Monday, October 5, 2015

മിഷൻ ഇമ്പോസിബ്ൾ. കൈസർ -7

മിഷൻ ഇമ്പോസിബ്ൾ 
കൈസർ -7വറീതേട്ടന്റെ മോന് ലീവ് കുറവായിരുന്നു. ഏഴിന്റെ കുർബാന ചൊല്ലിച്ച് നാല്പ്പത്തൊന്നിന്റെ ചടങ്ങുകൾ പതിനേഴിന്റെ അന്ന് നടത്തി, അകന്ന വകയിലൊരു അമ്മായിയെ ലില്ലിച്ചേടത്തിയ്ക്ക്‌ കൂട്ടിന് ആക്കിയിട്ടു അവൻ തിരിച്ചു പോയി. സംഭവം ചേടത്തിയ്ക്കു സഹായമാവും എന്നൊക്കെ കരുതിയിട്ടാണെങ്കിലും നടന്നതു മറിച്ചാണ്. അമ്മായിയൊരു വലിവ് രോഗിയായിരുന്നു. അവരുടെ ആരോഗ്യം നോക്കേണ്ടത് ചേടത്തിയുടെ ചുമലിലായി. എന്തായാലും അതുകൊണ്ട് ഒരു ഗുണമുണ്ടായി, വറീതേട്ടന്റെ ഓർമ്മകളുമായി ഇഴുകിചേർന്നിരിക്കാൻ ഫര്ഗോ ലോറി കയറ്റം കയറി വരുന്ന പോലുള്ള അവരുടെ വലിവിന്റെ ശബ്ദം ലില്ലിചേടത്തിയെ അനുവദിച്ചില്ല.

വീടിനു മുന്നിലെ കൊച്ചു പൂന്തോട്ടത്തില്നിന്നുള്ള കോഴിവാലനും വേലിത്തലപ്പിലെ ചെമ്പരത്തിക്കുറ്റികളിലും കൊടുവേലിയിലും വിരിയുന്ന പൂക്കളും ചേർത്തുണ്ടാക്കുന്ന ചെറിയ ബൊക്കേയുംകൊണ്ട് ലില്ലിചേട്ടത്തി എന്നും രാവിലെ പള്ളിയിൽ പോയി. ബ്രൂണോ ദിവസവും ചേട്ടത്തിയെ അനുഗമിച്ചു. കുർബാന തുടങ്ങും മുമ്പ് അർപ്പിക്കുന്ന പൂക്കൾക്കൊപ്പം ബ്രൂണോയും വറീതേട്ടന്റെ കുഴിമാടത്തിൽ കയറിക്കിടന്നു. കുർബാന കഴിഞ്ഞ് സിമിത്തേരിയിലെ  ഒപ്പീസിനായി ആളുകൾ വരുമ്പോൾ അവൻ എണീറ്റ്‌ മാറുകയും അത് കഴിഞ്ഞ് ചേടത്തിയോടോപ്പം തിരിച്ച് വീട്ടിലേയ്ക്ക് നടക്കുകയും ചെയ്തു.

ബ്രൂണോയെ ചങ്ങലയിൽ പൂട്ടാൻ ലില്ലിചേടത്തി മിനക്കെടാതായി. അവൻ ചിലപ്പോൾ കൈസറിനോപ്പം നായരുടെ തുളസിത്തറയ്ക്കടുത്ത് പോയിക്കിടന്ന് നേരം കളയും. പറമ്പിൽ കയറുന്ന കീരികളേയും  അണ്ണാനേയും വഴിതെറ്റി വരുന്ന പൂച്ചകളേയും വിരട്ടിയോടിക്കാൻ ബ്രൂണോയെ പരമാവധി പ്രോത്സാഹിപ്പിക്കാൻ കൈസർ ശ്രമിച്ചുകൊണ്ടിരുന്നു. ബ്രൂണോ പക്ഷേ അതിലൊന്നും താൽപര്യമില്ലാത്തവനായി മാറി. ചേടത്തി കൊടുക്കുന്ന ഭക്ഷണത്തീന്നു ഇത്തിരി മാത്രം കഴിയ്ക്കും. നാൾക്കുനാൾ ബ്രൂണോ ക്ഷീണിച്ചു വന്നു. ഇടയ്ക്കു ഒരു ദിവസം അവനെ കാണാതായി. പറമ്പിലും പാടത്തും രാമന്നായരടക്കം അന്വേഷിച്ച് നടന്നു. അവസാനം വേലുക്കുട്ടിയുടെ ചായക്കടയിൽ നടന്ന മീറ്റിങ്ങിനിടയിൽ ഉയർന്നുവന്ന അഭിപ്രായമനുസരിച്ച് അന്വേഷിക്കാൻ പോയ മുരളിയും ജോസും തിരിച്ചു വന്നു.

"വേലുട്ട്യേട്ടൻ പറഞ്ഞത് ശര്യാ?"
"എന്തേ?"
"നിങ്ങള് വാ"
ചായക്കട ടീം അവരെ അനുഗമിച്ചു.
വറീതേട്ടന്റെ കുഴിമാടത്തിനു മുകളിൽ ബ്രൂണോ കിടക്കുന്ന കാഴ്ച കണ്ട് പലരും കരഞ്ഞു.
"സ്വന്തം മക്കൾക്കിണ്ടാവില്ല ഈ സ്നേഹം" ദാമോദരേട്ടൻ വിതുമ്പി. 
പലരും വിളിച്ചിട്ടും അവൻ അനങ്ങിയില്ല.
"ബ്രൂണോ, വാടാ" രാമൻനായർ വിളിച്ചു.
തലയുയര്ത്തി നോക്കി, അവൻ വീണ്ടും അതേ കിടപ്പു കിടന്നു.
അവസാനം കൈസറിനെ കൂടെ കൊണ്ട് പോയി അയാള് ബ്രൂണോയെ എടുത്തുകൊണ്ടു വന്നു.

ചായക്കടേല് ബ്രൂണോയെ കുറിച്ച്, അവന്റെ യജമാന ഭക്തിയെക്കുറിച്ച് നിരന്തര ചർച്ചകൾ നടന്നു. ബ്രൂണൊയുടെ പള്ളീപ്പോക്കും ഇടയ്ക്കു കുഴിമാടത്തിൽ പോയി കിടക്കലും ആവർത്തിച്ചുകൊണ്ടിരുന്ന ദിവസങ്ങൾക്കിടയിൽ ഒരു ദിവസം രാവിലെ.. 

സൈക്കിൾ ചവിട്ടി കിതച്ചെത്തിയ മുരളിയെ കണ്ടുകൊണ്ടാണ് പശുവിനെ അഴിച്ചു കെട്ടാൻ പറമ്പിലേയ്ക്ക് പോകുകയായിരുന്ന രാമന്നായര് നിന്നത്.

"എന്ത്യേ?" അയാള് ചോദിച്ചു.
"പേ.. പേപ്പട്ടി."
"പേപ്പട്ട്യോ?"
"ആ.. അച്ഛൻ പശുക്കളെ തോഴുത്തീ കയറ്റി കെട്ട്യേ.
പത്രമിടാൻ വരണ ചെക്കനെ കടിച്ചു. ഉണ്ണിനായരുടെ എരുമേനേം കാദർക്കാന്റെ ആടുകളേം കടിച്ചു. പള്ളിവളപ്പിൽക്കൂടെയാ ഓടിയേ. പള്ളീൽ കുർബാന നടക്കണ നേരായതുകൊണ്ട് ആരും പുറത്തുണ്ടാര്ന്നില്ല. കഴിഞ്ഞ നേരമാണെങ്കി കാണാർന്നു."
"നീയിങ്ങോട്ട് അകത്തോട്ടു കയറിക്കേ. ഞാൻ പശുക്കളെ തൊഴുത്തിൽ കയറ്റട്ടെ."
"ഞാനീ വിവരം ചായക്കടേലൊന്ന് പറഞ്ഞിട്ട്.."
"കേറെടാ അകത്ത്.. "

കൈസറിന്റെ കാര്യം നായര് ആലോചിച്ചത് അപ്പോളാണ്. ചങ്ങലയൂരി അവനേം തോഴുത്തീ കേറ്റി, വാതിലടച്ചു.

"വല്യ എടങ്ങേറായല്ലോ മുരളീ. വീട്ടില് പിള്ളേരൊക്കെ? ലില്ലി ചേടത്തി പള്ളീ പോയിട്ടു വന്നിട്ടില്ല."

"വീട്ടില് എല്ലാം ബന്തവസാ. പള്ളീൽ എന്തായാലും അറിഞ്ഞു കാണും."

അയ്യോ.. നമ്മുടെ ബ്രൂണോ.. നായരുടെ ഉള്ളീന്ന് ഒരു വിളി തൊണ്ടയിൽ കുടുങ്ങി.
"അയ്യോ, ശര്യാണല്ലോ. അത് ഈ നേരത്ത് സിമിത്തേരീലല്ലേ. ആ വഴിയാണല്ലോ പേപ്പട്ടി പോയീണ്ടാവാ.. ശെ"

ആശയക്കുഴപ്പത്തിലായ നായരും ജയനും മറ്റുള്ളവരും കുറച്ചു നേരം കഴിഞ്ഞ്, വറീതേട്ടന്റെ വീടിന് മുമ്പീന്ന് ഒരു ബഹളം കേട്ട് അങ്ങോട്ടു ശ്രദ്ധിച്ചു.

കണ്ണീരൊലിപ്പിച്ച മുഖവുമായി വരുന്ന ലില്ലിചേടത്തിയെ കണ്ട് നായര് വാതിൽ തുറന്ന് പുറത്തിറങ്ങി. ചേടത്തിയ്ക്കു പിന്നിൽ കുറച്ചു പേരുണ്ടായിരുന്നു. ബ്രൂണോയെ കഴുത്തിൽ കുരുക്കിട്ട് കെട്ടി രണ്ടു ഭാഗത്ത് നിന്ന് പിടിച്ചുകൊണ്ടാണ് അവർ വന്നത്.

"എന്താ ഇത്? നിങ്ങളതിനെ വിട്ടേ.."
"നായരെ, നിങ്ങൾടെ പട്ടിസ്നേഹം കുറച്ചു ദിവസം കഴിഞ്ഞു മതി. ഇവനെ പേപ്പട്ടി കടിച്ചിട്ടുണ്ടോ എന്നൊരു സംശയം. കുറച്ചു ദിവസം കെട്ടിയിട്ടു നോക്കാം. വല്ലാണ്ട് സ്നേഹം പ്രകടിപ്പിക്കാനൊന്നും പോണ്ട. പേയുണ്ടെങ്കി നാലഞ്ചു ദിവസത്തിനുള്ളിലറിയാം."
"താൻ തന്റെ നായെ അഴിച്ചു വിടണ്ടാ ട്ടോ. ചെലപ്പോ അതിനും കിട്ടും."
"പേപ്പട്ടി എവിടെ?"
"അത് മ്മടെ ചെത്തുകാരൻ വാസൂനെ കടിച്ചു. നല്ല ആളെയാ കടിച്ചത്. ചേറ്റുകത്തിയെടുത്ത് ഒറ്റ വീശ്. പട്ടി രണ്ടു കഷണായി.
വാസ്വേട്ടൻ പൊക്കിളിനു ചുറ്റും ഇനജക്ഷനെടുക്കാൻ പോയേക്ക്വാ."

ബ്രൂണോ തെങ്ങിൻ ചുവട്ടിൽ കെട്ടിയിടപ്പെട്ടു. അവശനായ അവൻ ഒരു ദുരന്തചിത്രം പോലെ തല താഴ്ത്തി ഇരുന്നു. ഇടയ്ക്കവൻ ഒന്ന് കരഞ്ഞു. പ്രതികരണമെന്നോണം തൊഴുത്തിൽനിന്നു കൈസറിന്റെ കുരയുയര്ന്നു. കുറെ നേരം ഇറയത്തിരുന്നു ലില്ലിച്ചേടത്തി ബ്രൂണോയെ നോക്കിയിരുന്നു കരഞ്ഞു.

ബ്രൂണോയുടെ അവസ്ഥയിൽ കഷ്ടം തോന്നിയെങ്കിലും കൈസറിനെ ചങ്ങലകൊണ്ടു പൂട്ടിയിടാൻ നായർ മറന്നില്ല. ചങ്ങലയിൽനിന്നു മുക്തനായി ബ്രൂണോയ്ക്കരികിലെത്താൻ കൈസർ വെപ്രാളം കൂട്ടി. ബ്രൂണോ തലയുയർത്തി കൈസറിനെ ദൈന്യമായി നോക്കി.

"വേണ്ട്രാ.. നാലഞ്ചു ദിവസം കഴിയട്ടെ. അവനു കുഴപ്പമൊന്നും ഉണ്ടാവില്ല." നായര് കൈസറെ സമാധാനിപ്പിച്ചു.

പിറ്റേന്ന് ചേടത്തി പള്ളിയിൽ പോയപ്പോൾ ബ്രൂണോ ഒപ്പം പോകാൻ ബഹളം കൂട്ടി. നടക്കില്ലെന്നുകണ്ടപ്പോൾ കുട്ടികൾ കരയുന്ന ശബ്ദത്തിൽ അവൻ മോങ്ങി. ഉച്ചയ്ക്ക്, പ്ലേറ്റിലാക്കി ഒരു കമ്പുകൊണ്ട് മുന്നിലേയ്ക്കു നീക്കി വയ്ക്കപ്പെട്ട ഭക്ഷണം ഇത്തിരി കഴിച്ചു.

രണ്ടു ദിവസം ഇത് തന്നെ ആവർത്തിച്ചു. മൂന്നാം ദിവസം ഉച്ചയ്ക്ക് ബ്രൂണോയുടെ ഭാവം മാറി. സര്വ്വ ശക്തിയുമെടുത്ത് അവൻ കുരച്ചു വെപ്രാളം കാട്ടി.
ആളു കൂടി.

"പാവം, പേയിളകി ട്ടാ."
"ഉം. അതന്നെ. സംശയമില്ല."
"ഇനി പ്പോ എന്താ ചെയ്യാ?"
"കൊന്നു കളയണതാ നല്ലത്."
"എങ്ങിനെ?"
"ഇത്തിരി കാഞ്ഞിരത്തോലി ഇട്ടു തിളപ്പിച്ച ഇറച്ചി കൊടുത്താ മതി."
"ചില്ല് പൊടിച്ചു ചോറിലിട്ടു കൊടുക്കുന്നതാ ബെസ്റ്റ്."
"അതൊക്കെ നായ കക്കിക്കളയും. കാഞ്ഞിരം തന്നെയാ ബെസ്റ്റ്"
" കാഞ്ഞിരം വാര്യർടെ പറമ്പിലുണ്ട്"

അഭിപ്രായങ്ങളുടെ പ്രവാഹം.

"അവൻ ചാവുമ്പോ ചത്തോട്ടെ. വിഷം കൊടുക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല." ചേട്ടത്തിയുടെ പ്രസ്താവനയ്ക്ക് മേൽ ജനം പിരിഞ്ഞു പോയി.

"പിന്നേ.. തള്ളയ്ക്കങ്ങിനെ പറയാം. ഞാനിന്നു രാത്രി അതിനു വെഷം കൊടുക്കും." കല്ലുവെട്ടുകാരൻ വേലായുധൻ കൂട്ടുകാരൻ ചന്ദ്രന്റെ ചെവിയിൽ പറഞ്ഞു.

രാത്രിയ്ക്കു പതിവിലേറെ ഇരുട്ടായിരുന്നു. ചെറിയ മഴചാറ്റലും. പൊതിഞ്ഞെടുത്ത ഇറച്ചിപ്പൊതിയുമായി അനക്കം കേൾപ്പിക്കാതെ വേലായുധനും ചന്ദ്രനും വറീതേട്ടൻറെ പറമ്പിൽ കയറി. കട്ടപിടിച്ച ഇരുട്ടിൽ അവര്ക്ക് പുറകിലായി രണ്ടു കണ്ണുകൾ വന്യമായി തിളങ്ങി. അടുത്ത നിമിഷം, അസാമാന്യ ശക്തിയോടെ എന്തോ വന്നിടിച്ച പോലെ ചന്ദ്രൻ തെറിച്ചു വീണു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പ് വേലായുധനും ആക്രമിക്കപ്പെട്ടു. അസാമാന്യ കരുത്തുള്ള എതോ വന്യമൃഗത്തിന്റെ ആക്രമണം പോലെ ആയിരുന്നു അത്. ക്രൂരമായ മുരള്ച്ച മാത്രം അവിടെ മുഴങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പ് വന്ന വഴിയിലൂടെ അവർ തിരിച്ചോടി.

ഉറക്കമില്ലായ്മക്കിടയിൽ അസാധാരണമായ എന്തോ ശബ്ദം കേട്ട് ലില്ലിചേടത്തി ചെവി വട്ടം പിടിച്ചു. ഫാര്ഗോ ലോറി അടുത്ത കട്ടിലിൽ എതോ ചുരം കേറിക്കൊണ്ടിരിക്കുന്നു. തുറന്നിട്ട ജനലിലൂടെ ചേടത്തി തെങ്ങിൻ ചുവട്ടിലേയ്ക്കു നോക്കി. കട്ട പിടിച്ച ഇരുട്ടുനിടയിൽ ബ്രൂണൊയുടെ കണ്ണുകൾ അവർ കണ്ടു. ആരെങ്കിലും അവന്റെ അടുത്തുണ്ടോ?
തലയിണയ്ക്കടിയിൽ വച്ച ടോർച്ച് പരതിയെടുത്ത് അവർ തെളിയിച്ചു.

ഒരു നിമിഷം അവർ അമ്പരന്നു പോയി.
കെട്ടും കുരുക്കുമൊന്നുമില്ലാതെ ജനലഴികൾക്കപ്പുറത്ത് തൊട്ടുമുന്നിലായി ബ്രൂണോ!

ടോർച്ചിന്റെ വെട്ടത്തിനുമപ്പുറത്തു ചുകന്നൊരു നിറം മാറിയതും ഇരുട്ടില്നിന്നു രണ്ടു കണ്ണുകൾ തിളങ്ങുന്നതും അവർ കണ്ടു. ജനലഴികൽക്കിടയിലൂടെ കയ്യിട്ട് അവർ ബ്രൂണോയെ തലോടി.
"നീ എങ്ങോട്ടെങ്കിലും പോക്കോടാ.. ഇല്ലേൽ നാട്ടുകാര് നിന്നെ കൊന്നു കളയും."

അപ്പുറത്തെ പറമ്പിൽനിന്നു അമര്ത്തിയൊരു കുരയുയർന്നു. ബ്രൂണോ ചേട്ടത്തിയുടെ കൈകളിൽ ഒന്ന് മൂക്ക് മുട്ടിച്ചു. എന്നിട്ട് ഇരുട്ടിലേയ്ക്ക് നടന്നു.

പിറ്റേന്ന് രാവിലെ, ബ്രൂണോ കയറു പൊട്ടിച്ചു പോയ കാര്യം ചേടത്തി പറഞ്ഞറിഞ്ഞ് രാമൻ നായർ കൈസറിനെ നോക്കി. തന്റെ മേൽ അതിക്രമിച്ചു കയറിയ ഒരു സാങ്കല്പ്പിക ചെള്ളിനെ തിരഞ്ഞുകൊണ്ട്‌ തലേദിവസം പൂട്ടിയിട്ട ചങ്ങലയിൽ കൈസർ അലസമായി കിടപ്പുണ്ടായിരുന്നു!!

..........................................................................

തുടരും. തുടരണമല്ലോ :)

പഴയതുകൾ വായിക്കണം എന്നുള്ളവർക്ക്


http://animeshxavier.blogspot.in/2011/12/5.html

http://animeshxavier.blogspot.in/2014/08/6.html

7 comments:

animesh xavier said...

Hi

ajith said...

ആങ്ഹാ... ആല്പം താമസിച്ചാലും വീണ്ടും പട്ടിക്കഥകളുമായി വന്നല്ലോ. ഞാന്‍ പണ്ടുമുതലേ ഈ തുടരന്‍കഥയുടെ ഫാന്‍ ആണ്

വിനുവേട്ടന്‍ said...

ആദ്യമായിട്ടാ ഇവിടെ.... പോയി തുടക്കം മുതൽ വായിക്കട്ടെ... എന്നിട്ട് വരാം ട്ടോ...

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

രസകരമായി എഴുതി:

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

രസകരമായി എഴുതി:

സുധി അറയ്ക്കൽ said...

നേരത്തെ വായിച്ചിരുന്നു.എന്റെ അഭിപ്രായം എവിടെപ്പോയോ ആവോ????

Cv Thankappan said...

നന്ദിയുണ്ടായിരിക്കണം.....
ആശംസകള്‍