Powered By Blogger

Thursday, August 18, 2011

കൈസര്‍ റീ ലോഡഡ്‌!!


വൈകി വായിക്കുന്നവര്‍ക്ക് വേണ്ടി.. (വൈകുന്നേരം വായിക്കുന്നവര്‍ ഇതില്‍ പെടില്ല)

രാമന്‍നായരുടെ സഹചാരിയും അനുസരണയുടെയും ശൂരതയുടെയും ധൈര്യത്തിന്റെയും പ്രതിരൂപവുമാണ് കൈസര്‍. 
കൈസര്‍ എന്നാല്‍  വാല് വളഞ്ഞ ഒരു സാധാരണ നായല്ല... 
"അവന്‍ മുരണ്ടാല്‍ നാട്ടുകാര്‍ മൂത്രമൊഴിക്കും.. അവന്‍ മൂത്രമൊഴിച്ചാല്‍ നാട്ടുകാര്‍  മൂക്കുപോത്തും." (കടപ്പാട് - ഡിങ്കന്‍  വഴി ഫാന്റം)

കൂടുതല്‍ അറിയാന്‍  http://animeshxavier.blogspot.com/2011/06/blog-post_3031.html വായിക്കുക.

തുടരുന്നു..


കൈസര്‍ റീ ലോഡഡ്‌!!

ഇമേജ് ഡാമേജ് ആവുന്ന ചില്ലറ കാര്യങ്ങള്‍ സംഭവിച്ചെങ്കിലും കൈസര്‍ 'സര്‍' പദവിയില്‍ തന്നെ വിരാജിച്ചു പോന്നു.
രാമന്‍ നായരുടെ പറമ്പില്‍ കടന്നു മാങ്ങ പെറുക്കുന്നത് സ്കൂള്‍ പിള്ളേര്‍ക്കും അയാള്‍ടെ മോള്‍ടെ കുളിസീന്‍ കാണാന്‍ പോകുന്നത് നാട്ടിലെ യുവാക്കള്‍ക്കും നടക്കാത്ത സ്വപ്നമായി അവശേഷിച്ചു.
പല തവണയായി ബിസ്കറ്റ് മുതല്‍ ഉണക്കമീന്‍ വരെ കൊടുത്തു സ്വാധീനിച്ച അശോകനെ, നായരുടെ മോള് ദീപയ്ക്ക് ലവ് ലെറ്റര്‍ കൊടുക്കാന്‍ വടക്കെപ്രതുകൂടി പതുങ്ങി വരുമ്പോള്‍ കൈസര്‍ ചന്തിയില്‍ കമ്മി.
പറമ്പില്‍ പുല്ലരിയാന്‍ വന്ന ഭാവാനീടെ പുല്ലുംകെട്ടീന്നു രണ്ടു തേങ്ങയും ഒരു ഓട്ടുമോന്തയും തൊണ്ടിയായി പിടികൂടി.
ഒന്നാംതരമൊരു ചെനതണ്ടനെ തടഞ്ഞു വച്ച് നാലാള്‍ കാണേ കടിച്ചു കീറി.
വല്ലപ്പോളും അബദ്ധത്തില്‍ പറമ്പില്‍ വന്നു പെടുന്ന മുയലുകളെയും കീരികളെയും ഓടിച്ചിട്ട് പിടിച്ചു.
വേറെ ഒരൊറ്റ പട്ടീടെ  മോനെയും പറമ്പീ കേറാന്‍ കൈസര്‍  സമ്മതിച്ചില്ല.
അങ്ങിനെ ആ ഏരിയയിലെ മൃഗരാജാവായി ചുള്ളന്‍ സസുഖം വാണു വരുമ്പോളാണ് ആ അത്യാഹിതം സംഭവിച്ചത്.

രാമന്‍ നായരുടെ തൊട്ടടുത്ത വീട്ടില്‍ പുതിയ താമസക്കാര്‍ വന്നതാണ് എല്ലാ പ്രശനങ്ങള്‍ക്കും തുടക്കം. റിട്ടയര്‍ ചെയ്ത ആര്മ്മിക്കാരനും കൂര്‍ക്കം വലിക്കുന്നത് പോലും അതിര്‍ത്തിയില്‍ വെടി പോട്ടിക്കുന്നതുപോലെ ആഘോഷിക്കുന്ന ആളുമായ സര്‍വ്വശ്രീ വറീത് ആന്‍ഡ് ഫാമിലി ആയിരുന്നു അടുത്ത വീട്ടിലെ പുതിയ താമസക്കാര്‍. വന്ന ദിവസം തന്നെ ഇന്ത്യ - പാക്കിസ്ഥാന്‍ വാറും കറാച്ചിയില്‍ ഷെല്ലിംഗ് നടത്തിയതുമൊക്കെ പറഞ്ഞു, റിട്ട. സുബേദാര്‍ വറീത് നാട്ടുകാരുടെ വറതേട്ടന്‍ ആയി മാറി.

"സാധനങ്ങള്‍ മുഴുവന്‍ എത്തീട്ടില്ല്യ. ഇനീം കുറച്ചുകൂടിയുണ്ട്." പുതിയ അയല്‍ക്കാരനെ കാണാനെത്തിയ രാമന്‍ നായരോട് വറതേട്ടന്‍ പറഞ്ഞു.

"ആ ഹാ.. അച്ഛാ..പറഞ്ഞു നില്‍ക്കുമ്പോളേയ്ക്കും എത്തീലോ.. ആവോ ആവോ.. സീധേ സെ.." പടി കടന്നു വന്ന മിനി ലോറിക്കാരന്‍ സങ്കര ഭാഷ കേട്ട് കിറുങ്ങി.

വീട്ടുസാധനങ്ങള്‍ ഇറക്കാന്‍ ഹെല്‍പ്പ് ചെയ്യാന്‍ പോയ നായരുടെ കാലിനിടയിലൂടെ എലിവാണം പോലൊരു സാധനം വണ്ടീന്ന് ചാടിയെറങ്ങി വറതേട്ടനടുത്തേയ്ക്ക്ക്  പാഞ്ഞു പോയി. എന്താ സംഭവം എന്ന് മനസ്സിലാകാതെ രാമന്‍ നായര്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു വിചിത്രജീവി വറതേട്ടന്റെ ഒക്കത്ത് കേറിയിരിക്കുന്നു!

"എന്തേ, നായരെ കിടുങ്ങിയോ? ഇതാണ് എന്‍റെ ബ്രൂണോ. എങ്ങനിണ്ട്?"

അങ്ങനെയൊരു ജീവിയെ രാമന്‍ നായര്‍ ആദ്യമായി കാണുകയായിരുന്നു. കരിമ്ചോപ്പു നിറം. പട്ടി തന്നെ! ടീവീല് വന്ന സിനിമേലെ കുള്ളന്റെ പോലൊരു പട്ടി!

"ദെന്തൂട്ടടപ്പാ ഇങ്ങനൊരു സാധനം. തേങ്ങ ചെരകണ ചിരമുട്ടിക്കു ജീവന്‍ വച്ച പോലെ!" നായര്ടെ ആത്മഗതം ഇത്തിരി ഉച്ചത്തിലായി.

"അതേയ്, ഇവന്‍ എന്തൂട്ടാ മോതല്‍ന്നു അറിയോ? ഡാഷാ.. ഡാഷ്. അനുസരണേം ധൈര്യോം കട്ടക്ക് കട്ട. അറിയ്വോ?"

ഈ വാഴക്കന്ന് പോലത്തെ സാധനത്തിനു എന്ത് ധൈര്യം. ഇമ്മടെ കൈസര്‍ എന്നാണാവോ ഇതിനെ കടിച്ചു കീറണത്‌.. എന്നൊക്കെ ചിന്തിക്കുന്നതിന്റെ ഇടയില്‍ രാമന്‍ നായരുടെ പറമ്പിലെ പൂഴിമെത്തയില്‍ സുഖശയനം കൊള്ളുന്ന കൈസറെ നോക്കി ബ്രൂണോ ചെറിയൊരു ഡമോന്സ്ട്രഷന്‍  നടത്തി.

'ഈ പണ്ടാരത്തിന്റെ ഉള്ളീന്ന് തന്ന്യാണോ വന്നത്' എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നെടു നെടുങ്കനായി നാല് കുര!

നായര് കിടുങ്ങി..
കൈസര്‍ ഞെട്ടിയെണീട്ട്‌ ശബ്ദത്തിന്റെ ഉടമയെ ഒന്ന് നോക്കി. പല്ല് പുറത്തു കാട്ടി ഒന്ന് ഇളിച്ചു. ശരീരമൊന്നു വളച്ചു അതിക്രൂരമായി ഒന്ന് മുരണ്ടു.

എവിടെ.....
ഇപ്പുറത്ത്‌ നോ കുലുക്കം.

"ഡാ.. കൈസറെ, വേണ്ട്രാ." നായര് വിളിച്ചു പറഞ്ഞു.

"അവന്‍ ആളിത്തിരി പെശകാ ഇതിനെ ഒന്ന് സൂക്ഷിച്ചോ" നായര്‍ വറതേട്ടനോട് സൂചിപ്പിച്ചു

മുരണ്ടുകൊണ്ടു വേലിക്കരികിലെത്തിയ കൈസര്‍ അത് കുരയാക്കി മാറ്റി.
വാലുയര്‍ത്തി ഘോരഘോരം കുരച്ചു  ഇവടത്തെ 'പുലി ഞാനന്ന്യണ്ടാ' എന്ന് പ്രസ്താവിച്ച കൈസര്‍  പിന്നെ നടന്ന അതിക്രമം കണ്ട് പകച്ചു.

പൊടി പറപ്പിച്ചു കൈസറിനടുത്തേക്ക് പാഞ്ഞ ബ്രൂണോ കൂടുതല്‍ ശബ്ദമുള്ള കുരകൊണ്ട് കൈസറെ നേരിട്ടു.
'വേലിയില്ലാതിരുന്നെങ്കില്‍ ഇവനെ ഞാന്‍' എന്ന മട്ടില്‍ തലങ്ങും വിലങ്ങും ഓടി നടന്നു. ചിലപ്പോള്‍ വേലിക്കപ്പുറത്തേയ്ക്ക് കുരച്ചു ചാടാന്‍ നോക്കി.

കൈസറിന്റെ കുര ബ്രൂണോയുടെ കുരയുടെ മുന്നില്‍ തോറ്റു തൊപ്പിയിട്ടു.
പത്ത് മിനിട്ടോളം നീണ്ടു നിന്ന ആ പ്രകടനം 'സര്‍ കൈസറിന്റെ' ജീവിതത്തിലെ വാട്ടര്‍ലൂ ആയി!
ബഹളം കേട്ട് വന്ന നാട്ടുകാര്‍ക്ക് മുന്നില്‍  വീറു കൂടുതല്‍ പ്രകടിപ്പിച്ച ബ്രൂണോ വീരശൂരപരാക്രമത്തിന്റെ പുതിയ ഐക്കണ്‍ ആയി മാറി.

"നായര്ടെ പട്ടീനെ എന്തിനു കൊള്ളാം.. ഇവനാള്  കുള്ളനാനെന്കിലും കൊള്ളാട്ടാ.."

"ഡാ.. മറ്റേതു നാടന്‍ ചോക്ളിയല്ലെടാ.. ഇത് വിത്ത് വേറയാ.. " തുടങ്ങിയ അപദാനങ്ങളാല്‍  നാട്ടില്‍ കാലെടുത്തു വച്ച അന്ന് തന്നെ ബ്രൂണോ ഹീറോ ആയി.

പിന്നീടുള്ള ദിവസങ്ങളില്‍ രാമന്‍ നായര്‍ കൈസറിനെപ്പറ്റി പറയാറുള്ള കഥകളെ വെല്ലുന്ന കഥകള്‍ ബ്രൂണോയെക്കുറിച്ചു  പ്രചരിച്ചു തുടങ്ങി.
ബ്രൂണോയുടെ ബുദ്ധി, ബ്രൂണോയുടെ ധൈര്യം..തുടങ്ങിയവയെക്കുറിച്ച് വറതേട്ടന്‍  കിടിലന്‍ വാര്‍ത്തകളും ഷെയര്‍ ചെയ്തു.
വേലുക്കുട്ടീടെ ചായപ്പീടികേല്‍ ബ്രൂണോ പുതിയ ചര്‍ച്ചാവിഷയമായി.

"ഒരൂസം വറതേട്ടന്റെ നായ മലര്‍ന്നു കെടന്നു കൊരക്കണ്..
ഇതെന്തു കൂത്താ എന്ന് നോക്കീപ്പളല്ലേ കാര്യം മനസ്സിലായത്‌. ഉയരം ഇല്ല്യല്ലോ.. കഴുത്ത്‌ കഴയ്ക്കാണ്ടിരിക്ക്യാനാ!....
നായായാലും ഒടുക്കത്തെ ബുധ്യാട്ടാ." പാല്ക്കാരന്‍ കുഞ്ഞുന്ന്യേട്ടന്‍ പറഞ്ഞു.

"ഉവ്വ.. അതെന്തൂട്ട് ജീവിയാ.. മരപ്പട്ട്വല്ല,  കൊക്കാന്വല്ല ..  അതിന്യൊക്കെ പട്ടീന്ന് പറയാന്‍ പറ്റ്വോ?
തൊരപ്പനെ പിടിച്ചു ബെല്ട്ടിടീപ്പിച്ചു നിര്ത്യേക്കാ.." രാമന്‍ നായര്‍ പ്രതിപക്ഷ നേതാവും പ്രതിപക്ഷ എമ്മല്ലെയും ഒക്കെയായി സ്വയം മാറി.
തന്‍റെ അഭിമാനതിനേറ്റ മുറിവായി കൈസറിന്റെ തോല്‍വിയെ അയാള്‍ കണ്ടു.

ഫലം..
കൈസറിന്റെ കഴുത്തില്‍ ചങ്ങല വീണു.

"അവന്‍ പോയി ആ കൂരടയ്ക്കേനെ കടിച്ചു കുടഞ്ഞാലേ, ഞാന്‍ സമാധാനം പറയേണ്ടി വരും " അതിനുള്ള കാരണം നായര്‍ നാട്ടുകാരെ ബോധിപ്പിച്ചു.

കൈസറിനു പഴം കഞ്ഞി മാത്രമായി തീറ്റ.
രണ്ടു രൂപേടെ റേഷന്‍ ഇപ്പോക്കിട്ടും എന്ന് വിചാരിച്ചിരുന്നവരെപ്പോലെ മഞ്ഞളിട്ട് വേവിച്ച എല്ലിനു വേണ്ടി അവന്‍ നോക്കിയിരുന്നു.
വെള്ളമടിച്ചു വരുന്ന ദിവസങ്ങളിലൊന്നില്‍ നായരെ നക്കി സ്നേഹം പ്രകടിപ്പിക്കാന്‍ പോയ അവനു പൊതിരെ തല്ലു കിട്ടി.
പിന്നെ അതൊരു പതിവായി.
കൈസറിന്റെ മുരളലിനു പവര് കുറഞ്ഞു അഥവാ കുറച്ചു.
ഒരു കുര ഇവിടെന്നിട്ടാല്‍ അതിന്റെ ഇരട്ടി ശബ്ദത്തില്‍ വേറൊന്നു തോട്ടപ്പുരത്ത്നിന്നും വരുന്നത് കാരണം കുരയും കുറച്ചു.

ഇടയിലെപ്പോലോ ഒരു ദിവസം നായര് സ്നേഹം പ്രകടിപ്പിച്ചപ്പോള്‍ കൈസര്‍ സന്തോഷിച്ചു.
തലോടല്‍ ആസ്വദിച്ചു കിടക്കുന്നതിനിടയില്‍ നായരുടെ കയ്യില്‍ വെട്ടുകത്തി പ്രത്യക്ഷപ്പെട്ടത് അവന്‍ അറിഞ്ഞില്ല.
അതൊന്നുയര്‍ന്നു താന്നപ്പോള്‍ കൈസറിനു നഷ്ടമായത് 'നായത്വ'ത്തിന്റെ പ്രതീകമായ വാലാണ്‌.
"വാല് മുറിച്ചാല്‍ പട്ടിക്കു ശൂരത കൂടും.. അവന്‍ ഫോറിനാവും" എന്നൊക്കെ ഏതോ വിവരദോഷി പറഞ്ഞുകൊടുത്തത് പരീക്ഷണം നടത്തിയതാണ് നായര്‍.
അങ്ങിനെ കൈസര്‍ വാലുമുറിയനായി.
തരം കിട്ടുമ്പോള്‍ ബ്രൂണോ അവന്റെ വാലാട്ടി കാട്ടി കൈസറിനെ കൊതിപ്പിച്ചു.
കിടക്കുന്ന സ്ഥലത്തെ പൂഴി കൂടുതല്‍ താഴ്ത്തി കൈസര്‍ അതില്‍ തല ഒളിപ്പിക്കാന്‍ വിഫല ശ്രമം നടത്തി.
നിലം കുഴിക്കുന്നതിന് വേറെ തല്ലും കിട്ടി.

അവസാനം, കുരയ്ക്കാതെയും അനങ്ങാതെയും ഗതകാല സ്മരണകള്‍ അയവിറക്കി കിടക്കുന്ന കോമയിലുള്ള രോഗിയെപ്പോലെ ആയി അവന്‍ മാറി.
പിള്ളേര്‍ മാങ്ങ പെറുക്കാന്‍ രാമന്‍ നായരുടെ പറമ്പില്‍ കടന്നു തുടങ്ങി.
കൈസറിന്റെ മുന്നിലൂടെ അശോകന്‍ പോയി ദീപയ്ക്ക് ലവ് ലെറ്റര്‍ കൈമാറി!

നായരുടെ വാശി കൂടി.
"തീറ്റയും തിന്നിട്ടു മിണ്ടാതെ കിടക്കുന്നോ, തെണ്ടി പട്ടീ.." അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ കയ്യീക്കിട്ടുന്നതെടുത്തു അയാള്‍ കൈസറിനെ അടിച്ചു.

വൈകീട്ട് രണ്ടെണ്ണം വിട്ടു വന്നാല്‍ നായര് വടിയെടുക്കും.
ചങ്ങലയില്‍ കെട്ടിയ കൈസറിനു എത്തുന്നതിന്റെ ഒരടി മുന്നിലായി ഒരു വര വരക്കും.
എന്നിട്ട് ആക്രോശിക്കും
"ഇങ്ങോട്ട് കടക്കടാ.." തുടര്‍ച്ചയായി അടി വരും.
"നീയല്ലേടാ പണ്ട് പരമൂനെ കടിച്ചത്.. എന്നെ കടിക്കടാ..." വീണ്ടും അടി.
ഇത് എല്ലാ ദിവസവും തുടര്‍ന്ന് പോന്നു.
സ്ഥ്രിരം വരച്ചു വരച്ചു 'വര' ഒരു തലവരയായി മാറി.

ഗതി കേട്ട് ഒരു ദിവസം കൈസര്‍ അയാള്‍ക്ക്‌ നേരെ കുറച്ചു ചാടി! പക്ഷെ, 'ലക്ഷ്മണരേഖയ്ക്ക്' അപ്പുറം നില്‍ക്കുന്ന നായര്‍ സേഫ് ആയിരുന്നു.
പിന്നീട് പലപ്പോളും അയാള്‍ക്ക്‌ ഒരു പണി കൊടുക്കാന്‍ കൈസര്‍ ശ്രമിച്ചെങ്കിലും 'വര'യെക്കുറിച്ച് നായര്‍ ബോധവാനായതുകൊണ്ട് നടന്നില്ല.
അങ്ങിനെ ഒരു ദിവസം ഉച്ചക്ക്.. കൈസര്‍ എണീറ്റ്‌ മുന്കാലുകൊണ്ട് വരയിലോന്നു തൊടാന്‍ ശ്രമം നടത്തി.
പറ്റുന്നില്ല. കഴുത്തില്‍ കുരുങ്ങിയ ചങ്ങല അവനെ തടഞ്ഞു.
വീണ്ടും വീണ്ടും പരിശ്രമം. പരാജയം.. വീണ്ടും വീണ്ടും പരാജയം.
പെട്ടെന്ന്, കൈസറിന്റെ തലയില്‍ ബള്‍ബ്‌ കത്തി.
ചങ്ങലയില്‍ പരമാവധി എത്തിച്ചു വരയ്ക്കു പുറം തിരിഞ്ഞു നിന്നപ്പോള്‍ പിന്‍ കാലുകള്‍ കൃത്യം വരയ്ക്കു മുകളില്‍!
ചുറ്റും നോക്കി, ആരുമില്ലെന്നുറപ്പുവരുത്തി ആ വര കൈസര്‍ മണ്ണിട്ട്‌ മൂടി.
എന്നിട്ട് രണ്ടടി പുറകിലോട്ടു മാറി ഒന്നാംതരമൊരു വര വരച്ചുചേര്‍ത്തു.
പിന്നീട് ഒന്നുമറിയാത്ത പോലെ ചുരുണ്ട് കിടന്നു.

സന്ധ്യയായി..
തലയുയര്‍ത്തി നോക്കിയപ്പോള്‍
ബ്രൂണോ അപ്പുറത്തെ പറമ്പില്‍ കുരച്ചു തിമിര്‍ക്കുന്നുണ്ട്.
ചെറിയൊരു ആട്ടത്തോടെ രാമന്‍ നായര്‍ വന്നുകയറി.
കൈസര്‍ ചെറുതായൊന്നു മുരണ്ടു, പിന്നെ കുരച്ചു.

"ആഹ.. വേറാരും വന്നാല്‍ അവനു കുരക്കാന്‍ പറ്റില്ല. ഞാന്‍ വന്നു കേറീപ്പോ നിനക്ക് കുര വന്നു അല്ലേടാ.."

രാമന്‍ നായര്‍ വടിയെടുത്തു.
'പുതിയ വര'യുടെ അപ്പുറത്ത് സേഫായി വന്നു നിന്ന് കൈസറിന്റെ നടുംപുറത്തൊരടി!  
ഒരു നിമിഷം.
കൈസര്‍ സര്‍വ്വ ശക്തിയും സംഭരിച്ചു മുന്നോട്ടു ചാടി.
'മര്‍മ്മം' നോക്കി ചെറിയൊരു കടി.
പുളഞ്ഞു പോയ നായര്‍ മറിഞ്ഞു വീണു.
അടുത്ത ചാട്ടത്തിനു ചങ്ങല പൊട്ടി..
അമല്‍ നീരദിന്റെ സിനിമേലെ നായകനെപ്പോലെ കൈസര്‍ നായര്‍ക്കു നേരെ സ്ലോമോഷനില്‍ നടന്നടുത്തു.

"കൈസറെ, വേണ്ട.." നായര് പതിഞ്ഞ ശബ്ദത്തില്‍ കരഞ്ഞു.
രാമന്‍ നായരായാലും റോമന്‍ നായരായാലും കൈസറിനു മൈ... എന്ന ഭാവത്തില്‍
ഇല്ലാത്ത വാലുകൊണ്ട് പോടാ പുല്ലേ, എന്നാംഗ്യം കാണിച്ചു സാഗര്‍ ഏലിയാസ് ജാക്കി സ്റ്റൈലില്‍ കൈസര്‍ തിരിഞ്ഞു നടന്നു.

പിന്നെ, ഒരു നിമിഷം നിന്ന്, വരതെട്ടന്റെ പറമ്പിലേയ്ക്ക് നോക്കി ഒന്ന് മുരണ്ടു.
ബ്രൂണോ മറുപടിയായി ഒന്ന് കുരച്ചു.
അത്ര മാത്രം..
ഒറ്റ ചാട്ടത്തിനു കൈസര്‍ ആ വേലി കടന്നു.
പിന്നെ, നേരിട്ട് പത്തൊമ്പതാം അടവിലെയ്ക്ക് കടന്നു..പൂഴിക്കടകന്‍!!

ദീനമായ നിലവിളി കേട്ട് ഓടിവന്ന വറതേട്ടന്‍ കണ്ടത് ചോരയൊലിപ്പിച്ചു, വാല് കാലുകള്‍ക്കിടയില്‍ തിരുകി മോങ്ങുന്ന ബ്രൂണോയെയാണ്.
എന്തൊക്കെയാണ് സംഭവിച്ചതെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല.

കൈസറിനെ പിന്നെ ആരും കണ്ടില്ല.

ഉണ്ടായ കാര്യങ്ങളൊന്നും നാണക്കേട്‌ മൂലം രാമന്‍ നായര്‍  ആരോടും പറഞ്ഞുമില്ല.

ബ്രൂണോ ആ സംഭവത്തിന്‌ ശേഷം ഒരു പേടിത്തൂറിയായി മാറി!
ഏതു പട്ടിയുടെയും തലവെട്ടം കണ്ടാലും അവന്‍ മോങ്ങാന്‍ തുടങ്ങി.

കാലം കടന്നു പോയി.

'കൈസറെ ഇപ്പൊ കാണാറില്ലല്ലോ' എന്ന ചോദ്യത്തിന് നായര്‍ പറഞ്ഞു.

''എന്താ ചെയ്യാ..
ഇത്രേം അനുസരണ പട്ടികള്ക്ക് ഉണ്ടാവാന്‍ പാടില്ല!
ഞാന്‍ കഴിഞ്ഞ തുലാത്തില് അവനേം കൊണ്ടൊന്നു ചൂണ്ടയിടാന്‍ പോയതാ..
കൈസറിനെ  അറിയാലോ..
പിടിക്കടാ.. ന്ന് പറഞ്ഞാ അവന്‍ അത് പിടിച്ച് കൊണ്ടെ തിരികെ വരൂ..
ഒരു മുയലോടണ കണ്ടപ്പോ, പിടിക്കട കൈസരെ.. ന്നു ഞാനൊന്ന് പറഞ്ഞു പോയി..
... ഹ്മം ....ആ പോക്ക് പോയതാ..
ഇപ്പൊ ഏഴെട്ടു മാസായി...
എന്താ കഥ...ല്ലേ?''

നെറ്റി ചുളിച്ച കേള്വിക്കാരനോട് നായര്‍ ഒരു ചോദ്യം കൂടെ ചോദിച്ചു.

"അല്ല രാഘവാ..
മൊയലിനു ഏഴെട്ടു മാസോക്കെ നിര്‍ത്താണ്ടോടാന്‍ പറ്റ്വോ?"  

5 comments:

NILNA said...

supr ,,, ethokke swantham sristti thanneyaanooo??? kollaamm kettoooo

animeshxavier said...

Thanks Anu..
Swantham thanne..
chummaa oru rasam!

Sneha said...

അനിയേട്ടാ.... നന്നായിട്ടുണ്ട്..
പക്ഷെ ആ കൈസര്‍ അപ്പോ എവിടെ പോയി........?? ഇനിയും റീലോഡ് ആവോ..?

Anonymous said...

ahaaaa.. oru film kandathupole undu.. suuuuper..!!
kaisar iniyum varanam.. udane oru 007 stylilayikkotte..

ajith said...

മ്പടെ കൈസറല്ലേ ആള്! ബ്രൂണോ അല്ല ഏത് ബ്രാണോ വന്നാലും പുല്ലാണ്ടാ...പുല്ല്!!