Monday, June 29, 2015

മുട്ട്

ടക്  ടക് ടക്

വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് എണീറ്റത്. ക്ളോക്കിൽ നോക്കി. ആറരയാകുന്നു. മുറിയിൽ വെളിച്ചം പരന്നു തുടങ്ങിയിട്ടുണ്ട്‌. 
വീട് മാറലിന്റെ ക്ഷീണത്തിൽ കിടന്നുറങ്ങുന്ന ഹേമ ഒന്നും അറിഞ്ഞ മട്ടില്ല. സാധനങ്ങൾ പഴയ വീട്ടില്നിന്നു  മാറ്റുന്നതിന്റെ പൊടിയും വിയര്പ്പും കാരണം രാത്രി മുഴുവൻ പാവം തുമ്മലായിരുന്നു. ഇന്ഹേലറും സ്പേസറും തലയിണയ്ക്കരികിലുണ്ട്. ക്ഷീണത്തിന് മരുന്നെന്നവണ്ണം കഴിച്ച രണ്ടു പെഗ് ബ്രാണ്ടി സമ്മാനിച്ച ഉറക്കത്ത്തിനിടയിലെപ്പോളോ പ്രാവ് കുറുകുന്ന പോലെ ഹേമ ശ്വാസം വലിക്കുന്നത് കേട്ടതായി ഒരോർമ്മ.

ടക്  ടക് ടക് 
വീണ്ടും വാതിലിൽ മുട്ട് തുടരുന്നു.
ആരാണാവോ രാവിലെത്തന്നെ. കോളിങ്ങ് ബെൽ അടിച്ചു കൂടെ.
എണീറ്റു.

അമ്മ രാവിലെ തന്നെ പൂജാമുറിയിൽ കയറിയിട്ടുണ്ട്. പുതിയ വീട് വാങ്ങുമ്പോൾ അമ്മയ്ക്ക് ആകെയുണ്ടായിരുന്ന ആഗ്രഹമായിരുന്നു പൂജാമുറി. പഴയ വീട്ടിൽ, ദൈവങ്ങൾക്കിടയിൽ അച്ഛന്റെ ചിത്രവും പ്രതിഷ്ടിച്ചു രാവിലെയും വൈകീട്ടും അതിനു മുന്നില് മണിക്കൂറുകളോളമിരുന്നാലേ അമ്മയ്ക്ക് സമാധാനമാവൂ. ഇവിടേയും അമ്മ പരിപാടി തുടങ്ങിയിട്ടുണ്ട്. പാവം, ഒന്നര വര്ഷം മുമ്പ് അച്ഛൻ പോയതിൽ പിന്നെ പുറം ലോകവുമായി വലിയ ബന്ധമൊന്നുമില്ല. ഒരു തരം ഏകാന്ത വാസം. ചിലപ്പോൾ ജനലും തുറന്നിട്ട്‌ അച്ഛന്റെ അസ്ഥിത്തറയിലേയ്ക്കു നോക്കി പിറുപിറുത്തോണ്ടിരിക്കുന്ന കാണാം. ഇവിടെ അത് പറ്റില്ലല്ലോ എന്നതായിരുന്നെന്നു തോന്നുന്നു ആ വീടു വിട്ടു പോരാൻ അമ്മയുടെ ഏറ്റവും വലിയ വിഷമം.
സാരമില്ല, എല്ലാം ശീലമായിക്കോളും.

ടക്  ടക് ടക് ..
"ദാ വരുന്നു.."
ബോൾട്ട് ഊരി വാതിൽ തുറന്നു.
ങേ .. ആരുമില്ല!
പുറത്തിറങ്ങി ചുറ്റും ഒന്ന് നടന്നു നോക്കി.
വാതിലിൽ മുട്ട് കേട്ടതാണല്ലോ.
തോന്നിയതാവുമോ?.
ഏയ്യ്.. അങ്ങിനെ വരാൻ വഴിയില്ലല്ലോ.
എന്തായാലും മുട്ടുമില്ല ആളുമില്ല.
അപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടി മുറ്റത്ത് നടന്ന് പഠിക്കുന്നുണ്ട്.

"ഇവിടെ ആരേലും വന്നിരുന്നത് കണ്ടോ?"
അവൾ തലയുയാര്ത്തി നോക്കി ചിരിച്ചു. ചോദ്യം മനസിലായില്ലെന്നു തോന്നുന്നു.
"ഇവിടെ ആരോ വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോ ആളില്ല. മോള്  ആരേലും ഇവിടേന്നു പോകുന്നതു കണ്ടോ?"
"ഇല്ലല്ലോ അങ്കിളേ."
അപ്പോ തോന്നീത് തന്നെ.
തിരിഞ്ഞു നടന്നു.
നാളെ മുതൽ പത്രമിടാൻ പറയണം. കേബിൾ നേരത്തെ ശരിയാക്കിയിരുന്നു.അതുകൊണ്ട് വാര്ത്താ ചാനൽ കാണാം.

അകത്ത് മൊബൈൽ കരയുന്നത് കേട്ടാണ് തിരികെ പടി കയറിയത്. മുറിയിൽ ചെല്ലുമ്പോളേയ്ക്കും ഹേമ അതെടുത്തിട്ടുണ്ട്. മോളാണ്. ഇനി കുറച്ചു നേരം അമ്മേം മോളും അവരുടെ മാത്രം ലോകത്തിൽ മുഴുകട്ടെ.
'എന്റെ അന്വേഷണം പറഞ്ഞേക്കൂ' എന്ന് പറഞ്ഞ് അടുക്കളയിലേയ്ക്കു നടന്നു.
ചായ ഒരെണ്ണം ആയിക്കളയാം. ഹേമയ്ക്കും അത് ഇഷ്ടമാവും.
കെറ്റിലെടുത്ത് വെള്ളമൊഴിച്ച് ഗ്ഗ്യാസടുപ്പിനു മുകളിൽ വയ്ക്കുമ്പോൾ വീണ്ടും..
ടക് ടക് ടക് ..
ങേ.. ഇത് നേരത്തേ കേട്ട മുട്ടല്ലേ?
ചെവിയോർത്തു.
ഇല്ല.. അനക്കമില്ല.
തോന്നിയതാവും.
സ്റൌവ് തീ പിടിപ്പിച്ചു വീണ്ടും ഒന്നുകൂടെ കാതോർത്തു.
ഒന്നുമില്ല.
ചെവിയ്ക്കു വല്ല കുഴപ്പവുമുണ്ടോ?
പ്രായം കൂടി വരികയല്ലേ. മനസ്സിൽ ഈയിടെയായി അനാവശ്യചിന്തകളുടെ വേലിയേറ്റമാണ്. വീടുമാറ്റം അത്രേം പ്രശ്നമായിരുന്നു.  ''രണ്ടാഴ്ച കൂടുമ്പോൾ നാട്ടിൽ വരുന്ന നിനക്ക് ഇത്രേം നാള് കഴിഞ്ഞ പോലെ അങ്ങ് പോയാ പോരേ'' എന്ന ചോദ്യത്തിനെ, മോള്ടെ ഭാവിയും തനിക്ക് ദിവസവും വീട്ടില് വരാൻ കഴിയുന്നതിന്റെ സൗകര്യവും ഹേമയുടെ വലിവിന്റെ ചികിത്സയും ഒക്കെ നിരത്തി അമ്മയെ ഒന്ന് പറഞ്ഞ് മനസിലാക്കാൻ പെട്ട പാട്.
ഇപ്പോ എല്ലാം ഒന്നൊതുങ്ങി. അമ്മയ്ക്ക് ആ വീടും അച്ഛന്റെ അസ്ഥിത്തറയും വിട്ടു പോന്നതിൽ നല്ല വിഷമമുണ്ട്. കരച്ചിൽ തന്നെ ആയിരുന്നു. ലീവ് രണ്ടു ദിവസം കൂടി ഉണ്ട്. അതിനിടയിൽ അമ്മയെ ഒന്നുഷാറാക്കി എടുക്കണം.

ചായ പകർന്ന് റൂമിലേയ്ക്കു ചെല്ലുമ്പോൾ സംസാരം തീർന്നിട്ടുണ്ട്.
''ആഹ.. ചായയിട്ടോ.. !!''
''ഉം .. ഈ വീട്ടിലെ ആദ്യത്തെ ബെഡ് കോഫി എന്റെ വക.''
''എന്നും ആയിക്കോട്ടെ. ഹ ഹ..''
ചിരി വിടരുന്ന പ്രഭാതങ്ങൾ ദിവസം മുഴുവൻ ഉന്മേഷം നിറയ്ക്കും.സന്തോഷമായി. മോളുടെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങുമ്പോൾ ഹേമ ഒരു പടക്കത്തിന് തിരി കൊളുത്തി മനസിലേയ്ക്കിട്ടു.
''വാതിലിൽ ആരെങ്കിലും മുട്ടിയോ?''
ങേ?
പടക്കത്തിന്റെ തിരി പുകഞ്ഞുകൊണ്ടിരിക്കുന്നു.
''എനിക്കാരോ വാതിലിൽ തട്ടുന്നത് കേട്ട പോലെ തോന്നി.''
''ഹേയ്.. നിനക്ക് തോന്നിയതാവും.''
തിരി കെട്ടു.

പക്ഷെ, അതൊരു തോന്നൽ മാത്രമാണെന്ന് പിറ്റേന്ന് പുലർച്ചയ്ക്ക് വാതിലിൽ മുട്ട് കേട്ട് ചാടിയെണീറ്റപ്പോൾ മനസിലായി.
വാതിൽ തുറന്നു നോക്കി. ശൂന്യം!

പടക്കത്തിന്റെ തിരി കെട്ടിട്ടില്ല.അത് പുകയുന്നുണ്ട്.

''ആരാ?'' എന്ന് ചോദിച്ച് ഹേമ ചുമലിൽ തൊട്ടപ്പോൾ ഒന്ന് ഞെട്ടി.
''ആരുമില്ല. മുട്ടിയതായി നമുക്ക് തോന്നിയതാവും. അല്ലെങ്കിൽ കാറ്റിൽ വല്ല ജനൽപ്പാളിയൊ മറ്റോ ഇളകിയതാവും. അല്ലെങ്കിൽ തന്നെ ഈ മണിയും കോളിങ്ങ് ബെല്ലും ഉള്ളപ്പോൾ ആരേലും വാതിലിൽ മുട്ടുമോ?
ഈ വീട്ടില് ഇനി വല്ല പ്രേത ശല്യമോ മറ്റോ?ഏയ്‌.. രാവിലെയോ?
ഹൃദയമിടിപ്പ്‌ കൂടുന്നതായി ഫീൽ ചെയ്യുന്നു. എന്തിന്.. എന്തിനാണിത്ര ടെൻഷൻ?
അത് വല്ല ജനൽപ്പാളിയൊ മറ്റോ അടഞ്ഞത് ആയിരിക്കും..

കഞ്ഞി കുടിക്കാനിരിക്കുമ്പോൾ അമ്മയെ ഒന്ന് ഉഷാറാക്കാൻ ഒരു പാഴ്ശ്രമം നടത്തി.
അമ്മ കൂടുതൽ ക്ഷീണിച്ച പോലെ തോന്നി. സ്ഥലം മാറിയുള്ള ഉറക്കത്തിന്റെയും വെള്ളം മാറി കുളിച്ചതിന്റെയും ഒക്കെ ആവണം.
"അമ്മേ, ഇന്ന് രാവിലെ അമ്മ വാതിലിൽ ആരോ മുട്ടുന്ന കേട്ടോ? ഇല അനങ്ങിയാൽ അറിയുന്ന ആളല്ലേ.."
"ഇല്ലല്ലോ."
ഹാവൂ.. സമാധാനം.

കൂടുതൽ സമാധാനത്തിന് എല്ലാ ജനവാതിലുകളും കുറ്റിയിട്ടിട്ടില്ലേ എന്ന് ഉറപ്പു വരുത്തിയാണ്  അന്ന് കിടന്നത്.

പക്ഷേ, സമാധാനത്തിന് ഒരു ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ
പിറ്റേന്ന് രാവിലെ ജോലിയ്ക്ക് പോകാൻ സമയത്തിന് എഴുന്നേല്ക്കാൻ വച്ച അലാറത്തിനു മുമ്പേ
ടക് ടക് ടക് ടക്  വീണ്ടും ..!
ചാടിയെണീറ്റു.
പതിഞ്ഞ കാലടികളുമായി വാതില്ക്കലെയ്ക്ക് നീങ്ങുമ്പോൾ ഹേമ അടുക്കളയിൽനിന്നു വാതില്ക്കലെയ്ക്ക് വരുന്നുണ്ട്. ശബ്ദമുണ്ടാക്കരുത് എന്ന ആംഗ്യം കാണിച്ച്  പതിയെ വാതില്ക്കലെയ്ക്ക് നീങ്ങി.
പൂജാമുറിയിൽനിന്നുള്ള അമ്മയുടെ താഴ്ന്ന ശബ്ദമല്ലാതെ മറ്റൊന്നുമില്ല. ഒരനക്കവും കേള്ക്കാനില്ല.

മുഖത്തോടു മുഖം നോക്കി രണ്ടു പേരും കുറെ സംശയങ്ങൾ കൈമാറി. വാതിലിന്റെ പിടിയിൽ കൈ വച്ച നിമിഷം നടുക്കമുയര്ത്തിക്കൊണ്ട് വീണ്ടും..
ടാക് ടക്

ബോൾട്ട് വലിച്ച്ചൂരിയതും വാതിൽ തുറന്നതും ഒറ്റ സെക്കണ്ട് കൊണ്ടായിരുന്നു.
പക്ഷെ.. ആശ്ചര്യവും കുറെ ചോദ്യങ്ങളും ഉയർത്തിക്കൊണ്ട്  ശൂന്യത മാത്രം!

ഇതെന്ത് കഥ.
വിചിത്രമാണല്ലോ ഈ സംഭവം.
വാതിലൊക്കെ നന്നായി പരിശോധിച്ചു. ഒരു കാരണവും കണ്ടു പിടിക്കാനായില്ല.
"അമ്മ വാതിലിൽ മുട്ട് കേട്ടോ?"
ഓഫീസിലേയ്ക്ക് ഇറങ്ങാൻ നേരം അമ്മയോട് ചോദിച്ചു.
"നിനക്കിതു എന്തിന്റെ കേടാ.  മുമ്പും ചോദിക്കുന്ന കേട്ടല്ലോ."
ശോ.. കണ്‍ഫ്യൂഷൻ.

"പുലര്ച്ചയ്ക്ക് ചില ദേവിമാരുടെ തേർവാഴചയുണ്ട്  സാറേ, അതാവും. "ഓഫീസ് അറ്റണ്ടരുടെ വിവരണം.
"ആറരയ്ക്കോ? അതോന്നുമല്ല."
"അല്ലെന്ന് സാർ വിശ്വസിച്ചോ... പക്ഷേ, ഇതതുതന്നെ."
ഈശ്വരാ.. ഇനി അതാണോ?

ഏറ്റവും കൂടുതൽ ഉറക്കം കിട്ടാറുള്ള പുലർകാലങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ നഷ്ടപ്പെട്ടു. ഇപ്പോ ചെന്ന് നോക്കാൻ ഒരു പേടിയുമായി.

ശാസ്ത്രീയമായ വല്ല പ്രതിഭാസവുമാണൊ എന്നൊരു ചിന്തയും ഉയരാതിരുന്നില്ല. അടച്ചിട്ട മുറികൾക്കുള്ളിൽ സംഭരിക്കപ്പെടുന്ന ഉച്ഛ്വാസവായു മുകളിലേയ്ക്കുയർന്ന് അതിന്റെ മർദ്ദം എയര് ഹോളിലൂടെ പുറത്തേയ്ക്ക് പോകുമ്പോൾ.... എയ്യ്.. ഓരോ പൊട്ടത്തരങ്ങൾ ആലോചിച്ചു കൂട്ടുക എന്നല്ലാതെ.

വാതിൽമുട്ടിന്റെ അലോസരപ്പെടുത്തലുകളുമായി ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നു.ഹേമ അത് മൈന്ഡ് ചെയ്യാതായി.അമ്മ അത് കേട്ടിട്ടേ ഇല്ല എന്ന ഉത്തരവും ആവർത്തിച്ചുകൊണ്ടിരുന്നു.
എങ്കിലും ഈ മുട്ട്..
"നിനക്ക് തലയ്ക്കു വല്ല ഓളവുമുണ്ടോ? മുട്ടാത്രേ, മുട്ട്.." അമ്മ പിറുപിറുത്തു.
സത്യത്തിൽ തലയ്ക്ക് ഓളമുണ്ടോ? സ്വയം ചോദിച്ചു.

പക്ഷേ, ഈ മുട്ട്.
ആശങ്കയുടെ കരിമ്പടം പുതച്ചുകൊണ്ട് അതൊരു ഭീകരസത്വമായി നേർക്ക്‌ വന്നു നില്ക്കുന്നു.
ഭക്ഷണത്തിനു രുചി നഷ്ടപ്പെട്ടു. ജോലിയിൽ താല്പര്യം കുറഞ്ഞു. മൊത്തം ഒരു അസ്വസ്ഥത.

പെട്ടെന്ന് മനസ്സിൽ ഒരു വെള്ളിടി വെട്ടി.
അപ്പുറത്തെ വീട്ടിലെ പഠിക്കുന്ന കുട്ടി. അവളാണ് വില്ലത്തി.
അവളാണ് നാഗവല്ലി! യഥാര്ത്ഥ കുട്ടി അവിടെ പഠിക്കുന്നതായി കാണിക്കുമ്പോൾ നിമിഷനേരം കൊണ്ട് ഇവിടെ എത്തി മുട്ടിയിട്ടു പോകുന്നതാണ്. അത്തരം അവസ്ഥകളിൽ അവൾക്കു നമ്മുടെ ടൈമിംഗ് അളക്കാം. വാതിൽ തുറക്കുന്ന സമയം കൊണ്ട് തിരികെയെത്തി പഠിക്കുന്നതായി ഭാവിക്കാം.
ഈ ഡോക്ടർ സണ്ണീയോടാണ്  അവളുടെ കളി.

"ഹേമേ.. വാതിലിൽ മുട്ടിന് നാളെ തീരുമാനമാവും."
"എന്തേ?"
"ആളെ ഞാൻ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു. ഇനി തെളിവു കൂടി വേണം. അത് നാളെ."
"ആരാ? പറയ്‌?"
"അത് നാളെ. ഇപ്പോ സസ്പെൻസിൽ ഇരിക്കട്ടെ."

പിറ്റേന്ന് അലാറം അടിക്കുന്നതിനു മുമ്പേ തന്നെ എണീറ്റു. മുകളിലെ ബെഡ് റൂമിൽനിന്ന് പുറത്തേയ്ക്കുള്ള ജനലിന്റെ കര്ട്ടന്  പുറകിൽ മറഞ്ഞു നിന്നു.
ആറു മണി.
അപ്പുറത്തെ വീട്ടിലെ വാതിൽ തുറന്നു. പാലും പത്രവും എടുത്തുകൊണ്ടുപോയി അകത്തു വച്ചത്തിനു ശേഷം കയ്യിൽ പുസ്തകവുമായി സിട്ടൗറ്റിൽ അവൾ..ആ പെണ്‍കുട്ടി.
നാഗവല്ലി!
ഭയങ്കര പഠിപ്പാണെന്നേ കാണുന്നവർ വിചാരിക്കൂ.
മനുഷ്യന്റെ മനസമാധാനം കളയുന്ന ജന്തു.
ആറരയാവാറാവുന്നു. ഇനി ഏതു നേരത്തും അത് സംഭവിക്കാം.
ഒരോ നിമിഷവും ഇഴഞ്ഞു നീങ്ങുമ്പോൾ. തനിക്കു വിയർക്കുന്നുണ്ടെന്നും ഹൃദയമിടിപ്പ്‌ ഉച്ച്ച്ചത്തിലാകുന്നുന്ടെന്നും അയാള് അറിഞ്ഞു.
കണ്ണു ചിമ്മാതെ.. ശ്വാസം വലിക്കുന്ന ശബ്ദം പോലും കേൾപ്പിക്കാതെ പെണ്‍കുട്ടിയെ തന്നെ നോക്കി നില്ക്കുമ്പോൾ.
ടക് .. ടക് .. ടക്..
കിടുങ്ങി പോയി.
അവൾ സിറ്റൌട്ടിൽ തന്നെ ഉണ്ട്!
വീണ്ടും ടക് .. ടക് ..
രോമങ്ങൾ പേടികൊണ്ട് എണീറ്റ്‌ നിന്നു.
ഭയം ഒരു വിറയലായി ശരീരത്തെ പുണരുന്നത് അയാളറിഞ്ഞു.
വേച്ച്‌ പോകുന്ന കാലുകളെ നിയന്ത്രിച്ച്‌ ഗോവണിയിറങ്ങുമ്പോൾ താഴെ ഹേമ ആകാംക്ഷയോടെ നില്പ്പുണ്ട്.
എന്തായി?
ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
മറുപടി പറഞ്ഞില്ല. പരാജിതന്റെ കുനിഞ്ഞ തലയ്ക്കുള്ളിൽ പേടിയുടെ കറുത്ത ചിറകുകൾ ചിറകടിച്ചുയർന്നു.
"പനിക്കുന്നുണ്ടോ?" നെറ്റിയിൽ കൈ മുട്ടിച്ച്, ഹേമ ചോദിച്ചു.
"സാരമില്ല." ശബ്ദത്തിൽ ഒരു വിറയൽ ഉണ്ടായിരുന്നോ.
"സുഖമില്ലെങ്കിൽ ഇന്ന് ലീവ് എടുക്ക്."
"ഏയ്‌. കുഴപ്പമില്ല. നീയ് കടുപ്പത്തിലൊരു ചായ താ."
തീർന്നു. എല്ലാ മനസമാധാനവും തീർന്നു.
"രണ്ടുമൂന്നു തട്ട് കേൾക്കുന്നതല്ലേ.. വേറെ ശല്യമൊന്നുമില്ലല്ലോ. എന്തിനാ അതിനൊക്കെ ഇത്ര ടെൻഷൻ?" ഹേമ സമാധാനിപ്പിച്ചു.
"വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട. അല്ലേ തന്നെ പ്രഷർ ഇത്തിരി കേറി നിൽക്കുകയാ "
"ഹ്മ്.."

മുട്ട് പിറ്റേന്നും തുടർന്നു. പോയി നോക്കാൻ തോന്നിയേയില്ല. പേടി തന്നെ കാരണം.

അതിനു പിറ്റേന്ന്..
ടക് .. ടക്
ആവശ്യം പോലെ തട്ടട്ടെ..
പക്ഷേ, മുട്ടിന് പുറകെ കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ എഴുന്നേൽക്കാതിരിക്കാൻ കഴിഞ്ഞില്ല.

വാതിൽ തുറന്നു.
അക്കു..  അക്ഷര!
"മോളേ നീയെങ്ങിനെ.. ഈ നേരത്ത്. അതും വിളിച്ചു പറയാതെ. വഴി തപ്പി...?"
"ഓഹ്.. ഇതൊരു സർപ്രൈസ് അല്ലേ അച്ഛേ .. ഞാൻ നാലിന് ട്രെയിനിറങ്ങി. നേരം വെളുക്കുന്നതു വരെ സ്റ്റേഷനിൽ വെയിറ്റ് ചെയ്തു. ഒരു പ്രാവശ്യം വീടു നോക്കാൻ ഞാൻ വന്നിട്ടുള്ളതല്ലേ, ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞു, ഗൂഗിൾ മാപ്പ് വച്ച് കറക്ടല്ലേ എന്ന് നോക്കി.... എത്തി! സോ സിമ്പിൾ."
ഹേമ അടുക്കളയിൽനിന്നു വന്ന് അന്തം വിട്ടു.
"അമ്മേ.. വായടയ്ക്ക്
ഹ ഹ.. എവിടെ നമ്മുടെ ഗ്രാൻഡ്‌മാ ?"
"നീ മുത്തശിയോടു ബഹളം വയ്ക്കാനോന്നും പോണ്ട. പൂജാമുറീലാ. എന്താ അകത്തു കയറാതെ ലോകകാര്യം. വന്നേ " ഹേമ ബാഗെടുത്തു.
"വീടിരിക്കുന്ന സ്ഥലം കൊള്ളാം ട്ടോ. ഞാൻ കുറച്ചു നേരം പുറത്ത് നിന്ന് നോക്കുകയായിരുന്നു. ചുറ്റും സ്ഥലവും പച്ചപ്പുമൊക്കെ കുറവാണെങ്കിലും കാം ആൻഡ്‌ ക്വയറ്റ് ആണ്. കിളിശബ്ദമോന്നുമില്ലെങ്കിലും ഒരു കാക്ക വാതിലിനു മുകളിലെ റിഫ്ലക്ഷൻ കണ്ടു അതിൽ കൊത്തുന്ന കണ്ടു".
"ങേ.. എപ്പോ? എങ്ങിനെ?"
"അച്ഛൻ അതിനു എന്തിനാ എക്സൈറ്റഡ് ആവുന്നത്? ദാ, വാതിലിനു മുകളിലെ ആ ഹാഫ് സർക്കിൾ ഷേയ്പ്പിൽ ചില്ലിട്ട ഭാഗം ഇല്ലേ, അവിടെ ഒരു കാക്ക ഇരുന്നു അതിന്റെ റിഫ്ലക്ഷനിൽ കൊത്തുന്നു. പാവം.. അത് വേറെ കാക്ക ആണെന്ന് വിചാരിച്ചു കാണും."

അപ്പോൾ അത് .. ആ മുട്ട് .. കാക്കയുണ്ടാക്കുന്നതായിരുന്നോ.
മനുഷ്യനെ വെറുതെ ടെൻഷനടിപ്പിക്കാനായിട്ട് ..

ആശ്വാസത്തിന്റെ മഞ്ഞുമല ഉരുകി തിളച്ചു കിടക്കുന്ന ലാവയ്ക്ക് മുകളിലേയ്ക്ക്.
ഹേമയുടെ മുഖത്ത് ഒരു കളിയാക്കി ചിരിയുണ്ടോ.
"ഇതിനെക്കുറിച്ച്‌ വല്യ വിശദീകരണം പറഞ്ഞ് ചമ്മിക്കരുത്.. "അകത്തേയ്ക്കു നീങ്ങുമ്പോൾ ഹേമയോട്  പതിയെ പറഞ്ഞു.
"ഹും .. നോക്കാം!"

പിറ്റേന്ന് നേരത്തേ എണീറ്റ്‌ മതിലിനു പുറത്ത് കടന്ന് മാറിനിന്നു. ഇവിടെ നിന്ന് നോക്കിയാൽ വാതിലും അതിന്റെ മുകൾ ഭാഗവും കാണാം. കാക്ക പറന്ന് വന്ന് പടിയുടെ മുകളിലിരിക്കുന്നതും പ്രതിബിംബത്തിൽ കൊത്തി നോക്കുന്നതും പിന്നെ, പതിയെ പറന്നു പോകുന്നതും കണ്ട് ചിരിച്ചു. ദേവിയുടെ തേർവാഴ്ചയും നാഗവല്ലിയും... ഹ ഹ. മനസിന്റെ ഓരോ സഞ്ചാരങ്ങൾ..

തുടർന്നുള്ള ദിവസങ്ങളിൽ ടക് ടക് എന്ന ശബ്ദം പ്രഭാതങ്ങളിൽ പുഞ്ചിരി വിടർത്തി. 'ആ ഗ്ലാസ് കൊത്തിപ്പോട്ടിച്ചു കളയുമോ ആവോ' എന്ന വേവലാതിയോടെ ഹേമ ഒന്ന് രണ്ട് ദിവസം പുറത്തുപോയി കാക്കയെ ആട്ടി പറഞ്ഞയച്ചു നോക്കി.

പക്ഷെ, പിറ്റേ ദിവസങ്ങളിലും കാക്ക തന്റെ കലാപരിപാടി തുടർന്നു.

അക്ഷര പതിനഞ്ചു  ദിവസം വീടിനെ ഉല്ലാസംകൊണ്ട് നിറച്ച് തിരികെ പോയി. മുത്തശ്ശിയെ പരമാവധി സന്തോഷവതിയാക്കുവാൻ അവൾ ശ്രമിച്ചു. അവൾ പോയതോടെ അമ്മ വീണ്ടും പൂജാമുറിയ്ക്കുള്ളിൽത്തന്നെയായി.

'കാക്കമുട്ട്' ക്രമേണ  ഒരു ദിനചര്യയായി. അത് കേള്ക്കാതെ ഒരു സുഖമില്ലാതായി.
ഏകദേശം സമയം അറിയാനുള്ള മാര്ഗ്ഗമായി. എന്തിന് അലാറം വയ്ക്കൽ വരെ ഉപേക്ഷിച്ചു.
അമ്മ ഈ മുട്ട് കേള്ക്കുന്നില്ല എന്ന് പറയുന്നത് എന്താണാവോ. ആ.. എന്തായാലും നല്ല തമാശയാണ് കാര്യം. ഓഫീസിൽ കുറച്ചു ദിവസം ചിരിയ്ക്കാൻ വകയായിരുന്നു.

ഒരു ദിവസം വൈകീട്ട്, ജോലി കഴിഞ്ഞ് വീട്ടിലെത്തി, പതിവുള്ള ചായ കുടിക്കുമ്പോൾ കഞ്ഞിപാത്രത്തിൽ പ്രിയപ്പെട്ട പ്ലാവിലക്കൊരണ്ടിയിളക്കി ചൂടാറ്റിക്കൊണ്ട് അമ്മ വിളിച്ചു.
"മധ്വോ.."
"എന്താമ്മേ.അമ്മയ്ക്കെന്തോ പറയാനുണ്ടല്ലോ. പറയ്, കേൾക്കട്ടെ."
"അത്..
ഞാൻ കേട്ടുറാ.."
"എന്ത്?"
"ഇന്ന് കാലത്ത്.. നീ പറയാറുള്ള മുട്ട്.. വാതിലില് .."
"ആ.. അമ്മയ്ക്ക് ഇപ്പോ മനസിലായില്ലേ ഞാൻ വെറുതെ പറഞ്ഞതല്ലെന്ന്."
"ഹ്മ്മ്.. ശര്യാ. എനിക്കെന്താന്നറീല്ല്യ. അത് കേട്ടപ്പോ മൊതല് വല്യ സന്തോഷം. പിന്നെ, ഉച്ചയ്ക്ക് അക്കു വിളിച്ച് കുറെ വര്ത്താനം പറയേം ചെയ്തു."

ഇവിടെ വന്നിട്ട് അമ്മ തന്നോട് ഇത്രേം സംസാരിക്കുന്നത് ആദ്യമായിട്ടാണ്.
സന്തോഷം. മനസ് നിറഞ്ഞു തുളുമ്പുന്നു.
ഉറങ്ങാൻ കിടക്കുമ്പോ ഹേമയോടു സന്തോഷം മറച്ചു വച്ചില്ല.

കാക്കമുട്ടു കേട്ടില്ലല്ലോ എന്ന ചിന്തയിലാണ് എണീറ്റത്. നേരം ആറ് നാല്പ്പത്. ഹേമ ചായയുമായി വന്നപ്പോൾ ചോദിച്ചു.
"കാക്കമുട്ടു നീ കേട്ടോ?"
"ഇല്ലല്ലോ. "
"ശോ.. അതെന്താണാവോ"
"ങ്ങക്ക് നല്ല വട്ടാണല്ലേ? ആദ്യം മുട്ട് കേട്ടിട്ട്.. ഇപ്പോ കേക്കാണ്ട് !"

കുറെ നേരം മുട്ടിനായി വെയിറ്റ് ചെയ്തു. നോ രക്ഷ.

വാതില് തുറന്ന് ന്യൂസ് പേപ്പര് എടുക്കാൻ പോകുമ്പോൾ ആ കാഴ്ച കണ്ട് ഞെട്ടി. മുൻപിലൂടെ പോകുന്ന ഇലക്ടിക്ക് കമ്പിയിൽ തൂങ്ങി, ഒരു കാക്കയുടെ വിറങ്ങലിച്ച ശരീരം.

അകാരണമായ ഒരു ഭീതി പെരുവിരലിൽനിന്നു മുകളിലേയ്ക്കരിചു കയറി

'ഹേമേ' എന്ന് വിളിച്ച് അകത്തേയ്ക്ക് കയറുമ്പോൾ അവൾ ആർത്തലച്ചോടി വന്നു നെഞ്ചിൽ വീണു.
"എന്തേ.. എന്ത് പറ്റി?"
പൂജാമുറിയിലേയ്ക്കു വിരൽ  ചൂണ്ടി ഹേമ പറഞ്ഞു.
"അമ്മ..
അമ്മ പോയി..."14 comments:

animesh xavier said...
This comment has been removed by the author.
animesh xavier said...

അഭിപ്രായങ്ങളേ.. സ്വാഗതം

Jayaram A said...

അച്ഛൻ വന്നു വിളിച്ചപ്പൊ അമ്മ കൂടെ പോയി.....
നല്ല തന്മയത്തോടെ പറഞ്ഞു അനു...

ഇനിയും പോരട്ടെ ..
എഴുത്ത് നിറുത്തരുത്

Cv Thankappan said...

വായനാസുഖമുള്ള നല്ലൊരു രചന.
കഥ അടുക്കുംചിട്ടയോടുംകൂടി അവതരിപ്പിച്ചിരിക്കുന്നു.
മണ്‍മറഞ്ഞുപോയ അച്ഛനമ്മമാരുടെ(കാര്‍ന്നോമ്മാരുടെ) ഫോട്ടോ വീടുകളിലെ പൂജാമുറികളില്‍ പ്രതിഷ്ഠിക്കാറില്ലെന്നാണ് എന്‍റെ അറിവ്!
ആശംസകള്‍

ajith said...

കാക്ക പണി പറ്റിച്ചു!!

സുധി അറയ്ക്കൽ said...

നീളൻ പോസ്റ്റിന്റെ മടുപ്പേ അറിഞ്ഞില്ല.ആസ്വദിച്ച്‌ വായിച്ചു....ആവശ്യത്തിനു പഞ്ചുകളും ചേർത്തിട്ടുണ്ട്‌.നന്നായി ഇഷ്ടപ്പെട്ടു.ക്ലൈമാക്സിനെക്കുറിച്ച്‌ അഭിപ്രായം പറയുന്നില്ല...

തുടരെ എഴുതൂ..

സുധി അറയ്ക്കൽ said...

ബ്ലോഗിലെ മെഗാസ്റ്റാറിന്റെ കണ്ടെത്തലാണല്ലേ??മോശമാകില്ലല്ലൊ...വായിയ്ക്കാൻ ആളു വരാനുള്ള മാർഗ്ഗങ്ങൾ കൂടി ചെയ്യൂ.

animesh xavier said...

നന്ദികൾ.എല്ലാവര്ക്കും.
എഴുതാൻ വേണ്ടി എഴുതാൻ അറിയാത്ത ഒരാളാണ്. ഒരാശയം മനസിലിട്ട്‌ കാച്ചിക്കുറുക്കി എഴുതാൻ അറിയുകയും ഇല്ല. ഇപ്പോ തോന്നുന്നതു ഇപ്പോ എഴുതണം. അല്ലെങ്കിൽ തീർന്നു :) ഹ്യൂമറിൽ നിന്നുകൊണ്ട് കഥ പറഞ്ഞു പോവുക എന്ന ഇത് വരെ എഴുതിയ രീതികളിൽനിന്നു വ്യത്യസ്ഥമായ ഒന്നാണെന്നു എനിക്ക് സ്വയം ഫീൽ ചെയ്ത ഒന്നാണ് ഇത്. അതുകൊണ്ട് അഭിപ്രായങ്ങൾ കേൾക്കുമ്പോൾ സന്തോഷം.

ബ്ലോഗിലെ സൂപ്പർസ്റാർ... അതെന്താ പരിപാടി? സുധി അറയ്ക്കൽ

സുധി അറയ്ക്കൽ said...

viSaalamanaskane uddaeSicchathaa...

animesh xavier said...

വിശാലൻ ഗ്ലോബൽ സ്റ്റാറല്ലെ.
എന്റെ ക്ലാസ്മേറ്റും ചങ്ങാതിയും ആണു എന്ന് തോളിൽ കയ്യിട്ടു പറയാൻ അഭിമാനിക്കുന്നവൻ. എന്നോടു ബ്ലോഗ് എഴുതാൻ നിർബന്ധിച്ചവൻ. അങ്ങിനെ നോക്കുമ്പോൾ എനിക്ക് ഗുരു:))

സുധി അറയ്ക്കൽ said...

നന്നായി.വലിയ ഇടവേളകളില്ലാതെ എഴുതൂ.വായനയ്ക്കും അഭിപ്രായത്തിനും തയ്യാർ.!!!

വിനോദ് കുട്ടത്ത് said...

സംഭവം ജോര്‍...... നല്ല രചന .....ഒഴുക്ക്.....
അവസാനം അച്ഛൻ അമ്മയെകൂട്ടി പറന്നു......
നല്ലെഴുത്തിന് ആശംസകൾ.......

Swapna Nair said...

നന്നായിട്ടുണ്ട്..:)

vava said...

മറ്റു പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത പല കാര്യങ്ങളും ഓരോ മനസ്സിലും സംഭവിക്കുന്നുണ്ട് . ആ ഒരു തലത്തില്‍ നല്ല കഥ . നന്ദികള്‍ .