Powered By Blogger

Friday, July 12, 2019

നേർച്ചയ്സ്

പെരുന്നാൾക്കു പള്ളീൽ പോവുമ്പോ അമ്മ രണ്ട് ഇരുപത്തഞ്ചു പൈസ ആണ് തന്നത്. "ഒന്ന് നേർച്ച ഇടാൻ മറ്റേത്.. "
"സേമിയയ്സ് വാങ്ങാൻ" മറുപടി കൊടുത്തു.
ഐസ് ഉണ്ടാക്കുന്നത് തോട്ടിലെ ചെളിവെള്ളം കൊണ്ടാണെന്നും സേമിയ പുഴുവാണെന്നും ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും ഐസ് കൊതി അങ്ങനെ പറയിക്കുന്നതാണെന്ന് അമ്മയ്ക്കും അറിയാം. അതുകൊണ്ടാണ് ഈ പെരുന്നാൾ സ്പെഷ്യൽ വയലേഷൻ.
"ഓരോന്നും ഓരോ പോക്കറ്റിൽ ഇട്ടാൽ മതി. ഇടത്തെ പോക്കറ്റിൽ നേർച്ചയിടാൻ ഉള്ള നാണയം. വലത്തേ പോക്കറ്റിൽ നിന്റെ ആ കൂറ സാധനം വാങ്ങിച്ചു തിന്നാൻ. കുർബാനയ്ക്ക് എന്റെ കൂടെ വന്നാൽ പോരേ നിനക്ക്?  "
"ഏയ്‌.. ഞാൻ പോവാ. ശരിയമ്മേ " ഒരൊറ്റ ഓട്ടമായിരുന്നു.
"പള്ളീൽ ചെല്ലുമ്പോൾ തന്നെ നേർച്ച ഇട്ടോണം. ഐസ് തിരിച്ചു വരുമ്പോ വാങ്ങിയാൽ മതി. നേർച്ച ഇട്ടൊന്നു ഞാൻ അവിടെ ചോദിക്കും" പുറകീന്നു അമ്മ വിളിച്ച് പറയുന്നത് കേൾക്കാർന്നു.
പള്ളിപ്പറമ്പിന് പുറത്ത് കുറേ ഐസ്കാര് നിരന്നു നിൽപ്പുണ്ട്. കുർബാനയ്ക്ക് കയറാൻ ഉള്ള മണിമുഴക്കത്തിനു ഐസ്കാരന്റെ മണിയടി ശബ്ദം അല്ലേ എന്ന ചിന്തയിൽ പള്ളിമണി എഡിറ്റ്‌ ചെയ്ത് വിഷ്വൽ കേറിപ്പോയത് സേമിയ ഐസിലേയ്ക്കാണ്! നേർച്ചപ്പെട്ടീൽ വീഴുന്ന കാശ് ഐസുകാരന്റ സഞ്ചിയിലേയ്ക്കും. ഇടത്തെ പോക്കറ്റിലെ തന്നെ എടുത്ത് കൊടുത്തു. ചെല്ലുമ്പോൾ തന്നെ നേർച്ച ഇട്ടോണം എന്ന തിരുവചനം അങ്ങനെ നിറവേറി!
കുർബാന കഴിഞ്ഞു ആളുകൾ പുറത്തിറങ്ങുമ്പോ തിരക്കിട്ടു അടുത്ത ഐസും വാങ്ങി.
ആസ്വദിച്ചു കഴിച്ചോണ്ടിരിക്കുമ്പോളാ അമ്മയുടെ പ്രത്യക്ഷപ്പെടൽ.
"നീ നേർച്ചയിട്ടോടാ?  നിന്നെ അവിടെ കണ്ടില്ലെന്നു പറഞ്ഞല്ലോ കുര്യൻ ചേട്ടൻ "
ആ കുരിശിനു നേർച്ച കൊടുത്താൽ പോരേ? മനുഷ്യനെ തല്ല് കൊള്ളിക്കാൻ.. എന്നൊരു ആത്മഗതം വന്നു.
"സത്യം പറഞ്ഞോ. വീട്ടീ ചെന്നാൽ പുളിവാറല്  ഞാൻ എടുക്കും"
കിട്ടും. ഉള്ള കാര്യം തല്ലി പറയിക്കേം ചെയ്യും. ഐസ്‌ ദഹിച്ചു ന്ന് തോന്നണു.
അവസാനം,
പറഞ്ഞു.....
"ഞാൻ പള്ളീലേയ്ക്ക് ഓടി വന്നപ്പോൾ ഇടത്തെ പോക്കറ്റിൽ കിടന്ന നേർച്ച ഇടാനുള്ള ഇരുപത്തഞ്ചു പൈസ കളഞ്ഞ് പോയമ്മേ. അതോണ്ട് നേർച്ച ഇടാൻ പറ്റിയില്ല. ഐസ് വാങ്ങാൻ ഉള്ള പൈസ വലത്തേ പോക്കറ്റിലുള്ളതോണ്ട് ഇപ്പോ ഐസ് വാങ്ങീതാ "

1 comment:

മഹേഷ് മേനോൻ said...

നന്നായി രസിച്ചു.... ആത്മകഥാംശമാണോ ;-)

ആദ്യമായാണ് ഇവിടെ. ഫോളോ ചെയ്തിട്ടുണ്ട്. ഇനിയും വരാം..