Powered By Blogger

Sunday, May 7, 2017

തൃശൂർ പൂരം.. എന്ന വർഗ്ഗീയോത്സവം !

"പൂരം..ന്ന് പറഞ്ഞാ, ന്തൂട്ട് പോലെ,ന്നാ ഇപ്പൊ പറയാ..
ഒരു ജാതി ഇതന്ന്യാ.
ഏതന്നെ ? മറ്റേ.. തന്നെ."
ഇതാണ് പൂരം.
പൂരത്തിന്റെ വിശേഷം നാട്ടുകാർക്ക് റൗണ്ടില് പന്തലിന് കാലുകുഴിക്കുമ്പോ തൊട്ടു തുടങ്ങും. അത് പിന്നെ ആലുമ്മെ ഉയരണ കൊടിക്കൂറേന്റെ നിറമായി, സാമ്പിളിന് ഒരെണ്ണം താഴെ വെച്ചന്നെ പൊട്ട്യ കഥ ഷെയർ ചെയ്യലായി, ആനച്ചമയം പ്രദർശനം തിക്ക് കൊള്ളാണ്ട് കണ്ട വിശേഷായി, ഇലത്താളത്തിന്റെ അരികുകൊണ്ട് മേളക്കാരന്റെ കയ്യീന്ന് വന്ന ചോരേടെ കാര്യായി, എക്സിബിഷനായി, മേളവും കുടമാറ്റോം രാത്രിപ്പൂരവും വെടിക്കെട്ടും പിറ്റേന്നത്തെ ഉപചാരം ചൊല്ലലും ഒക്കെയായി ഓരോ കൊല്ലവും കടന്നു പോവുകയും വീണ്ടും വരികയും ചെയ്യും.
മതസൗഹാർദ്ദവും സാഹോദര്യവും മുറുകെപ്പിടിച്ച് കന്നംതിരിവുകളും കുശുമ്പുക ളും ഒന്നുമില്ലാതെ എല്ലാവരും 'തൃശൂർക്കാരാ'യി ആഘോഷിക്കുന്ന പൂരം ഓരോ വർഷവും സന്തോഷമാണ്.
ഓർമ്മയിൽ ഒരുപാട് പൂരത്തിന്റെ ഓർമ്മകൾ ഉണ്ടെങ്കിലും
"പൂരം ഈ ഡാഷോൾഡ്യണ്ടാ. മ്മക്കൊക്കെ ആഘോഷിക്കാം, അത്രന്നെ, ഇത് ഹിന്ദുക്കൾട്യാ ." എന്ന പ്രസ്ഥാവന കണ്ണും പൂട്ടി നടത്തിയ ബാബുവിനെ (ശരിക്കും പേര് മജീദ്) ഈ അവസരത്തിൽ സ്മരിക്കാതിരിക്കാവില്ല.
റൗണ്ടിൽ ഉന്തുവണ്ടിക്കച്ചവടം നടത്തുന്ന മുടിഞ്ഞ ധൈര്യവും ആംപിയറുമുള്ളവനാണ് ഗെഡി. പക്ഷെ, ആനയെ പേടിയാ:) സിയെമ്മെസ് സ്‌കൂളിന് മുന്നിൽ തളച്ചിരുന്ന ആനകൾക്ക് ചുറ്റും അടയ്ക്കാരവാരി കൊണ്ടൊരു ബാരിക്കേഡ് ഉണ്ടായിരുന്നതുകൊണ്ട് ഗെഡിയ്ക്ക് പ്രസ്തുത ഭയം ആരേം അറിയിക്കാതിരിക്കാൻ പറ്റി. എപ്പോഴോ എനിക്ക് അവന്റെ പേടിയിൽ ഒരു സംശയം തോന്നിയിരുന്നു. എങ്കിലും അതൊക്കെക്കഴിഞ്ഞു പൂരപ്പറമ്പിലൂടെ വെടിക്കെട്ടു പുരയ്ക്കടുത്തുകൂടെ നടക്കുമ്പോൾ വെടിക്കെട്ടിനുള്ള കുഴി ശരിയാക്കുന്ന പാവങ്ങളെ തോട്ടിയിടാൻ ചുള്ളൻ മറന്നില്ല. വർത്താനം കേട്ടാൽ വെടിക്കെട്ടു കണ്ടു പിടിച്ചതെ അവനാണെന്നു തോന്നും.
 പാറമേക്കാവ് അമ്പലത്തിലെത്തിയപ്പോൾ എഴുന്നെള്ളിക്കുന്ന ആനകളിൽ തിടമ്പേറ്റുന്ന പരമേശ്വരൻ മാത്രമേ അമ്പലത്തിനു പുറത്തുള്ളൂ. ബാക്കി ഒക്കെ വശത്തുള്ള പറമ്പിലാണ്. അങ്ങോട്ട് നീങ്ങുമ്പോൾ ബാബു ചോദിച്ചു.
"മ്മള് എങ്ങടാ?"
"ആനോളെ കാണാൻ.."
"ഇനീം കാണണോ? മതിയായില്ലേ?"
"നീ വാടാ പൊട്ടാ."
"ഇത് അമ്പലാ ?"
"അതെ, എന്തേ ?"
"ഞാനില്ല."
"കാരണം?"
"ഞാമ്മുസ്ലീമല്ലേ "
"പിന്നെ, പൂരത്തിനാണ് ജാതീം മതോം, വാടാ."
അകത്ത് കയറി ആനകൾക്കരികിൽ കുറെ നേരം നിന്നു.

അവസാനം തറയിൽ തളച്ചിരിക്കുന്ന നെടുങ്കൻ ഒരെണ്ണത്തിനരികെ ഞങ്ങളെത്തി.
അന്ന് മൊബൈൽ വ്യാപകമല്ലാത്തതിനാൽ സെൽഫി ആചാരം ഇല്ലായിരുന്നു. അതോണ്ട് ആ തിരക്കില്ല.
ആനയെ തൊട്ടു നോക്കാനും തലോടാനും പട്ടയും ഓലയും കൊടുക്കാനും ഒക്കെ ആളുകൾ ആവേശം കൊണ്ടു. ഞങ്ങളിൽ ചിലർ താഴെ നിന്ന് അവന്റെ തുമ്പിയിൽ തൊട്ടു. ഞാനും സുധീഷും തറയിൽ കയറി അവന്റെ മേൽ ചാരിനിന്നു. ഒരുത്തൻ ആനയുടെ കാലിനടിയിയിലൂടെ അപ്പുറത്തെത്തി. സുരേഷ് ആനയുടെ കൊമ്പിൽ പിടിച്ചു! 

"ഡാ നീ ഒന്ന് തൊട്ടു നോക്കടാ.. " ഞാൻ ബാബൂനോട് പറഞ്ഞു.
ഇതൊക്കെ എത്ര പ്രാവശ്യം ചെയ്തിട്ടുള്ളതാ എന്ന മട്ടിൽ ആൾ വല്യ താല്പര്യമില്ലാത്ത പോലെ നിന്ന്.
"സത്യം പറയെടാ നിനക്ക് പേടിയുണ്ടോ?" ശശിയേട്ടൻ ചോദിച്ചു.
"പേടിയൊ.. എനിക്കോ.." പുച്ഛം പരമാവധി കലർത്തി ബാബു പറഞ്ഞു.
ചുള്ളൻ പിന്നെ കബഡി കളിക്കാരൻ എതിർടീമിൽ റെയ്ഡ് നടത്താൻ പോകുന്ന പോലെ ഒരു പ്രകടനം!

റെയ്ഡ് 1,2,3... നോ തൊടൽ. തൊട്ടേ തൊട്ടില്ല പ്രകടനങ്ങൾ. ഞാൻ തോറ്റൂന്നെങ്ങാൻ പറഞ്ഞാൽ തേർഡ് അമ്പയർക്കും റിവ്യൂ സിസ്റ്റത്തിനും പൊരിഞ്ഞ പണിയായേനെ!
ഞങ്ങക്ക് ചിരീം ദേഷ്യവും വന്നു. 

"ഇവൻ ബാക്കിയുള്ളോരടെ വേല കളയാനായിട്ടു".
കണ്ടു നിൽക്കുന്ന കാണികൾക്കു ചിരിമാത്രം. 
പാപ്പാനാണെങ്കിൽ "ഇതെന്തൂട്ടാ ഇവൻ കാണിക്കണേ" എന്ന ഭാവം.
"ഡാ.. നീ തൊടുന്നുണ്ടെങ്കിൽ ഒന്ന് തൊട്‌. കൊറേ നേരായീട്ടാ "
എന്നാ തൊട്ടിട്ടു തന്നെ ബാക്കി കാര്യം എന്ന ഉറപ്പിക്കലിൽ ബാബു മുന്നോട്ട്. 
ഇത്തവണ തൊട്ടു എന്നെനിക്കു തോന്നി. പക്ഷെ, നീട്ടിയ കയ്ക്കും ശരീരത്തിനു മിടയിലുണ്ടായിരുന്ന ആനയുടെ സ്വന്തം തുമ്പി ഒന്ന് നിവർന്നു. തുമ്പി വീശി ചെറിയ ഒരടി തന്നെ. ബാബു മൂടും കുത്തി തെങ്ങിൻ ചുവട്ടിൽ ബ് ധും എന്ന ശബ്ദത്തിൽ ഒരു വീഴ്ച! 
ഞങ്ങളൊന്നു കിടുങ്ങി. 
ആനയ്ക്ക് നോ ഭാവമാറ്റം. അതായത് നമ്മളൊരു കൊതുകിനു ഒരടി അടിച്ചിട്ട് ടീവീല് സീരിയൽ കാണുന്ന പോലെ അത് പട്ട ലാവിഷായി തിന്നു..
ഇടയ്ക്ക് കുറേ നേരമായല്ലോടാ കൂതറേ , ക്ഷമയ്ക്കും ഒരതിരുണ്ട് എന്ന ഭാവത്തോടെ ആന അവനെ ഒന്ന് നോക്കി.
ഞങ്ങൾ ഓടി ചെല്ലുമ്പോഴേയ്ക്കും ലവൻ എണീറ്റു. "എന്തൂട്രാ പറ്റ്യേ?" "എന്തെ നിന്നോട് മാത്രം?" എന്നീ ചോദ്യങ്ങൾക്കു ഉടുപ്പിലെ പൊട്ടി തട്ടിക്കളഞ്ഞ് "നിന്നെ ഞാൻ പൂരത്തിനിറക്കില്ലെടാ എന്ന റോളിൽ ആനയെ നോക്കിക്കൊണ്ടു ബാബു മറ്റേ സാധനം അങ്ങ് അലക്കി..
"ഞാൻ പറഞ്ഞില്ലേ.. പൂരൊക്കെ വർഗ്ഗീയാ ന്ന്. വർഗ്ഗീയണ്ടാ.
നിങ്ങക്കാർക്കും ഒരു കൊഴപ്പോമില്ലല്ലോ .
ഇപ്പൊ വിശ്വാസായാ ..ഉറപ്പായാ ?"
LikeShow more reactions
Comment

2 comments:

അനീഷ് ഉണ്ണി said...

തോന്ന്യവാസങ്ങള്‍ എന്ന പേരും "തൃശൂർ പൂരം.. എന്ന വർഗ്ഗീയോത്സവം !" എന്ന ക്യാപ്ഷനും കണ്ടപ്പോള്‍ നല്ല അസ്സല്‍ ചൊറിച്ചിലാണ് എന്നാണ് ആദ്യം കരുതിയത്. എന്തായാലും സംഗതി കലക്കി!കുറേ ചിരിച്ചു.

Neema said...

നാലൂന്റെ ബാബ്‌വേ! ഇദ്ദോരൊന്നൊന്നര വർഗീയായിപ്പോയീറ്റാ...

അന്യെട്ടൻ എപ്പൾത്തീമ്പോലെ പൊളിച്ചൂട്ടാ..