Powered By Blogger

Tuesday, February 24, 2015

കാക്ക



"ഈ കാക്കേക്കൊണ്ട് തോറ്റെന്റെ ഈശോയെ..
പൊറത്തിറങ്ങി നടക്കാൻ വയ്യാണ്ടായീനു വച്ചാ എന്ത്താ ചെയ്യാ.
പള്ളീൽ നൊവേനയ്ക്കു വരെ പോവാൻ വരെ പറ്റാണ്ടായി.
ശോ.. ഇങ്ങനീണ്ടോ ഒരു മാരണം. കോപ്പ്..
ആരോഗ്യം ഉണ്ടാര്ന്ന കാലത്താണെങ്കി തക്കം നോക്കി ഞാൻ എങ്ങനെയെങ്കിലും കുരിപ്പിനെ തല്ലിക്കൊന്നേനെ.."

മെടയാൻ വേണ്ടി തേമാലിയിലെ കുളത്തിൽ താഴ്ത്തിയിട്ടിരുന്ന ഓലക്കെട്ട് കഷ്ടപ്പെട്ട് വലിച്ചുകൊണ്ട് മുറ്റത്തേയ്ക്ക് വരുന്നതിനിടയിൽ കത്തിരിങ്ങ ചേടത്തി എന്ന് നാട്ടുകാരു വിളിക്കുന്ന കത്രീന ചേടത്തി ഉച്ചത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു.

ഒരാഴ്ച മുമ്പ് കാലത്തെണീട്ടു വാതിലു തുറന്നപ്പോൾ ഉമ്മറത്ത് തന്നെ ഒരു കാക്കക്കുഞ്ഞ്.പറന്നു തുടങ്ങീട്ടില്ല. അല്ലേ തന്നെ വല്യ ശല്യാ ഇവറ്റകളെക്കൊണ്ട്. മുറ്റം അടിച്ചു വാരാൻ വച്ചിരുന്ന ചൂലെടുത്ത് കട തിരിച്ച് ഒന്ന് കൊടുത്തു. 

ആഹ ഉഗ്രൻ ഷോട്ട് !

കവര ഡ്രൈവ് ഫോറാവുന്നതു നോക്കി നില്ക്കുന്ന സച്ചിനെപ്പോലെ ആത്മസംതൃപ്തിയിൽ മുഴുകിയ ചേടത്തീടെ തലയിൽ തൊട്ടടുത്ത നിമിഷം ബൗൻസർ കൊണ്ടു. കാക്കക്കുഞ്ഞ് തന്തയ്ക്കും തള്ളയ്ക്കും ജനിച്ചത്‌ തന്നെയാണെന്നു തെളിഞ്ഞു. അമ്മാതിരി ആക്രമണം ആയിരുന്നു പാരന്റ്സിന്റെ വക.

അന്ന് തൊട്ടിന്നു വരെ സമാധാനമായി പുറത്തിറങ്ങാൻ പറ്റിയിട്ടില്ല. ഇപ്പൊ തലയില ച്ചുംമാടു വച്ച് അതിനും മുകളിൽ തോർത്ത് കൊണ്ട് കെട്ടിയാ നടപ്പ്.
കാക്കക്കുഞ്ഞിനെ കാലപുരിയ്ക്കയയ്ക്കാൻ തോന്നിയ നേരത്തെ ചേടത്തി മനസ്സില് ശപിച്ചു.

വീടിന്റെ ഉമ്മറത്ത്, തിണ്ണയിൽ ജോബ് ഇരിപ്പുണ്ടായിരുന്നു. 

"ജോപ്പാ, നീ കഞ്ഞി കുടിചചോടാ ?"
മറുപടി ഉണ്ടാവില്ല എന്ന് അറിയാമായിരുന്നിട്ടും ചേടത്തി ചോദിച്ചു.

ജോപ്പൻ എന്ന ജോബിന്റെ നിർവ്വികാരമായ നോട്ടം സാധാരണ പോലെ ചക്രവാളത്തിനപ്പുരത്തുള്ള ഏതോ അന്യഗ്രഹത്തിലേയ്ക്കു നീളുകയും അവിടെയുള്ള ഏതോ യു എഫ് ഒയുമായി ആശയവിനിമയം നടത്തുകയും ചെയ്തു!

ചേടത്തി ഒരു നെടുവീര്പ്പ് പാസാക്കി.

ജോബ് ഇരുപതു വയസ്സിൽ നാടു വിട്ടു പോയതാ. മുംബൈയിലും ചെന്നൈയിലും ഒക്കെ പല നാട്ടുകാരും അവനെ പലപ്പോഴായി കണ്ടിട്ടുണ്ടായിരുന്നു. നല്ല ബെസ്റ്റ് ഗുണ്ടയായിരുന്നു- ത്രേ . (ത്രേ.. ചേര്ക്കാതെ വഴിയില്ല. നുമ്മടെ നാട്ടുകാരാ. ഒരോരുത്തരും ആയിരം സായാഹ്നപത്രത്തിനൊക്കും) എന്തിനു പറയണൂ.. തിരിച്ചു വന്നത് നാല്പത്തിരണ്ടാം വയസ്സിൽ. ഏതോ നാട്ടുകാരൻ ചെന്നൈയിൽ വച്ചു കണ്ടപ്പോ വിളിച്ചു കൊണ്ട് വന്നതാ.  'വയസുകാലത്ത് എന്നെ നോക്കാൻ ദൈവം വിട്ടതാ അവനെ' എന്ന് കത്രീന ചേടത്തി പറഞ്ഞെങ്കിലും ഒരാഴ്ച കൊണ്ട് തന്നെ പറഞ്ഞത് മായ്ക്കേണ്ടി വന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച്ചവരുടെ പോലെ ഒരേ ഇരുപ്പ്. ഇടങ്ങഴി അരിയുടെ ചോറ് തിന്നും എന്നല്ലാതെ വന്നിട്ട് നാല് മാസമായിട്ടും സ്വന്തം അണ്ടർവെയര് വരെ കഴുകീട്ടില്ല. പെണ്ണിന്റെ വാക്ക് കേട്ട് ഭാഗം വാങ്ങി പോയ പെണ് കോന്തൻ ആന്റപ്പനെ പള്ളീ വച്ച് കണ്ടപ്പോ "അമ്മേ തോൽപ്പിക്കാമെന്നു നീ കരുതണ്ട്രാ.. എന്നെ നോക്കാൻ എന്റെ മോൻ ജോപ്പൻ വന്നണ്ട് " എന്ന് വീമ്പടിച്ചത് പാഴായി. ഇപ്പോ ഇവനെ നോക്കാൻ കൂടി പാടു പെടാറായി.

ഇവന് ഇത്തിരീശെ വട്ടാണോ?

അതോ മേലനങ്ങാതെ മാമം മുണുങ്ങാൻ അഭിനയമാണോ?


ഇന്നാളു പിള്ളേര് പറഞ്ഞിട്ട് "മേരിക്കുണ്ടൊരു കുഞ്ഞാട്" ടീവീൽ കണ്ടു. അതിലെ ബിജു മേനോന്റെ ഭാവമാ ജോപ്പന്.. പക്ഷെ, ഒരു വാഴക്കുഴി കുത്തുന്നത് പോയിട്ട്  ഒരു ഈര്ക്കില് വരെ.. ങേ ഹേ..

"നീയവന്റെ കയ്യും കാലും കണ്ടാ.. ഇരുമ്പു പോല്യാ.."

"അമ്മാതിരി തീറ്റ്യല്ലേ"

"അവന് ഒരു കൊഴപ്പോം ഇല്ല്യാ ട്ടാ.. ഇതെന്തോ അടവാ."

"നാളേരം കട്ടേന് ജോപ്പനെ തെങ്ങേൽ കെട്ടിയിട്ടു തല്ല്യ നിന്റെ അപ്പനോടൊക്കെ ഒന്ന് സൂക്ഷിചോളാൻ പറ."

"എന്തിന് ?"

"ഡാ.. പ്രാന്തുള്ളോര്ക്ക്  കൊലപാതകം നടത്തിയാ സുഖായിട്ടു ഊരിപ്പോരാം."

ഇത്യാദി സംസാരങ്ങൾ ചുറ്റും കേള്ക്കുന്നുണ്ട്.

സാരല്യ. എത്രയോ കൊല്ലങ്ങൾക്ക് ശേഷം വന്നതാ. ഇത്രേം നാള്  കൊടുക്കാൻ പറ്റാണ്ടിരുന്ന സ്നേഹം കൊടുത്തു വീട്ടുക തന്നെ.

'എന്നാലും.....
ഹോ.. എല്ലാം എന്റെ തലേലാണല്ലോ ദൈവമേ..' സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെയ്ക്ക് ചേടത്തി കണ്ണുകളുയർത്തി..

എന്റമ്മോ ദാ വരുന്നു സ്റ്റെൽത്ത് ബോംബർ  !
ഒന്നിനെ പുറകെ ഒന്നായി രണ്ടെണ്ണം. 
ഇടതുകയ്യിൽ ഉണ്ടായിരുന്ന വടി തല്ക്കാലം വിമാനവേധോപകരണം ആയി.

വിറകുപുര ബങ്കറിൽ കയറി തല്ക്കാലം രക്ഷപ്പെട്ടു.

ദേഷ്യോം സങ്കടോം കൂടുന്നത് ഇതൊന്നും ബാധകമാവാത്ത മട്ടിൽ ജോപ്പൻ - യു എഫ് ഓ ആശയ വിനിമയം നിര്ബാധം നടക്കുന്ന കാണുമ്പോളാ..

ഒരു നിമിഷം. എല്ലാ കണ്ട്രോളും പോയി.

"ഡാ.." ചേടത്തി അലറി..
"ഒരു പണീം ചെയ്യില്ല.. ചെയ്യണ്ട, ന്നാ.. നിന്റെ തള്ളേനെ ശല്യപ്പെടുത്തണ കാക്കേനെ എങ്കിലും ഓടിച്ചു വിട്രാ. 
തീറ്റ മാത്രം പണിയായ ഒരുത്തനെ ആണല്ലോ കര്ത്താവേ എന്റെ ഒടുക്കത്തെ കാലത്ത് കൊണ്ട് തന്നത്.."

സ്വപ്നത്തിൽനിന്ന് എന്ന വണ്ണം ജോപ്പൻ എണീറ്റു.
'ഹാവൂ..' എന്ന  ചേടത്തിയുടെ ആശ്വാസം അമ്പരപ്പാക്കി മാറ്റിക്കൊണ്ട് പടികടന്ന് ഒറ്റ പോക്ക്.

അതിനും മാത്രം ഒന്നും പറഞ്ഞില്ലല്ലോ.
കാക്കയെ ഓടിക്കാൻ പറഞ്ഞതിന് ഇനി വീണ്ടും പുറപ്പെട്ടു പോവുമോ?
ഏയ്‌ ..

സാധാരണ ഒരു പോക്കുണ്ട്. കവലയിലേയ്ക്ക് നടന്നു പോയി നാല് ചാൽ അതിലേം ഇതിലേം നടന്ന്, പിന്നെ കലുങ്കിൽ ഇത്തിരി നേരം ഇരുന്ന് തിരികെ വരും. ആരോടും ഒരക്ഷരവും മിണ്ടാറില്ല.
അതുപോലെ പോയതായിരിക്കും.

ആവില്ലേ? 
പറഞ്ഞത് കൂടിപ്പോയോ.. 
തലയ്ക്കു ചെറിയ വിങ്ങൽ.
വിഷമം വരുമ്പോ തല വിങ്ങൽ വരുന്നത് പതിവാ..
ശെ.. ഒന്നും പറയണ്ടായിരുന്നു.
ഉച്ചയൂണിനു രണ്ട് മാന്തൾ വറുക്കാം.
പണ്ടേ അവനു ഇഷ്ടമുള്ളതാ.

ആരോ ഓടിക്കിതച്ച് വരുന്നത് കണ്ട് ചേടത്തി അറ്റൻഷനായി.
അപ്രത്തെ വീട്ടിലെ ജോര്ജിന്റെ മോനാണല്ലോ..

"എന്ത്യേടാ?" അവന്റെ കിതപ്പിനിടയിലെ ശ്വാസം വലിയ്ക്ക്‌ സമയം കൊടുക്കാൻ ചേടത്തി ചോദിച്ചു.

"അതേയ്..
ജോപ്പാൻ ചേട്ടനില്ലെ...."

"ദൈവമേ.. പിന്നേം പോയോ.." ചേടത്തി ഒരു നിലവിളിയ്ക്ക് കോപ്പ് കൂട്ടി.

"അതല്ല.."

"പിന്നെ?" നിലവിളി സ്റ്റാർട്ടിങ്ങ് ട്രബിളിൽ കുടുങ്ങി.

"അങ്ങേര് .. മ്മടെ സൈതാലിക്കാക്കാന്റെ പെട്ടിക്കട തല്ലിപ്പൊളിക്കണൂ..
അമ്മേനെ വഴി നടത്തില്ല അല്ലേടാ എന്നൊക്കെ ആണു പറയണത്. ഞങ്ങളാരും പിടിച്ചിട്ടു നിക്കണില്ല. ചേടത്തി ഒന്നിങ്ങു വേഗം വന്നേ. .."

"ദൈവമേ.." ചേടത്തി തലയിൽ കൈ വച്ചു മുകളിലേയ്ക്ക് നോക്കി.

തെങ്ങിന്മുകളിൽ, അടുത്ത ആക്രമണത്തിനു കോപ്പ് കൂട്ടി പ്രതികാരദാഹവുമായി ഇരുപ്പുണ്ടായിരുന്നു, കാക്ക.. ദി റിയൽ കാക്ക!

12 comments:

animeshxavier said...

കാക്ക

radha said...

ഇത് തോന്ന്യവാസം ഒന്നുമല്ലല്ലോ മാഷെ ....നല്ല എഴുത്ത് ..ബാക്കി എഴുത്തുകൾ വായിക്കാൻ വീണ്ടും വരും

jaya said...

പതിവുപോലെ രസമായിട്ടുണ്ട്

Unknown said...

ha ha ...athu kalakki

animeshxavier said...

നന്ദികൾ..
അഭിനന്ദനങ്ങൾ കൂടുതൽ എഴുതാനുള്ള പ്രചോദനമായി മാറട്ടെ.


ഈയിടെയായി എഴുതാൻ തോന്നുന്നത് എഫ്ബി / പ്ളസ് പോസ്റ്റൊ കമന്റോ ആയി പോകാറാണ് പതിവ്. ആലോചിചെഴുത്ത് പണ്ടേ ഇല്ലാത്തതിനാൽ പോസ്റ്റിന്റെ എണ്ണം ബ്ലോഗിൽ കുറവാണ്. എങ്കിലും നന്നായി എഴുതിയിരുന്ന പലരേക്കാളും ഭേദം ആണെന്ന് തോന്നുന്നു.

© Mubi said...

"കാക്ക" കഥ നല്ലോണം ഇഷ്ടായിട്ടോ..

പട്ടേപ്പാടം റാംജി said...

ഈ കാക്ക ഒരു വലിയ സംഭവം തന്നെയാണ്. അതും മുകളില്‍ നിന്നുള്ള ആക്രമണം.
സംഗതി ഉഷാറായി.

ajith said...

ശ്ശോ... കാക്ക കാരണം കാക്കയ്ക്ക് വന്ന കഷ്ടപ്പാട്. കൊള്ളാട്ടൊ!

animeshxavier said...

കുറെ നാളായിട്ട് ആസ്വദിച്ച് എഴുതിയതാ.. (ന്നു വച്ചാ ഒരു മണിക്കൂർ കൊണ്ട്!)
നന്ദി എല്ലാവര്ക്കും.

സുധി അറയ്ക്കൽ said...

എങ്ങനെ എഴുത്യാലും എനിക്കിഷ്ടായി..പുറകോട്ട്‌ പോകട്ടെ.
കാക്കക്ക്‌ പകരം വല്ല ഗരുഡനൊ.,പരുന്തോ ഉണ്ടെങ്കിലോ???

Cv Thankappan said...

പേരിലെന്തിരിക്കുന്നു എന്നുപറയുമെങ്കിലും,ഇപ്പോള്‍ ഞാന്‍ അതാണോര്‍ത്തത്.'തോന്ന്യവാസം' രണ്ടുപോസ്റ്റ് നോക്കാതെ വിട്ടുപോയി.ഇനി ഓര്‍മ്മയിലുണ്ടാവും.....
ആശംസകള്‍

വിനോദ് കുട്ടത്ത് said...

നന്നായി മാഷേ..... കാക്ക ബോമ്പര്‍ പൊളിച്ചു.... കാക്ക ഫാമിലി കൊള്ളാം .... ഒപ്പം കത്തിരിക്കാ ചേട്ടത്തിയും...

ആശംസകൾ......