവസന്ധാരണം കൂട്ടുകാർക്കിടയിൽ ദൂരം കൂടിയെങ്കിലും ഒരെഴുത്ത്, ഒരു ഫോൺ, ഒരു മെയിൽ എല്ലാം ആ അകലം മാച്ച് കളഞ്ഞു. അവന്റെ വീട്ടിന് പരിസരത്തുകൂടി പോകുമ്പോൾ അച്ഛനെയോ അമ്മയെയോ കാണുമ്പോൾ വിശേഷങ്ങൾ അന്വേഷിച്ചും കുശലം ചോദിച്ചും പിരിഞ്ഞു. അവന്റെ കൂട്ടുകാരിയുടെ 'ഏട്ടാ ചായ കുടിച്ചിട്ട് പോവാം' എന്ന തികച്ചും നിഷ്കളങ്കമായ കഷണങ്ങൾ ഔപചാരികതയുടെ മൂടുപടം വലിച്ചിട്ടു തടഞ്ഞു,
ക്രമേണ, മനസിലായി. ഇതാണവൾ!

പതിയെ, മനസ്സിന്റെ പടിപ്പുര കടന്ന് പൂമുഖത്ത് പ്രത്യക്ഷപ്പെട്ട് ഒരു ചിരി തന്നു പോകാനുള്ള സ്വാതന്ത്ര്യവും സ്നേഹവും അവൾ നേടിയെടുത്തു. കൂട്ടുകാരനുമായുള്ള ഓരോ സംസാരങ്ങളിലും അവളെക്കുറിച്ചുള്ള കാര്യങ്ങളും നിറഞ്ഞു നിന്നു. രണ്ടു പേർക്കിടയിലുള്ള സൗഹൃദം രണ്ട് കുടുംബങ്ങളിലേക്ക് പടർന്നു വളരുന്നത് കണ്ടറിഞ്ഞു. കാലത്തിന്റെ പോക്കിനനുസരിച്ചു കുട്ടികൾ അവരുടെ ജീവിതത്തിൽ കടന്നു വന്നു. കുടുംബ സന്ദർശനങ്ങൾ പതിവായി. ഞങ്ങൾ ഒരുമിച്ച് യാത്രകൾ പോയി, സന്തോഷം മാത്രം കൈമാറാനുള്ള നിമിഷങ്ങൾ. നിസ്സാര വിശേഷങ്ങൾ പോലും പങ്കു വയ്ക്കുന്നത് സാധാരണമായി. ഞാനവളെ തമാശക്ക് 'പെങ്ങളെ' എന്ന് വിളിച്ചു. കാലം മുന്നോട്ടു നീങ്ങി.

സന്തോഷത്തികവിനിടയിലാണ് അശനിപാതം പോലെ ഒരു ദുരന്തമുണ്ടായത്. അതിന്റെ ബാക്കി പത്രം ഭീകരമായിരുന്നു. "എല്ലാം ഞാൻ സഹിക്കാം. അവള് കൂടി പോയാൽ പിന്നെ ഞാൻ ബാക്കിയുണ്ടാവില്ല" എന്ന കൂട്ടുകാരന്റെ പറച്ചിലിൽ പേടി കയറിയ ഞങ്ങൾ അവനെ വിടാതെ ഒപ്പം നടന്നു. ഒരു മാസത്തോളം കഴിഞ്ഞിട്ടാണ് അവൾ ജീവിച്ചിരിക്കും എന്ന തോന്നൽ തന്നത്. പതിയെ അവൾ ജീവിച്ചിരിക്കുക എന്ന അവസ്ഥയിലേയ്ക്ക് തിരിച്ചു വന്നു. പിന്നീടുള്ള കുറെ കാലം സങ്കടങ്ങളുടെ കുത്തോഴുക്കായിരുന്നു. നിർവ്വികാരത, തേങ്ങൽ.. വിദൂരതയിലേക്ക് നോക്കിയിരുന്ന് കണ്ണ് നിറയ്ക്കും. ഒന്ന് ചിയറപ്പ് ചെയ്യാൻ പണിപ്പെട്ടു ശ്രമിച്ചാലും സെക്കൻഡുകൾക്കുള്ളിൽ ആ ഭാവം മാറും.

'നീയമ്പലത്തിലേക്കൊന്ന് പോവൂ.. ഒരു സമാധാനവും റിഫ്രഷ്മെന്റും ആവട്ടെ' എന്ന് പറഞ്ഞപ്പോൾ 'ഇല്ല ചേട്ടാ, എനിക്ക് പറ്റില്ല ' എന്നാണു പറഞ്ഞത്.
'നിർബന്ധിക്കണ്ട. ആര് പറഞ്ഞിട്ടും കേട്ടിട്ടില്ല.' എന്ന് കൂട്ടുകാരൻ പറഞ്ഞു.
ദിവസവും വിളക്ക് വച്ച് തൊഴുതിരുന്ന അവൾ ഈശ്വരൻ തന്ന വിധിയോട് പ്രതികരിച്ചിരുന്നതായിരിക്കണം. 'നിന്നെയൊന്നു തിരിച്ചു കിട്ടിയാൽ, വല്ലാർപാടം പള്ളീൽ കൊണ്ട് ചെന്ന് ഒരു കൂടു മെഴുകുതിരി കത്തിക്കാമെന്ന്  നേർന്നിട്ടുണ്ടായിരുന്നു.' ഞാൻ പകുതി തമാശ മട്ടിൽ പറഞ്ഞു. മുഖത്ത് നോക്കുവാൻ എനിക്ക് ധൈര്യമില്ലായിരുന്നു. കണ്ണ് നിറഞ്ഞിരിക്കുന്നവരെ കണ്ടാൽ എനിക്കും കരച്ചിൽ വരും.
കാലം കടന്നു പൊയ്ക്കൊണ്ടേയിരുന്നു. പണിപ്പെട്ടു എന്തെങ്കിലും സംസാരിച്ചു തുടങ്ങിയാലും ആ ഭാവങ്ങൾ ശോകത്തിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടേയിരുന്നു.

മാസങ്ങൾക്കു ശേഷം  ഒരു ദിവസം
'എടാ നീയെവിടെയാ?' കൂട്ടുകാരന്റെ വിളി വന്നു.
'എന്തേ ?'
'നീയൊന്നു പ്രാർതഥിച്ചെക്കണെ, ഞങ്ങളിപ്പോൾ വല്ലാർപാടം പള്ളീലുണ്ട്. നിന്റെ നേർച്ചയാണ്. ആക്സിഡന്റ് റിക്കവറിക്ക് ശേഷം അവൾ നടത്തുന്ന ആദ്യത്തേത്‌. ആദ്യമായിട്ടാ ഒരു സ്ഥലത്ത് അമ്പലമായാലും പള്ളിയായാലും പോകുന്നത്.'
'ആണോ? അത് നന്നായി. എന്ന് പറയുന്നതിനൊപ്പം ഫോൺ വാങ്ങി അവളും സംസാരിച്ചു.
എനിക്കൊരു കാര്യം മനസിലായി. ഞാൻ കൂട്ടുകാരന്റെ നിഴലായി അവളെ കാണുന്ന അളവിലൊന്നുമല്ല അവളെന്നെ കാണുന്നത്.
'ചേട്ടാ' എന്ന ആ വിളിക്ക് പുറകിലൊളിപ്പിച്ച ആത്മാർത്ഥതയുടെ നാലിലൊന്നു ഞാൻ തിരിച്ചു കൊടുക്കുന്നുണ്ടോ?
പൂമുഖത്തുനിന്നും അവളെ അകത്തേയ്ക്കു മാറ്റിപ്പാർപ്പിച്ചു. പെങ്ങളെ എന്ന വിളി ഉപരിപ്ലവമാകാതെ നെഞ്ചിനുള്ളിൽനിന്നു തന്നെയാക്കി.

മഴയും വെയിലും മഞ്ഞും ചാക്രികമായി എത്ര വർഷങ്ങൾ കടന്നു പോയി!
'പിള്ളേര്..ഒരു മിനിട്ടു സൗര്യം തരില്ല ചേട്ടാ' എന്ന് പരാതി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
"ഈശ്വരൻ അറിഞ്ഞു തന്നതാണ്. അല്ലെങ്കിൽ നീ പഴയ കാര്യങ്ങൾ ആലോചിച്ചു ഇരിക്കും.!'


ജന്മം കൊണ്ട് മാത്രമല്ല കർമ്മംകൊണ്ട് കൂടിയാണ് ബന്ധങ്ങൾ ഉണ്ടാകുന്നതെന്ന് തിരിച്ചറിവിൽ ഇവളെ ഞാനെന്ത്  വിളിക്കും?!


1 comment:

Sivananda said...

കുട്ടിമാളൂ എന്ന് വിളിച്ചോ .. നല്ല പേരാ.. നല്ല ചക്കുടു പേര്. മഞ്ഞുതുള്ളി പോലെ സ്നേഹം...