Powered By Blogger

Saturday, August 3, 2019

വെന്തിങ്ങ വാറുണ്ണി

വെന്തിങ്ങ വാറുണ്ണീന്നു പറഞ്ഞാ അങ്ങാടിയൊന്നു കിടുങ്ങും. ഇടിവെട്ട് കൊണ്ട് തല പോയ തെങ്ങുപോലെ ഉയരം, ചോരക്കണ്ണുകൾ, പാഞ്ചറു ചെക്ക് ചെയ്യാൻ ട്യൂബിൽ എയർ അടിച്ചു നോക്കുമ്പോ കല്ലടിച്ചു വീർത്ത ഭാഗം പെട്ടെന്ന് മുഴച്ചു വരുന്ന പോലെ അവിടവിടെ അസാമാന്യ വലിപ്പത്തിൽ മുഴച്ചു നിൽക്കുന്ന മസിലുകൾ, വട്ടമെത്താത്ത പോലെ ഉടുത്തിരിക്കുന്ന ലുങ്കി മടക്കിക്കുത്തിയതിനടിയിൽ മുക്കാലും കാണുന്ന കീശയുള്ള നിക്കർ, രണ്ടു ബട്ടൺ പറ്റിയാലിട്ടു എന്ന മട്ടിൽ ധരിച്ചിരിക്കുന്ന ഷർട്ട്, തോളിലൊരു തോർത്ത്, എളിയിൽ തിരുകിയിരിക്കുന്ന പിച്ചള കെട്ടിയ ഹുക്ക്, ബ്രാൻഡ് സാധനമേ ധരിക്കൂ എന്ന മട്ടിൽ 70 % ഓഫറിൽ വാങ്ങിയ ബാറ്റയുടെ 399.95 ന്റെ ചെരിപ്പ്...  

മൊത്തത്തിൽ, കീരിക്കാടൻ ജോസും സ്ഫടികം ജോര്ജും അബുസലിമും ഭീമൻ രഘുവും ഒക്കെക്കൂടി സമ്മേളിച്ച പോലൊരു എക്സ്ട്രാ ടെറസ്ട്രിയൽ!

കുഞ്ഞിലേ മുതൽ സാധകം ചെയ്തെടുത്ത, പാറപ്പുറത്ത് ചിരട്ടയുരയ്ക്കുന്ന പോലുള്ള തന്റെ ശബ്ദത്തിൽ അങ്ങാടി മുഴങ്ങും വിധം ചെറൂത്തും വലുതുമായ തെറികളാൽ ആ ഏരിയ സമ്പുഷ്ടമാക്കാൻ വാറുണ്ണി മറക്കാറേയില്ല. ഇടയിൽ ചില്ലറ അഹമ്മതികളുമായി അങ്ങാടിയിൽ വന്നു കയറുന്ന വാറുണ്ണിയെപ്പറ്റി അറിയാത്ത ചിലരെങ്കിലും ചോരയൊലിപ്പിച്ചേ തിരികെ പോവാറുള്ളൂ. പലപ്പോഴും അടികിട്ടിയ മൂർഖൻ പാമ്പുകൾ സംഘം ചേർന്ന് ഒളിപ്പോരിലൂടെ തിരിച്ചടിച്ചിട്ടുണ്ടെങ്കിലും ഇടയ്‌ക്കൊരോന്നു കിട്ടുന്നത് ആണുങ്ങക്ക് ഒരാഭരണമാടപ്പാ എന്ന മട്ടിൽ കുത്തിക്കെട്ടോ ഒടിച്ചിലോ ഉണ്ടെങ്കിൽ പോലും വാറുണ്ണി ഒരൊറ്റ ദിവസവും മുടങ്ങാതെ അങ്ങാടിയിലെത്തും! അങ്ങാടിയുടെ കാവലാളും ശബ്ദവുമാണ് വാറുണ്ണി എന്നതുകൊണ്ട് അവിടെ നടക്കുന്ന ഒരുമാതിരി അക്രമങ്ങളൊക്കെ വാറുണ്ണിയിൽ തന്നെ ഒതുങ്ങി. ചുരുക്കത്തിൽ പത്തിൽ കുറയാത്ത എണ്ണം വീതം വാറുണ്ണി ഗുളികകൾ മിനുട്ടിനു മിനുട്ടിനു കേക്കാതെ അങ്ങാടിയുടെ മണൽത്തരികൾക്കു പോലും ഒരു ഉഷാറില്ലാത്ത അവസ്ഥ.

വെന്തിങ്ങ വാറുണ്ണി എന്ന പേര് കേട്ട് വെന്തിങ്ങ ധരിക്കുന്ന ആളായതോണ്ട് കിട്ടിയ പേരാണെന്ന് ധരിച്ചു കളയല്ലേ, സ്ഥിരം വെന്തിങ്ങ ധരിക്കുന്ന ആളായിരുന്നു വാറുണ്ണിടെ അമ്മ എന്നതുകൊണ്ടും അമ്മയോട് അത്യാദരവ് ഉണ്ടായിരുന്നതുകൊണ്ടും വെന്തിങ്ങ ധരിക്കുന്നവരെ വാറുണ്ണി തല്ലാറില്ല! അങ്ങിനെ കിട്ടിയ പേരാണ് വെന്തിങ്ങ വാറുണ്ണി. നിരയായി താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന പാരചൂട്ടിന്റെയും സുപ്പാരിയുടെയും ഷാമ്പൂവിന്റെയും സാഷേകൾക്കിടയിൽ ''വെന്തിങ്ങകൾ ഈ അങ്ങാടിയിൽ പ്രവേശിക്കുന്നവരുടെ ഐശ്വര്യം'' എന്ന ബോർഡും തൂക്കിയിട്ടു വെന്തിങ്ങ വിൽപ്പന നടത്തി സായൂജ്യമടയുന്നവയാണ് അങ്ങാടിയിലെ പെട്ടിക്കടകൾ. '''വെന്തിങ്ങ വാറുണ്ണി ഈ അങ്ങാടിയുടെ ഐശ്വര്യം' എന്നൊരു ബോർഡ് വാറുണ്ണീടെ പടം നല്ലതു കിട്ടാത്തതോണ്ട് വെച്ചിട്ടില്ല'' എന്ന വിശദീകരണം വരെ വാറുണ്ണി കേക്കാതെ മേൽപ്പറഞ്ഞ പീടിക മുതലാളിമാര് പറയും.

ചുരുക്കത്തിൽ അങ്ങാടീടെ മംഗലശേരി നീലകണ്ഠനും അതെ സമയം മുണ്ടക്കൽ ശേഖരനും ആയിരുന്നു മിസ്റ്റർ വാറുണ്ണി. സ്ഥലപ്പേരിനോപ്പം പ്രസിദ്ധരായ പല തരുണീമണികളുമായും വാറുണ്ണിക്കു അടുപ്പമുണ്ടായിരുന്നെങ്കിലും ഒരു ചെറ്റപൊക്കുകേസിലും വാറുണ്ണിയുടെ പേര് സജീവമാവാറില്ല. ''ആള് ലോക തെണ്ടിയാണെങ്കിലും അമ്പേ ചെറ്റയല്ല'' എന്നൊരു പ്രയോഗം അതോണ്ട് തന്നെ വന്നുചേർന്നു. സ്റ്റേഷനിലെ സ്ഥിരം കുറ്റവാളികളുടെ ഫോട്ടോകളിലെ വാറുണ്ണിച്ചിത്രത്തിനു തലയ്ക്കു ചുറ്റും ഒരു ഹാലോയും ഉണ്ടെന്നായിരുന്നു പോലീസുകാരുടെ ഭാഷ്യം. ഓൺലി അടിപിടി, കുത്ത്, വെട്ടു കേസുകൾ.. ബട്ട്  നോ കൂലിത്തല്ലു, നോ പീഢനംസ്, നോ ചീറ്റിങ്ങ്.... പോലീസുകാർക്ക് തറവാടി ക്രിമിനൽ ആരുന്നു, വി. വാറുണ്ണി!

അങ്ങിനെ ലോക്കൽ റൗഡിയായി വിരാജിച്ചിരുന്ന വാറുണ്ണി ഒരു ദിവസം അപ്രത്യക്ഷനായി! അങ്ങാടി മ്ലാനമായി. ശബ്ദം നഷ്ടപ്പെട്ട പാട്ടുകാരനായി, പെട്രോൾ കഴിഞ്ഞ ബുള്ളറ്റായി.. സ്ഥിരം കഞ്ഞിക്കുടിക്കുന്ന മറിയക്കുട്ടിചേടത്തിയാര്ടെ കടേലും വൈകീട്ട് നാലെണ്ണം ഷെയറിട്ടു കീറുന്ന സെവൻസീസിലും ആള് ഹാജർ വച്ചില്ല. വാറുണ്ണി ഭായി കിധർ ഗയാ? എന്ന് ആശങ്കിച്ച ബീഹാറി ഭായിമാരോട് "കിധറോ ഗയാ" എന്ന് പറഞ്ഞു കൈമലർത്താനേ അങ്ങാടിക്കാർക്കു സാധിച്ചുള്ളൂ. 

"വല്ലോനും വിഷം കൊടുത്തു കൊന്നോ?" ചിലർ സന്ദേഹിച്ചു.
"അതെന്താ തല്ലിക്കൊന്നൂടെ ?" എന്ന് അങ്ങാടിക്കാർ ചോദിച്ചില്ല. കാരണം, വാറുണ്ണിയെ ചതിച്ചു കൊല്ലാൻ മാത്രേ പറ്റൂ എന്നും അത് മദ്യത്തിൽ വിഷം ചേർത്തിട്ടാവുമെന്നും  അവർക്കറിയാമായിരുന്നു!!

ആരെങ്കിലും ഫിറ്റാക്കി കയറ്റിക്കൊണ്ടുപോയി വല്ല കൊക്കയിലോ റെയിൽപാളത്തിലോ വലിച്ചെറിഞ്ഞു കാണുമോ എന്ന സംശയം ഉണ്ടായതുകൊണ്ട് ഇരിപ്പുരയ്ക്കാതെ സ്റ്റേഷനിൽ അന്വേഷിച്ചു ചെന്നവർക്ക് വാറുണ്ണി അതിർത്തിവിട്ടു കളി തുടങ്ങിയോ എന്നൊരു സംശയം ഇല്ലായിരുന്നു. കാരണം ചേക്കിന്റെ സ്വന്തം മീശ മാധവനെപ്പോലെ ആയിരുന്നു അവർക്കു വെന്തിങ്ങ വാറുണ്ണി.

"ഒരു വിവരോം ഇല്ലല്ലോ. ഗെഡി പൂതിയായാ ?" എന്നൊരു മറുചോദ്യം ആണ് പൊലീസീന്നു  കിട്ടിയത്. 

അങ്ങിനെ ഒരാഴ്ച  കഴിഞ്ഞപ്പോൾ 'വെന്തിങ്ങാ വാങ്ങിച്ചിട്ട കാശ് പോയല്ലോ' എന്ന് കരുതി വിഷണ്ണനായി അതെടുത്ത് പുറകിലേക്ക് മാറ്റിയ പെട്ടിക്കട രാജേട്ടന്റെ മനസ്സിൽ കുളിർമഴ പെയ്യിച്ചുകൊണ്ട് വാറുണ്ണി അങ്ങാടിയിൽ പ്രത്യക്ഷപ്പെട്ടു! വാറുണ്ണിവചനങ്ങൾക്കു കാത്ത് അക്ഷമരായ അങ്ങാടിയുടെ കാതുകൾ ഉണർന്നു. പക്ഷെ, വാറുണ്ണി വേറെ ഏതോ ലോകത്തുനിന്നെന്ന പോലെ നടന്നു വന്നു, ലീവ് എഴുതിയ കത്ത് കൊടുത്തു, ഒപ്പിട്ടു, പണി തുടങ്ങി.

വാറുണ്ണി തന്നെയല്ലേ ഇത് എന്ന് ചോദിപ്പിക്കുന്ന വിധം നിശബ്ദം, നിർവ്വികാരം പണിയെടുക്കുന്ന വാറുണ്ണിയെ കണ്ട് അങ്ങാടി മൂക്കത്ത് വിരൽ വച്ചു. 

''എന്താടാ വാർണ്ണീ നിനക്ക് പറ്റിയേ?'' എന്ന് സൗമ്യമായും ''എന്തൂട്ടണ്ടാ, നീ താളവട്ടം സിനിമേലെ മൊട്ടേരെ പോലെ ഇരിക്കണേ?'' ന്ന് കലിപ്പ് അഭിനയിച്ചും ചോദിക്കാൻ പോയിട്ട് സൗമ്യമായി ചിരിച്ചു ''എനിക്ക് ഒരു കുഴപ്പോം ഇല്ലല്ലോ'' എന്ന് പറഞ്ഞു വിസ്മയം പകർന്ന് വാറുണ്ണി ചിരിച്ചു.

വേറൊരു കാര്യം കൂടി എല്ലാവരും ശ്രദ്ധിച്ചു. പണി കഴിഞ്ഞു വാറുണ്ണി സാധാരണ പോകുന്ന സെവൻസീസിൽ ആള് കയറുന്നില്ല! പകരം ബസു കയറി എങ്ങോട്ടോ പോകുന്നു.

വാറുണ്ണിക്കു എന്ത് പറ്റി? വാറുണ്ണി എവിടെയായിരുന്നു? വാറുണ്ണി എങ്ങോട്ടാണ് പോകുന്നത്? എന്നീ അന്വേഷണങ്ങൾ ഹൈ ലെവലിൽ നടക്കുന്നതിനിടയിൽ യുറേക്കാ എന്ന് വിളിച്ചുകൊണ്ട് ഓടിവന്ന ആർക്കിമിഡീസ്, അല്ല അരക്ക് ഡെന്നീസ്‌ പ്രത്യക്ഷപ്പെട്ടു!..


"ഡാ.. വനേ, വാറുണ്ണി പെന്ക്കോസായി"  കിതപ്പിനിടയിൽ ടെന്നീസ് പറഞ്ഞു.
"ഏയ്.. വേണ്ടാത്തത് പറയരുത്. പെണ്ണുകേസിലൊന്നും അവനങ്ങനെ ചാടാറില്ലല്ലോ"
"ഹ.. പെണ്ണുകേസല്ല, പെന്തകോസ്ത്"
"ആ. അങ്ങനെ.. ങേ!!!" 
"ങേ" എന്ന ഞെട്ടലുകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അതും സുരേഷ്‌ഗോപി റിപ്പീറ്റ് ആക്ഷനിൽ ഞെട്ടുന്ന പോലുള്ളത്.

"വാറുണ്ണിയോ.. ഏയ്."
"ഒന്ന് പോടാപ്പാ"
"'അമ്മ തന്നെ സത്യം. ഞാൻ കണ്ടതാ. കോട്ടേടെ മുന്നിൽ മൈക്ക് വച്ച് പ്രസംഗിക്കുന്ന ടീമോള്ടെ കൂടെ വാറുണ്ണി!"

അമ്മേപ്പിടിച്ചു സത്യം ചെയ്താ വിശ്വസിച്ചോളണം. സത്യമാവും. അതാണ് അങ്ങാടിയുടെ ഒരു ഇത്.

അടുത്ത ദിവസങ്ങളിൽ വാറുണ്ണിയോട് ഈ വിവരങ്ങൾ ആരും ചോദിച്ചില്ലെങ്കിലും. എല്ലാവരും വാറുണ്ണിയെ വീക്ഷിച്ചു. സംഭവം സത്യമാണെന്നു എല്ലാവര്ക്കും തോന്നി തുടങ്ങി.സംഭാഷണങ്ങളിൽ ബൈബിൾ വചനങ്ങൾ കയറി വരുന്നത് കണ്ടപ്പോൾ എല്ലാവര്ക്കും കാര്യം മനസിലായി തുടങ്ങി. പണി കഴിഞ്ഞാലും അങ്ങാടി വിട്ടു പോവാത്ത നാലെണ്ണം കേറിയാൽ അങ്ങാടീല്ക്കു തന്നെ തിരിച്ചു വരുന്ന വാറുണ്ണി, പണി കഴിഞ്ഞാൽ ഉടനെ സ്ഥലം വിട്ടു തുടങ്ങി. പല നിഷേധികളും അങ്ങാടിയിൽ ക്രമേണ അങ്ങാടിയിൽ വിലസാൻ തുടങ്ങി. വെന്തിങ്ങ കച്ചോടം നിലച്ചു പോയി. തെറി ക്രൂരമായി ആക്രമിക്കുമ്പോൾ വോള്യം അറ്റം വരെ കൂട്ടി വയ്ക്കാറുള്ള റേഡിയോകൾ ലോ നോയ്‌സ് കിടുത്താപ്പുകളായി. ചുരുക്കത്തിൽ അങ്ങാടി ഗുമ്മു നഷ്ടപ്പെട്ട് പശുവിനെ കെട്ടാത്ത തൊഴുത്ത് പോലെ ആയി.

അങ്ങിനെയിരിക്കെ, ഒരു ദിവസം ഉച്ചതിരിഞ്ഞ നേരത്ത് ഒരു പഴയ മാരുതി ഓമ്നി അങ്ങാടിയിൽ വന്നു.അതീന്നു ഫുൾ സ്ലീവ് വെള്ള ഷർട്ടിന്റെ കഴുത്ത് വരെ ബട്ടനിട്ട മൂന്നാലു പേര് ഇറങ്ങി. "ഇത്?" എന്ന് സംശയിച്ചവർക്കു മറുപടിയുമായി ഒരു കയ്യിൽ നോട്ടീസുമായി വാറുണ്ണി എന്ന ബ്രദർ വർഗീസ് അവസാനം പുറത്തിറങ്ങി! വെള്ള ഫുൾസ്ലീവ് ഷർട്ട്, വെള്ള മുണ്ട്.. സൈമന്റെ ഇറച്ചിക്കടേല് പോത്തെന്നു പറഞ്ഞിട്ട് കാളയ്ക്കു പകരം പോത്തിനെ തന്നെ വെട്ടുന്നത് കണ്ട പോലെ അങ്ങാടി ഞെട്ടിക്കിടുങ്ങി!

വായ പൊളിച്ചു നിന്ന പ്രേക്ഷകർക്ക് കാര്യങ്ങളുടെ കിടപ്പു പിടി കിട്ടി. വാറുണ്ണി ഒരു മുഴുവൻ സമയ വചന പ്രഘോഷകൻ ആയിരിക്കുന്നു അഥവാ ബ്രദർ വർഗീസ് ആയിരിക്കുന്നു!

ഒന്നാം വൈറ്റ് വസ്ത്രധാരി സ്വർഗ്ഗരാജ്യം ദിപ്പോ വരുന്ന കാര്യം കുറെ നേരം പറഞ്ഞു. അവസാനം പറഞ്ഞു നിങ്ങളുടെ കണ്ണിലുണ്ണിയായ ബ്രോതർ വർഗീസ് ആദ്യമായി നിങ്ങളുടെ മുന്നിൽനിന്നു വചനം പ്രഘോഷിച്ചു തുടങ്ങുകയാണ്. 

പതിവിനു വിപരീതമായി രണ്ടു അവഞ്ചേഴ്സ്  അപ്പുറോം ഇപ്പുറോം നിന്നിട്ടാണ് വാറുണ്ണി പ്രസംഗം തുടങ്ങീത്. 
"അതെന്തിനാ ആ വെള്ളാപ്പിശാചുക്കള് സൈഡില്?" എന്ന് സന്ദേഹിച്ച ആൾക്കാരോട്. 
" അതേയ് ആവേശം മൂക്കുമ്പോ, സ്ഥലകാലം മറന്നു തെറി വല്ലോം പറഞ്ഞാലോ എന്ന് കരുതി നിർത്തിയിരിക്കണതാ. അങ്ങനെ സംസാരം തിരിയുന്നതായി തോന്ന്യാ അപ്പൊ അവർ ഷർട്ടിൽ ചെറുതായി വലിക്കും. അപ്പൊ ബ്രദറിന് കണ്ട്രോൾ ചെയ്യാൻ പറ്റും "  വിശദീകരണം കിട്ടി.
"അത് വെണ്ടാർന്നു. ഞങ്ങക്ക് അത് കേക്കാണ്ട് എന്തോ പോലെ ആയിരിക്ക്യാ." ഒരു വാറുണ്ണി ഫാൻ പറഞ്ഞു.
"എന്നാലും അത് ശരിയല്ലല്ലോ സഹോദരാ, ബ്രദർ രക്ഷിക്കപ്പെട്ടില്ലേ, ഇനി അതൊന്നും ഉണ്ടാവില്ല. ആട്ടെ, സഹോദരന് രക്ഷ പ്രാപിക്കണമെന്നുണ്ടോ?" ദി വെള്ള മനുഷ്യൻ വീണ്ടും മൊഴിഞ്ഞു. മറുപടി പറയാതെ നിന്ന വാറുണ്ണി ഫാൻ. ആരാലോ ആ സ്ഥലത്തുനിന്നു രക്ഷിക്കപ്പെട്ടു!

യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചു.മലയിലെ പ്രസംഗം നടത്തി, ഇടയിൽ 'എന്റെ ഭവനം കവർച്ചക്കാരുടെ ആലയമാക്കി' എന്ന് പറഞ്ഞു കർത്താവ് ചാട്ടവാറെടുത്തു  തുടങ്ങിയ ചില സീനുകൾ വിവരിച്ചപ്പോൾ ഷർട്ടുവലിക്കാർക്കു പലവട്ടം ഇടപെടേണ്ടി വന്നെങ്കിലും കാര്യങ്ങൾ സ്മൂത്തായി മുന്നോട്ടു പോയി. ഷർട്ട് വലി പലപ്പോഴും തന്നെ കണ്ട്രോൾ ചെയ്യുന്നുണ്ടല്ലോ എന്ന് വാറുണ്ണിയും സമാധാനിച്ചെന്നു തോന്നുന്നു. കർത്താവിനെ കുരിശിൽ തറച്ചു കൊന്നതോടെ ഷർട്ടുവലിക്കാർ കോറസ് ആയി നെടുവീർപ്പുകൾ പാസാക്കി. 'ഇനി പ്രശ്നമില്ല'. നോട്ടീസ് വിതരണം ഈ ഗാപ്പിൽ കമ്പ്ലീറ്റ് ചെയ്യാമെന്ന കരുതലിൽ അവർ കടകളിലേക്ക് നീങ്ങി. 

"സഹോദരാ, ഇനി കുഴപ്പം ഉണ്ടാവില്ല. ല്ലേ..? പ്രമാണി ഓഫ് ദി ടീം ചോദിച്ചു. നെവർ എന്ന അർത്ഥത്തിൽ ഷർട്ടുവലിക്കാരൻ നമ്പർ രണ്ട് ചുമലുകൾ താടിയെല്ലിൽ മുട്ടിക്കാൻ ശ്രമിച്ചു.

"ദുഷ്ടരായ യഹൂദർ കുരിശിൽ തറച്ചു കൊന്ന കർത്താവിന്റെ ശരീരം ഒരു ഗുഹയിൽ സംസ്കരിച്ചു....പക്ഷെ..," വാറുണ്ണി ഒന്ന് നിർത്തി. സഹ അവഞ്ചേഴ്സ് വാറുണ്ണിയെ നോക്കി. 'ഏയ്.. പ്രശ്നമൊന്നും ഉണ്ടാവാനുള്ള കാര്യങ്ങൾ ഇനി ഇല്ലല്ലോ എന്ന് ആശ്വസിച്ചു ഉറപ്പിച്ചു.

 "പക്ഷെ, " വാറുണ്ണി തുടർന്നു..
സർവ്വ ജൂത പു. മക്കളെയും നൈസായി മൂഞ്ചിച്ചുകൊണ്ട്.. മ്മടെ ഡാവ്, കർത്താവ് മൂന്നാം ദിവസം പുല്ലു പോലെ അങ്ങട് ഉയർത്തെണീറ്റു.! "

മുഖത്ത് വെള്ളം തെളിച്ചു ബോധവൽക്കരിക്കപ്പെട്ട കുഞ്ഞാട്‌ ഒരെണ്ണം ദിങ്ങനെ ആത്മഗതിച്ചു.

"ഇതിലും ഭേദം പഴയ വാറൂണ്ണി തന്നയാർന്നോ ?!"








No comments: