Powered By Blogger

Tuesday, June 19, 2018

യു എഫ് ഒ അഥവാ പറക്കും തളിക

പഠനം എന്ന പേരില് ഞങ്ങൾ കുറച്ചു പേര് ഒരു വീടെടുത്ത് താമസിക്കുന്ന കാലം. കാശ് വീട്ടില്നിന്ന് വരുന്ന ആദ്യത്തെ ആഴ്ച വില്സും പിന്നെ, സിസര് ഫില്ട്ടരും ക്രമേണ ദിനേശ് ബീഡിയും അവസാനം മുറി ബീഡിയും  ആയി നടന്നിരുന്ന ആ കാലത്താണ് എനിക്ക് മുമ്പിൽ ഒരു യു എഫ് ഓ പ്രത്യക്ഷപ്പെട്ടത്!

അതൊരു മഴക്കാലമാണെന്നാണ് ഓര്മ്മ. പെരുമഴ പെയ്യുമ്പോൾ ഫുൾ സ്പീഡിൽ ഫാനിട്ട് പുതച്ചു മൂടിക്കിടന്നുറങ്ങാൻ എനിക്ക് എന്നും ഇഷ്ടമാണ്. അങ്ങിനെ ഒരു ഉറക്കം തുടങ്ങിയ ഞാൻ ഇടയ്ക്ക് എപ്പോളോ എണീറ്റ്‌ പോയി മൂത്രമൊഴിച്ചു വീണ്ടും കിടന്നു. കുറച്ചു കഴിഞ്ഞു കാണും മുറിയിൽ അഭൗമമായ പ്രകാശം! ചെറിയൊരു പറക്കും തളിക നേരെ എന്റെ തലയ്ക്കു മുകളിൽ നില്ക്കുന്നു. അതിനുള്ളില്നിന്നും പ്രകാശരശ്മികൾ എന്റെ മുഖത്തും ശരീരത്തിലും ഒക്കെ പതിക്കുന്നുണ്ട്. ഞാൻ അന്തം വിട്ടു. തളികയ്ക്ക് ഇത്രേം വലിപ്പമേ ഉള്ളൂ? മദർ ഷിപ്‌ താമസിക്കുന്ന വീടിനു മുകളിൽ  ഭീമാകാരനായി നില്പ്പുണ്ടാവണം. അതില്നിന്നും കാര്യങ്ങൾ നോക്കി വരാൻ വിട്ട സാധനമാവനം ഇത്. ഇപ്പോൾ അതില്നിന്നും ലേസര് രശ്മികൾ വരുമെന്നും എന്നെ കരിച്ചു കളയുമെന്നും ഞാൻ ഭയന്നു.

"ചന്തീലു വെയിലടിച്ചാലും എണീക്കരുത്. ഇന്ന് നീ ഉപ്പുമാവുണ്ടാക്കണ്ട ദിവസാ. ഞാൻ ഉണ്ടാക്കി, വെട്ടി വിഴുങ്ങാൻ പോരെ.. " രാമഭദ്രന്റെ ശബ്ദം ആണ് നേരം പുലര്ന്നെന്നും കാണുന്നത് സ്വപ്നമല്ലെന്നും എന്നെ വിശ്വസിപ്പിച്ചത്‌..

ഇവനു പറക്കും തളികയെ കാണാൻ വയ്യേ? എനിക്ക് മാത്രമായി പ്രത്യക്ഷപ്പെട്ടതാണോ?
ഞാൻ കണ്ണ് തിരുമ്മി നല്ല വണ്ണം ഒന്നുകൂടി നോക്കി.

പുറത്തുനിന്നും ചാഞ്ഞു പതിക്കുന്ന  വെയിൽ തട്ടി ജ്വലിക്കുന്ന യു എഫ് ഒയെ മനസിലാക്കാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.

അടുത്ത നിമിഷം,
ഷേണായിക്ക് ഒരു വീക്ക് വച്ച് കൊടുത്തുകൊണ്ട് ഞാൻ അലറി.

"ഡാ ... നിന്റെ അരിപ്പ ഷെഡി എന്റെ തലയ്ക്കു നേരെ ഇടരുതെന്നു പറഞ്ഞിട്ടില്ലെടാ തെണ്ടീ.."

No comments: