സ്കൂളില്‍ ചേര്‍ന്ന സമയം തൊട്ടു തുടങ്ങിയതാ എന്റെ പേരിന്റെ വിളയാട്ടം. ഏതു രെജിസ്ടറിലും ഒന്നാമത്തെ പേര്, വ്യത്യസ്തമായ പേരുണ്ടാക്കിയ കൌതുകം എല്ലാം ചേര്‍ന്ന് ഒരു അന്യഗ്രഹ ജീവിയെ കാണും പോലെയാണ് പുതിയ കൂട്ടുകാരും എന്തിനു ടീച്ചര്മാര് വരെ എന്നെ കണ്ടത്. ഏതു മുടിഞ്ഞ നേരത്താണാവോ എനിക്ക് ഇങ്ങിനെ ഒരു പേരിട്ടത് എന്ന ചോദ്യം എന്നില്‍നിന്നും ഉയരുന്നത് ഒഴിവാക്കാന്‍ പണ്ടത്തെ ദീപിക പത്രത്തില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ ഇടയ്ക്കിടയ്ക്ക് സര്‍വ്വത്ര പേര്‍ക്കും അപ്പന് കാണിച്ചു പോന്നു. അപ്പാപ്പന്റെതായ 'പോള്‍ ' എന്ന പേരിടേണ്ട എനിക്ക് അതിന്റെ ഭാരതീയ നാമം ആയ അനിമേഷ് എന്ന ( ഭീകര!?) പേര് ഇട്ടതിന്റെ വിശദീകരണമാണ് ആ പേപ്പര്‍ കട്ടിങ്ങിലെ പ്രതിപാദ്യം. അങ്ങിനെ സര്‍ക്കാര്‍ ഇറക്കുന്ന ധവളപത്രം പോലെ, ആ പേപ്പര്‍ കട്ടിംഗ് കാണിച്ചു അപ്പന് മുഖം രക്ഷിച്ചു പോന്നു! അനിമാഷ്, ആനിമാഷ്, അനിമല്‍സ്, ആനിവേഴ്സറി തുടങ്ങിയ നാനാര്‍ത്ഥങ്ങളാല്‍ ഞാന്‍ സ്കൂളില്‍ അറിയപ്പെട്ടു. പേര് സൃഷ്ട്ടിച്ച പ്രത്യേക പരിവേഷം ആദ്യം എന്നെ വേര്‍തിരിച്ചു നിറുത്തുവാന്‍ കൂട്ടുകാര്‍ക്ക് കാരണമായെങ്കിലും പതിയെ ഇവന് ഒന്നാംതരം തറ ആണെന്ന് മനസ്സിലാക്കി അവര്‍ എന്നെയും കൂട്ടത്തില്‍ കൂട്ടിപ്പോന്നു !
കോളേജില്‍ എത്തിയപ്പോ പേര് എനിക്ക് മറ്റൊരു പരിവേഷം തന്നു. ഞാനേതോ അന്യസംസ്ഥാനത് നിന്ന് കുടിയേറിയ മൊതലാണെന്നായിരുന്നു ചിലരുടെയെങ്കിലും വിചാരം. അനിമേഷ് സേവിയര്‍ എന്ന് മുഴുവനായും പറഞ്ഞാല്‍ വിശേഷായി. ഇങ്ങിനെയൊക്കെയായാലും നാട്ടിലുള്ള സുഹൃത്തുക്കള്‍ അപ്പോളും ഇപ്പോളും അനുമേഷ്, അല്മേഷ് എന്നൊക്കെ സ്നേഹപൂര്‍വ്വം വിളിക്കുകയും ഞാനത് ആസ്വദിക്കുകയും ചെയ്തുപോന്നു.
പരസ്യകല ഒരു ജീവിതോപാധിയായി സ്വീകരിച്ച് ഗ്രാഫിക് ഡിസൈനിംഗ് കോഴ്സ് ഒക്കെ കഴിഞ്ഞപ്പോളാണ് അപ്പന്റെ ദീര്‍ഘ വീക്ഷണം ചിലരൊക്കെ തിരിച്ചറിഞ്ഞത്! (പേര് അനിമേഷ്.. ജോലി അനിമേഷന്‍ .. ആഹ) പിന്നെപ്പിന്നെ ഏതെങ്കിലും പ്രസന്റേഷന് പോകുമ്പോഴോ ആരെയെങ്കിലും പരിചയപ്പെടുമ്പോഴോ "അയാം അനിമേഷ്" - "ഓഹോ.. യുവര്‍ ഗുഡ് നെയിം?" - "ഇറ്റ് ഈസ് മൈ നെയിം, സര്" - "റിയലി? ഇറ്റ് ഈസ് വണ്ടര്ഫുള്" എന്നത് പതിവായി.
പറഞ്ഞത് മുന്കാലമാണ്.. ആമുഖം മാത്രം. യഥാര്‍ത്ഥ സംഭവം നടന്നത് കുറച്ചു നാള് മുന്‍പ്.
ചെറുപ്പം മുതല്‍ എന്റെ ഗെഡിയും നല്ല ഒന്നാംതരം തല്ലുകൊള്ളിയുമായ പ്രദീപ് ആണ് ഈ സംഭവത്തിലെ ഹീറോ.(അതോ വില്ലനോ). ആറാം തരത്തിലെത്തിയപ്പോഴേയ്ക്കും എല്ലാം പഠിച്ചു കഴിഞ്ഞതുകൊണ്ട് പഠിപ്പുനിറുത്തി.സുകുമാരേട്ടന്റെ കൊപ്രചേകില്‍ കൊപ്രകുത്ത്, അടക്കപൊളി, തെങ്ങപൊതിക്കല്‍, കുരുമുളകുനുള്ളല്‍, മാങ്ങാക്കാലമായാല്‍ മാങ്ങ പൊട്ടിക്കല്‍, മഴക്കാലത്ത് മീന്‍പിടുത്തം തുടങ്ങിയ പകല്‍സമയ കര്‍ത്തവ്യങ്ങളും സന്ധ്യയാല്‍ ബിവറേജസില്‍ ക്യൂ, രാത്രിയില്‍ അഖണ്ട തെറിജപം എന്നിവയുമായി ബിസി ആയ ആളാണെങ്കിലും സ്നേഹം വഴിഞ്ഞൊഴുകുന്ന ഹൃദയമുള്ളവന്. എപ്പോള്‍ കണ്ടാലും, "അന്മേഷേ, നിന്നെ ഇപ്പൊ കാണാന്ല്യല്ലോ .. മ്മക്കൊന്നു കൂടണം ട്ടാ" എന്ന് പറയാതെ അരങ്ങോഴിയാത്തവന്‍..
സുകുമാരേട്ടന്റെ ചേക്, ഇന്റര്‍നാഷണല്‍ നിലവാരം കാത്തു സൂക്ഷിക്കുന്ന ഒന്നായതിനാല്‍ മഴ പെയ്തു ചോര്‍ന്നോലിക്കുകയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുകയും അതോടെ പണിയും കാശും ഇല്ലാതാവുകയും ചെയ്ത് പ്രദീപിന് മൊത്തത്തില്‍ പ്രന്തായ ഒരു ദിവസമായിരുന്നു അത്. ബസ് സ്റ്റോപ്പിനടുത്ത കലുങ്കില്‍ പോക്കുവെയില്‍ കായാനിരുന്ന പ്രദീപ്, എം എസ് ധോനിയുടെ പഴയ സ്റ്റൈലില്‍ മുടി നീട്ടി വളര്‍ത്തി, കാതില്‍ കടുക്കനും, മീശയില്ലാത്ത സ്പെഷ്യല്‍ താടിയും വച്ച്, ഇപ്പോള്‍ ഊരിപ്പോകും എന്ന പോലത്തെ ജീന്‍സും ഫിറ്റ് ചെയ്ത് സ്റ്റോപ്പില്‍ നിന്നിരുന്ന പയ്യനെ ഒന്ന് ശ്രദ്ധിച്ചു..
'ഡാ ചുള്ളാ, നീ മ്മടെ ശാരദേടത്തീടെ വീട് വാങ്ങിച്ച ദിനെശേട്ടന്റെ മോനാ ല്ലേ? "
"അതെ" ധോണി മൊഴിഞ്ഞു.
"എന്തൂട്ടാണ്ട നിന്റെ പേര്?"
"അനുരൂപ്"
"ഞാനും നിന്റെ അച്ഛനും മുന്‍പ് പരിചയക്കാരാ..ആളിപ്ലും ദുബയിലന്ന്യാ? ദിനേശേട്ടന്നു എത്ര മക്കളാ?"
ചോദ്യശരങ്ങള്‍ അസ്വസ്ഥനാക്കിയെങ്കിലും ചോദ്യങ്ങളിലെ ആത്മാര്‍ഥത തിരിച്ചറിഞ്ഞു മറുപടികള്‍ വന്നുകൊണ്ടിരുന്നു.
അശ്വമേധം അടുത്ത റൗണ്ടിലെയ്ക്ക് പ്രവേശിച്ചപ്പോള്‍ ആ ചോദ്യം വന്നു..
"നീ എന്തൂട്ടാണ്ടാ ചെയ്യണേ? പഠിക്ക്യാ ?"
"ഞാന്‍ അനിമേഷന്‍ പഠിക്ക്യ ചേട്ടാ.."
പ്രദീപിന്റെ നെറ്റി ചുളിഞ്ഞു..ചുണ്ടില്‍ തമാശ കേട്ടപോലത്തെ ചിരി വിരിഞ്ഞു..
"എന്തൂട്ടാന്ന്?"
"അനിമേഷന്‍ പഠിക്ക്യാന്നു"
അനിമേഷനും അനിമെഷും തമ്മിലുള്ള വ്യത്യാസം മ്മടെ ഗെടിക്ക് പിടികിട്ടിയില്ല
ചിരി മാഞ്ഞു.. പ്രദീപ് കലുന്കില്‍നിന്നും എണീറ്റു, മീശ മുകളിലോട്ടോന്നു പിരിച്ചു..
"നീയെന്തണ്ടാ ആള്‍ക്കാരെ ഒരുമാതിരി ആക്കണ വര്‍ത്താനം പറയണേ?"
"അല്ല ചേട്ടാ.. ഞാന്‍ ശരിക്കും അനിമേഷന്‍ തന്നെയാ പഠിക്കണേ"
"നേത്തോലിചെക്കാ.. നീയാര്ടെ അടുത്ത്ണ്ടാ കളിക്കണേ? മമ്മൂട്ടിക്ക് പഠിക്ക്യ..മോഹന്‍ലാലിനു പഠിക്ക്യാന്നൊക്കെ സിനിമേല് പറയണത് മ്മളും കേട്ടന്റ്രാ ..അനിമെഷിനെ നീയറിയോടാ.. അവ്നു പഠിക്ക്യാന്മാത്രം എന്തൂട്ടാടാ അവനു കൂടുതല്‍? -- ചെക്കന്റെ മാന്തള് പോലത്തെ ജീന്‍സും ഊശാന്താടീം കണ്ടപ്പോ തന്നെ ഭൂലോക കൊത്തിയാന്നു തോന്നീതാ.. ചള്ള് ചെക്കന് മ്മടെ പാടത്തെയ്ക്ക് തേവാന്‍ വന്നെക്കാണ്..."
തുടര്‍ച്ചയായി രാത്രിയിലെ തെറിമാല പകലും ഒഴുകി.
കേള്‍ക്കാന്‍ കെല്‍പ്പില്ലാതെ ചെറുക്കന് വീട്ടീപ്പോയി.
വൈകീട്ട് അനുരൂപിന്റെ മാമനും അയാള്ടെ കൂട്ടുകാരനും വന്നു പ്രദീപിനെ എടുത്തിട്ട് ചളുക്കിയതും അവര്‍ ആര് എസ് എസ് കാരും പ്രദീപ് മാര്‍ക്കിസ്റ്റുകാരനും ആയതിനാല്‍ സംഘട്ടനം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതും പോലീസ് ഇടപെട്ടതും പിന്നെ നടന്ന കാര്യങ്ങള്‍.
കഴിഞ്ഞ ദിവസം ടൗണില്‍ വച്ച് കണ്ടപ്പോള്‍ ഇത്തിരി ചമ്മലോടെ, ഞാന്‍ കാരണം ഇതൊക്കെ സംഭവിച്ചല്ലോ എന്ന വിഷമം മറികടക്കാന്‍ ഞാന്‍ ചോദിച്ചു..
"പ്രദീപേ, മ്മക്ക് രണ്ടെണ്ണം വിട്ടാലോ?"
"വേണ്ട്രോ .. നിന്റെ പേര് പറഞ്ഞു കിട്ടിയതിന്റെ ചൂട് മാറീട്ടില്ല.. ഇനി നിന്റെ കൂടെ നടന്നിട്ടും കിട്ടണോ? മതിയായിട്ടില്ലാല്ലേ?"
പേരോണ്ടുണ്ടാവുന്ന പുലിവാല് ഇപ്പളും തീര്‍ന്നിട്ടില്ലല്ലോ എന്ന് ചിന്തിച്ചു, "അപ്പാ..." ന്നു ഒരു ആത്മഗതവിളി നടത്തി.. ഞാന്‍ പതിയെ സ്കൂട്ടായി.
16 comments:
:)):)):))
ദൈവമേ .....ചിരിച്ചു ചിരിച്ചു.......ഇങ്ങനെയൊക്കെ ഈ പേര് പുലിവാലുണ്ടാക്കി വെച്ചോ..?
ബെസ്റ്റ്,..!!
ഇനി അടുത്തത് ആര്‍ക്കാണാവോ നറുക്ക്..??:)
Valappilayil Animation workum cheyyunnudalle Ennu zjan join cheydha samayath abadhathil chodhichadhu ormayundo?
Zubaire,
I forgot that one!
Anyway, thank you for the comment.
Sneha, thank you.
sathan... thakarthutta...
Raghu, Thanksndraa..
RAKSHASA. ENIYUM ETHRA ENNAMUNDU
INGINE? AADHYAM KANDAPPOL ENIKKU THONNIYATHUM ITHU THANNE. PERU ANIMESH, JOLI ""ANIMESHAN""
Thanks Jayaram
ഹ..ഹ...ഞാന്‍ കരുതിയത് അനിമേഷന്‍ ജോലി ആയത് കൊണ്ട് പ്രൊഫൈല്‍ പേര് അനിമേഷ് എന്നാക്കി എന്നാണ്. അപ്പൊ ഇതോരിജിനലാ അല്ലെ!!!!!രസികന്‍ ...........സസ്നേഹം
thanks ..
thanks a lot yaathrikan.
-പേര് അനിമേഷ് ജോലി അനിമേഷന്‍ .. ആഹ-
കമലഹസ്സന്റെ മൈകിള്‍ മദന കാമരാജന്‍ സിനിമയില്‍ ഉര്‍വശി പറയുന്ന ഒരു ദയാലോഗ് ഉണ്ട്..... *"നീന്ഗലും കുക്ക് ഗ്രാമവും കുക്ക്...."*.....:))))
ഇയാളുടെ മോഷന്‍ മാറ്റണം ,,,ആളെ തമ്മില്‍ അടിപിക്കാന്‍ ഒരു പേരും കൊണ്ട് വരും
Thanks,
Chekkans, Ravan....
nanum karuthiyath ith pen name ennaanu aadhyam :))
അല്ല ചങ്ങാതീ.
ഒറിജിനല്‍ പേര് തന്നെ!
ഹ.ഹ..ഹി..നന്നായി ചിരിചൂ..നന്നായി അനിമേഷ് ചേട്ടാ...താങ്കളുടെ വിചിത്രമായ പേരുകൊണ്ട് ഇത്രയും പ്രശ്നമുണ്ടായോ??
Post a Comment